അമൃതാനന്ദമയി അമ്മ
മക്കളേ,
നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് മനസ്സ്. ഒരടുക്കും ചിട്ടയുമില്ലാത്ത, ചിന്തകളുടെ നിരന്തര പ്രവാഹമാണ് മനസ്സ്. ചാഞ്ചല്യമാണ് അതിന്റെ സ്വഭാവം. ഒരു നിമിഷം നല്ല ചിന്തയായിരിക്കും. അടുത്ത നിമിഷം ചീത്ത ചിന്തകള്‍ കടന്നുവരും. ഞൊടിയിടകൊണ്ട് മനസ്സ് മനുഷ്യനെ സ്‌നേഹത്തില്‍ നിന്നും വിദ്വേഷത്തിലേക്കും, സൗഹൃദത്തില്‍ നിന്നും ശത്രുതയിലേക്കും നയിക്കും. ഇന്നു സുഹൃത്തായിരിക്കുന്ന വ്യക്തി നാളെ ശത്രുവായി മാറാം. അതുപോലെ ഇന്ന് നമ്മെ ഏറ്റവും കൂടുതല്‍ വെറുക്കുന്ന വ്യക്തി നാളെ നമ്മുടെ ഉറ്റസുഹൃത്തായെന്നും വരാം. ഒരു സ്ഥിരതയുമില്ലാത്ത ഈ മനസ്സാണ് നമ്മളെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും. മനസ്സിന്റെ ഈ പ്രകൃതം അറിയണം. അതിനെ വിവേകപൂര്‍വം നിയന്ത്രിക്കാന്‍ പഠിക്കണം. അല്ലെങ്കില്‍ നമ്മള്‍ വെറും വികാരജീവികളായി മാറും. ഫലമോ? പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ കഴിയാതെയാകും. സന്തോഷവും സമാധാനവും നഷ്ടപ്പെട്ട്, ദുഃഖത്തിനും വിഷാദരോഗത്തിനും അടിമകളായി മാറും. ഈ വിധത്തില്‍ ജീവിക്കാനുള്ള മോഹം തന്നെ നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യുന്ന എത്രയോ പേരെ നമ്മള്‍ കാന്നുന്നു.
ഈ അടുത്ത കാലത്ത് ഒരു മോന്‍ അമ്മയോടു പറഞ്ഞു: ”ഞാന്‍ ഗള്‍ഫിലുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ വര്‍ഷങ്ങള്‍ ജോലി ചെയ്തു. സമ്പാദിച്ച പണമെല്ലാം വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തു. അച്ഛന്‍ വരുത്തിവെച്ച കടമെല്ലാം വീട്ടി. പെങ്ങന്മാരെയെല്ലാം കെട്ടിച്ചയച്ചു. അമ്മയ്ക്കും സഹോദരന്മാര്‍ക്കും താമസിക്കാന്‍ നല്ലൊരു വീടു വെച്ച് കൊടുത്തു. ഞാന്‍ നാട്ടില്‍ തിരിച്ചു വന്നപ്പോള്‍, എനിക്കും എന്റെ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും ഒന്നുമില്ലാതെയായി. ഞങ്ങളെ ആര്‍ക്കും വേണ്ട. താമസിക്കാന്‍ സ്വന്തം വീടില്ല. ഒരു വീടു വെക്കാമെന്നു കരുതി വീതം ചോദിച്ചപ്പോള്‍ അതിനാര്‍ക്കും സമ്മതമില്ല. കഷ്ടപ്പെട്ട്, ചോര നീരാക്കി എല്ലാവര്‍ക്കും വേണ്ടത് ഞാന്‍ ചെയ്തുകൊടുത്തു. ഇപ്പോള്‍ എന്നെ സഹായിക്കാന്‍, സ്വന്തമെന്നു കരുതിയ എന്റെ ബന്ധുക്കളോ സഹോദരങ്ങളോ ആരുമില്ല. ഞാന്‍ ഗള്‍ഫില്‍ ഇരുപത് വര്‍ഷം ജോലി ചെയ്തു. പക്ഷെ, ഇപ്പോള്‍ സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. സമ്പാദിച്ചതെല്ലാം സ്വന്തം വീട്ടുകാര്‍ക്ക് നല്‍കി. അവരിന്ന് ശത്രുക്കളായി. അമ്മേ, സഹായിക്കാനാരുമില്ലാതെ ഞാനിന്നൊരു അനാഥനെ പോലെ നടക്കുകയാണ്. എനിക്ക് ജീവിക്കണമെന്ന് പോലും തോന്നുന്നില്ല…” ഇത്തരം അനുഭവമുള്ള എണ്ണമറ്റ ആളുകളെ നമുക്കു ചുറ്റും കാണാം.
നമുക്ക് ആപത്ത് വരുമ്പോള്‍, മറ്റുള്ളവര്‍ സഹായിക്കും എന്നു ധരിക്കുന്നത് വെറുതെയാണ്. പലപ്പോഴും അത് നിരാശയില്‍ കലാശിക്കും. ‘ബന്ധുക്കള്‍ സഹായിക്കും. സുഹൃത്തുക്കള്‍ സഹായിക്കും’ എന്നൊക്കെ പലപ്പോഴും നമ്മള്‍ വിചാരിക്കാറുണ്ട്. പക്ഷെ, ഒരു സന്ദര്‍ഭം വരുമ്പോള്‍ അത്തരം പ്രതീക്ഷകള്‍ വെറുതെയായിരുന്നു എന്ന് ബോദ്ധ്യമാകും. ഒരാള്‍ക്ക് അത്യാവശ്യമായി പതിനായിരം രൂപ വേണം. വളരെ അടുത്തൊരു സുഹൃത്തുണ്ട്. അയാളോട് ചോദിച്ചാല്‍ കിട്ടും എന്ന് പ്രതീക്ഷിച്ച് അവിടെ ചെല്ലുന്നു. ചിലപ്പോള്‍ ചോദിച്ച തുക തന്നെന്നിരിക്കും. എന്നാല്‍ സ്‌നേഹം കൊണ്ട് പതിനായിരത്തിനു പകരം സുഹൃത്ത് പതിനയ്യായിരം രൂപ തന്നെന്നും വരാം. ചിലപ്പോള്‍ അയ്യായിരമോ രണ്ടായിരമോ ആയിരിക്കും തരുന്നത്. ഒന്നും തരാതെയുമിരിക്കാം. ”അയ്യോ കൂട്ടുകാരാ, ഞാന്‍ വല്ലാത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. വാസ്തവം പറഞ്ഞാല്‍, ഞാന്‍ നിന്നോട് കുറച്ചു പണം കടം ചോദിക്കാനിരിക്കുകയായിരുന്നു” എന്ന് പറയാനുള്ള സാദ്ധ്യതയും ഉണ്ടെന്നു ധരിക്കുക.
‘ആരും ആര്‍ക്കും കൂട്ടല്ല. നമുക്ക് കൂട്ട് നമ്മള്‍ മാത്രം, നമ്മിലെ ഈശ്വര തത്വം മാത്രം’- ഇതാണ് ആദ്ധ്യാത്മിക ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നത്. മനസ്സിന്റെ സൂക്ഷ്മമായ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ സ്വഭാവം അറിഞ്ഞു ജീവിക്കാന്‍ ആത്മീയത നമ്മളെ സഹായിക്കും. നല്ലവണ്ണം നീന്താന്‍ അറിയാവുന്നവര്‍ക്ക് കടലിലെ തിരമാലകള്‍ക്കൊപ്പം നീന്തിത്തുടിക്കുന്നത് ആനന്ദകരമായ ഒരനുഭവമാണ്. എന്നാല്‍, നീന്തല്‍ അറിയാത്തവര്‍ കടലില്‍ ഇറങ്ങിയാല്‍ അത് സുഖകരമായ ഒരനുഭവമായിരിക്കില്ല. എന്നു മാത്രമല്ല, ചിലപ്പോള്‍ തിരമാലകളില്‍പ്പെട്ട് മുങ്ങിപ്പോകാനും സാദ്ധ്യതയുണ്ട്. ചെറുതും വലുതും ഭീമാകാരവുമായ തിരമാലകള്‍ നിരന്തരം അലയടിക്കുന്ന ഒരു മഹാസമുദ്രം പോലെയാണ് ഈ ലോകം. ഇവിടെ ആദ്ധ്യാത്മിക തത്വം അറിഞ്ഞ് ജീവിതം നയിച്ചാല്‍, ഏതു പ്രതിബന്ധവും സുഖകരമായ അനുഭവമാക്കി മാറ്റാന്‍ കഴിയും. തളരാതെ, അതിനെ അഭിമുഖീകരിക്കാനും അതിജീവിച്ച് മുന്നേറാനും സാധിക്കും.
ഒരു മെഷീന്‍ വാങ്ങുമ്പോള്‍ അതിന്റെ പ്രവര്‍ത്തന രീതിയും പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദേശങ്ങളും അടങ്ങുന്ന ഒരു ‘യൂസേഴ്‌സ് മാനുവല്‍’ അതിനോടൊപ്പം തരും. മെഷീന്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അത് വായിച്ച് മനസ്സിലാക്കണം. വേണ്ടവണ്ണം മനസ്സിലാക്കാതെ മെഷീന്‍ ഉപയോഗിച്ചാല്‍, ചിലപ്പോള്‍ അത് കത്തിപ്പോകാം. അല്ലെങ്കില്‍, അധികനാള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരാം. അതുപോലെ മനസ്സിന്റെ പ്രകൃതവും ലോകത്തിന്റെ സ്വഭാവവും നല്ലവണ്ണം മനസ്സിലാക്കി എങ്ങനെ സന്തോഷത്തോടെ ജീവിക്കാം എന്നു പഠിപ്പിക്കുന്ന ജീവിതത്തിന്റെ ‘മാനുവല്‍’ ആണ് ആദ്ധ്യാത്മികം. അത് പഠിക്കേണ്ടതും ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതും പരമപ്രധാനമായ കാര്യം തന്നെയാണെന്ന് മക്കള്‍ എപ്പോഴും ഓര്‍ക്കുക.
അമ്മ
കടപ്പാട്: മാതൃഭുമി