ഇപ്പോഴത്തെ വേഷവിധാനങ്ങള്‍ കാണുമ്പോള്‍ അറപ്പും വെറുപ്പും ഉണ്ടാകുന്നു.

നായ കുരയ്ക്കുമ്പോള്‍, കാക്ക കരയുമ്പോള്‍ നാം നിരാശരാകാറില്ല. പക വെച്ച് നടക്കാറുമില്ല. പകരം അതിനുള്ള പ്രതിവിധി ബുദ്ധി പൂര്‍വ്വം ചെയ്യും കാരണം അതെല്ലാം അതാതു ജന്തുക്കളുടെ സ്വഭാവമാണെന്ന് നമുക്കറിയാം. പട്ടിയാണേല്‍ കുരയ്ക്കും, കൊതുക് കുത്തും കാക്ക കരയും അങ്ങനെയൊക്കെ ചെയ്തില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.

ചിലരുടെ വേഷം, ഹെയര്‍ സ്റ്റൈല്‍, നോട്ടം, നടത്തം, സംസ്കാരം ഇതെല്ലാം നമ്മെ പലപ്പോഴും അസ്വസ്ഥരാക്കുന്നു, അരിശം കൊള്ളിക്കുന്നു. കാരണം അവരൊക്കെ ഇന്നവിധം പെരുമാറണമെന്ന നമ്മുടെ സങ്കല്പം തകര്‍ന്നതുകൊണ്ടാണ്. ഇവിടെയാണ് നമ്മുക്ക് തെറ്റു പറ്റിയത്.

ഓരോരുത്തരും അവരുടെ പ്രകൃതത്തിനനുസരിച്ച് പെരുമാറുന്നു. പക്ഷേ നാം നമ്മുടെ പ്രകൃതത്തിനനുസരിച്ച് പെരുമാറണം. നമ്മുടെ പ്രകൃതം ഇവയെയെല്ലാം നിസംഗതയോടെ നോക്കി കാണുന്നു എന്നതായിരിക്കട്ടെ. തെറ്റ് കണ്ടാല്‍ തിരുത്താം, ശാസിക്കാം. പക്ഷേ നാം അതില്‍ വികാരഭരിതനാകാന്‍ പാടില്ല. അതുകൊണ്ട് യാതൊരു ഗുണവും ഇല്ല. ദോഷമുണ്ടുതാനും.

നാം പറയുന്നതുപോലെ മറ്റുള്ളവര്‍ ജീവിക്കണമെന്ന് ശഠിക്കാന്‍ നമുക്കെന്തധികാരം? നമ്മുടെ ജീവിതം അങ്ങനെയല്ലല്ലോ രൂപപ്പെട്ടത്. അതിനാല്‍ ഓരോരുത്തരും അവരുടെ സ്വഭാവത്തിനനുസരിച്ചാണ് പെരുമാറുന്നത് എന്ന് മനസ്സിലാക്കി ശാന്തമായി അവരോട് പ്രതികരിക്കുക. അവരെ തിരുത്തണമെങ്കില്‍ കൂടിയും, അതാണ് നല്ലത്.

കടപ്പാട്: നാം മുന്നോട്ട്