കുലവും ജാതിയും എന്നെ ഉയരാന്‍ അനുവദിക്കുന്നില്ല. ഞാനിങ്ങനെ ജനിച്ചത് എന്റെ കുഴപ്പമല്ലേ?

ആകാശത്തേക്ക് ഉയര്‍ന്നുയര്‍ന്നു പോകുന്ന പല വര്‍ണ്ണങ്ങളിലുള്ള ബലൂണുകള്‍. അച്ഛന്റെ കൈയ്യില്‍ പിടിച്ച് കുഞ്ഞ് അതില്‍ ഉറ്റു നോക്കി നിന്നു.

ചുമന്ന ബലൂണുകളാണധികവും. മഞ്ഞബലൂണുമുണ്ട്. കുഞ്ഞിന് ഇഷ്ടം നീലനിറമുള്ള ബലൂണാണ്. ആ പറന്നു പോകുന്ന ബലൂണുകളിലൊന്നും നീലനിറമുള്ള ബലൂണ്‍ കാണാത്തതില്‍ അവന് വിഷമമായി. അവന്‍ അച്ഛനോട് തിരക്കി, “അച്ഛാ, നീല ബലൂണും ഇതു പോലെ പറന്ന് പറന്ന് പോകില്ലേ.”

കുട്ടിയുടെ വിഷമം മനസ്സിലാക്കിയ അച്ഛന്‍ അവനെ പൊക്കി എടുത്തു കൊണ്ടു പറഞ്ഞു, “മക്കളേ, നിറമല്ല ബലൂണിനെ പറപ്പിക്കുന്നത്, അതിനുള്ളിലുള്ള പ്രത്യേകതരം വായുവാണ്.” (ഹീലിയം).

നമ്മുടെ നിറമോ, ജാതിയോ,കുലമോ, ധനമോ ഒന്നുമല്ല നമ്മെ ഉയരങ്ങളിലേക്ക് നയിക്കുന്നത്. നമ്മുടെ ഉള്ളിലുള്ള ഉത്സാഹം, ആത്മാര്‍ത്ഥത, കഠിനപരിശ്രമം എന്നിവയാണ്. പരിശ്രമം മൂലം ഒരുവന്‍ ഈശ്വരാനുഗ്രഹത്തിന് പാത്രമാകുന്നു. ഈശ്വരാനുഗ്രഹം നേടിയാല്‍ ആര്‍ക്ക് നമ്മെ പിന്നിലാക്കാന്‍ സാധിക്കും?

നമ്മുടെ സ്വാധീനവും ധനവും ഉപയോഗിച്ച് നാം എത്ര ഉയര്‍ന്നാലും ഏറെ നാള്‍ പിടിച്ച് നില്ക്കാവില്ല. കുറച്ചു കഴിഞ്ഞ് താഴെ വീഴും. പക്ഷേ ഈ ഗുണങ്ങള്‍ നമ്മില്‍ പരിപോഷിപ്പിച്ചാല്‍ ഹീലിയം നിറച്ച ബലൂണ്‍ പോലെ നാം ഉയര്‍ന്നുകൊണ്ടേയിരിക്കും. മഹത്തുക്കളുടെ ജീവചരിത്രം തന്നെ അതിനുള്ള തെളിവ്.

കടപ്പാട്: നാം മുന്നോട്ട്