ധ്രുവന്‍ യക്ഷന്മാരെ വധിക്കാന്‍ശ്രമിക്കുന്നു – ഭാഗവതം (77)
ഔത്താനപാദേ ഭഗവാംസ്തവ ശാര്‍ന്ദ്ഗധന്വാ
ദേവഃ ക്ഷിണോത്വവനതാര്‍ത്തിഹരോ വിപക്ഷാന്‍
യന്നാമധേയമഭിധായ നിശമ്യ ചാദ്ധാ
ലോകോഽഞ്ജസാ തരതി ദുസ്തരമംഗ മൃത്യും (4-10-30)
മൈത്രേയന്‍ തുടര്‍ന്നുഃ
ധ്രുവന്‍ ബ്രാഹ്മിയെ വിവാഹം ചെയ്തു. അവര്‍ക്ക് കല്‍പ എന്നും വത്സര എന്നും പേരായ രണ്ടു പുത്രന്മാരുണ്ടായി. ധ്രുവന്റെ മറ്റൊരു ഭാര്യയായ ഇലയില്‍ ഉത്കലന്‍ എന്നൊരു പുത്രനും ഒരു പുത്രിയും ഉണ്ടായി. ധ്രുവന്റെ അനുജന്‍ ഉത്തമന്‍ വിവാഹത്തിനു മുന്‍പേ മരിച്ചുപോയി. അവന്റെ അമ്മ സുരുചിയാകട്ടെ അതിന്റെ ദുഃഖത്തില്‍ ഹൃദയം തകര്‍ന്ന് മരണപ്പെട്ടു. ഹിമാലയസാനുക്കളില്‍ നായാട്ടിനുപോകവെ ഒരു യക്ഷനാണ് ഉത്തമനെ കൊന്നത്. ഇതറിഞ്ഞ് ധ്രുവന്‍ യക്ഷന്‍മാരെ യുദ്ധത്തിനായി വെല്ലുവിളിച്ചു. അവരുടെ തലസ്ഥാനമായ അളകനഗരത്തില്‍ച്ചെന്ന് ശംഖൂതി യുദ്ധത്തിന് മുന്നോടി കുറിച്ചു.
ദേവഗണങ്ങളില്‍പ്പെട്ട അസംഖ്യം യക്ഷന്മാര്‍ ധ്രുവന്റെ നേരെ പാഞ്ഞടുത്തു. യുദ്ധതന്ത്രങ്ങളില്‍ നിപുണനായ ധ്രുവന്‍ എല്ലാവരുടേയും നെറ്റിയില്‍ മുമ്മൂന്ന് അസ്ത്രങ്ങള്‍ എയ്തു തറച്ചു. ഇതുകണ്ടു വിസ്മയംപൂണ്ട യക്ഷര്‍ ശത്രുവിന്റെ യുദ്ധനൈപുണ്യത്തെ വാഴ്ത്തി. എന്നിട്ട് പലേതരത്തിലുളള ആയുധങ്ങള്‍ ധ്രുവനുനേരെ ചൊരിഞ്ഞു. ധ്രുവന്‍ അവയ്ക്കോരോന്നിനും എതിരായുളള ആയുധങ്ങള്‍ പ്രയോഗിച്ചു. യുദ്ധം കൊടുമ്പിരി കൊണ്ടു. ധ്രുവന്റെ ആയുധങ്ങള്‍ ശത്രുസൈന്യത്തില്‍ മരണം വിതച്ചു. തലകളും കബന്ധളും അവിടെ ചിതറികിടന്നു. ജീവിച്ചിരിക്കുന്ന യക്ഷന്മാരെ ധ്രുവന്‍ കീഴടക്കുകയും ചെയ്തു. എങ്കിലും മറ്റു ചില യക്ഷന്മാര്‍ കുതന്ത്രങ്ങളിലും മായാവിദ്യകളിലും മിടുക്കന്മാരായിരുന്നു. ഈ തന്ത്രങ്ങളെപ്പറ്റി അറിഞ്ഞിരുന്നതുകൊണ്ട് യക്ഷനഗരത്തിലേക്ക് ധ്രുവന്‍ കയറിയതേയില്ല. യുദ്ധം മുഴുവന്‍ നഗരത്തിനു പുറത്തായിരുന്നു.
പെട്ടെന്ന് നാനാഭാഗത്തുനിന്നും മേഘവും ഇടിയും മിന്നലും വന്നു ഭൂമി നിറഞ്ഞു. മേഘങ്ങള്‍ ചൊരിഞ്ഞത് വൃത്തികെട്ട വസ്തുക്കളായിരുന്നു. പിന്നീട് ഒരു മായാപര്‍വ്വതം പ്രത്യക്ഷപ്പെട്ട് അതില്‍ നിന്നു് ആയുധവര്‍ഷം തുടങ്ങി. സമുദ്രം യഥാര്‍ത്ഥത്തില്‍ വളരെ അകലത്തായിരുന്നുവെങ്കിലും മായാവികള്‍ക്ക് സമുദ്രപ്രതീതി ജനിപ്പിക്കാന്‍ കഴിഞ്ഞു. യുദ്ധഭൂമിയിലെ സമുദ്രങ്ങള്‍ പ്രളയഭീതി ഉണ്ടാക്കാന്‍ പോന്നത്ര ഭീകരാവസ്ഥയിലായിരുന്നു.
ധ്രുവന്റെ ദയനീയാവസ്ഥയില്‍ മനംനൊന്ത ഋഷിമാര്‍ പ്രാര്‍ത്ഥിച്ചു. “ധ്രുവാ, സാരംഗപാണിയായ ദുഃഖഃരക്ഷകനായ ഭഗവാന്‍ നിന്റെ ശത്രുക്കളെ നശിപ്പിക്കാനിടവരുത്തട്ടെ. ആ ദിവ്യനാമോച്ചാരണ മാത്രയില്‍ത്തന്നെ കീഴടക്കാനസാദ്ധ്യമായ മരണത്തെപ്പോലും മറികടക്കാന്‍ കഴിയുമല്ലോ.”
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF