യേനോപസൃഷ്ടാത് പുരുഷാല്ലോക ഉദ്വിജതേ ഭൃശം
ന ബുധസ്തദ്വശം ഗച്ഛേദിച്ഛന്ന ഭയാത്മനഃ (4-11-32)
മൈത്രേയന്‍ തുടര്‍ന്നുഃ
മാമുനിമാരുടെ പ്രാര്‍ത്ഥന കേട്ടപ്പോള്‍ ഭഗവാന്‍ നാരായണന്‍ സ്വയമുണ്ടാക്കി നല്‍കിയ നാരായണാസ്ത്രത്തെപ്പറ്റി ധ്രുവനോര്‍മ്മവന്നു. അതെടുത്തുകുലച്ചപ്പോഴേക്കും മായാവികളുടെ മായാജാലങ്ങളെല്ലാം അപ്രത്യക്ഷമായി. വിജ്ഞാനംകൊണ്ട് അജ്ഞതയും തല്‍സന്താനങ്ങളും നശിക്കുന്നുതുപോലെയായിരുന്നു അത്. ധ്രുവന്റെ അസ്ത്രം സുവര്‍ണ്ണനിറത്തില്‍ അഗ്നിനാളങ്ങളോടുകൂടി ശത്രുവിന്റെ നേരെ പാഞ്ഞു. ആക്രമിക്കാനടുത്ത ശത്രുക്കളെയെല്ലാം ധ്രുവന്‍ അരിഞ്ഞുവീഴ്ത്തി.
ധ്രുവന്റെ മുതുമുത്തച്ഛന്‍ സ്വയംഭുവമനു യുദ്ധക്കളത്തിലെത്തി, സര്‍വ്വനാശകമായ യുദ്ധത്തിന്റെ വ്യര്‍ത്ഥതയെപ്പറ്റി ധ്രുവനോട് ഇങ്ങനെ പറഞ്ഞു. “മകനേ, ഈ ക്രോധം മതിയാക്കൂ. ഇത് നരകത്തിലേക്കുളള പാതയത്രെ. യക്ഷന്മാരുടെ കൂട്ടത്തില്‍ ആരോ ഒരാള്‍ നിന്റെ സഹോദരനെ കൊന്നു എന്നുകേട്ട് ആ സമൂഹത്തെ മുഴുവന്‍ വകവരുത്തി. നിരപരാധികളെയാണ് നീ കൊല്ലുന്നത്. ശരീരമാണ് ആത്മാവ് എന്ന നിഗമനത്തില്‍ ശത്രുവിനെ കൊല്ലുന്നത് ധാര്‍മ്മികമല്ല തന്നെ. നിന്റെ അനുജന്റെ മരണത്തോടെ അവന്റെ ശരീരം മാത്രമേ നശിച്ചുളളൂ. അതുപോലെ ഈ യുദ്ധത്തില്‍ മരിച്ചവരുടേയും ശരീരത്തെ മാത്രമെ നിനക്ക് വധിക്കാന്‍ സാധിക്കൂ. യഥാര്‍ദ്ധത്തില്‍ അവരെ നിനക്ക് വധിക്കാന്‍ സാധിക്കുകയുമില്ല. ഈ ലോകത്തില്‍ മറ്റാര്‍ക്കും സാധിക്കാത്ത വിധത്തില്‍ ചെറിയ പ്രായത്തില്‍ത്തന്നെ ഭഗവല്‍പ്രീതി നേടുകയും അവിടുത്തെ കൃപയാല്‍ വിശ്വോത്തരമായ പ്രാമുഖ്യം ലഭിക്കുകയും ചെയ്തവനാണല്ലോ നീ. നിനക്ക് ധാര്‍മ്മീക മര്യാദകളെപ്പറ്റിയും കടമകളെപ്പറ്റിയും പഠിപ്പിക്കാന്‍ പോലും കഴിയുമെങ്കിലും നീ സ്വയം പാപകര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നു. ക്ഷമ, കരുണ, സൗഹൃദം, സമദൃഷ്ടി എന്നീ ഗുണങ്ങള്‍ സ്വയം വളര്‍ത്തിയെടുത്ത് സകല ജീവികളോടും ഒരേപോലെ പ്രതികരിക്കുന്നവനിലാണ് ഭഗവല്‍പ്രീതിയുണ്ടാവുക. അങ്ങനെ ജീവഭാവത്തിന്റെ അതിരുകള്‍ക്കപ്പുറത്ത് പരമാത്മാവുമായി ഒത്തുചേരാന്‍ നിനക്ക് സാധിക്കും.
കുബേരന്റെ അനുയായികളായ യക്ഷരല്ല നിന്റെ അനുജനെ കൊന്നത്. ഭഗവദിച്ഛയാലാണ് ഒരുവന്‍ ജനിക്കുന്നുതും മരിക്കുന്നുതുമെല്ലാം. അവിടുന്നാണ് വിശ്വസൃഷ്ടാവും, സ്ഥിതികര്‍ത്താവും സംഹാരകനും. എങ്കിലും കര്‍ത്തൃത്വ-ഭോക്തൃത്വാഭിമാനമില്ലാത്തതുകൊണ്ട് അവിടുത്തെ കര്‍മ്മങ്ങളോ ഗുണങ്ങളോ ബാധിക്കുന്നില്ല. ഭഗവാന്റെ ഊര്‍ജ്ജത്തിന്റെ ശക്തികൊണ്ടാണ് സൃഷ്ടി സ്ഥിതിസംഹാരങ്ങള്‍ നടക്കുന്നുത്. ഇതേ ശക്തിയാലാണ് ആണും പെണ്ണും ഇണചേര്‍ന്ന് അവരുടെ രൂപസാദൃശ്യത്തില്‍ കുട്ടികളുണ്ടാവുന്നത്. ഇതേ ശക്തിയാല്‍തന്നെയാണ് ഒരുശരീരത്തെ മറ്റൊരു ശരീരം നശിപ്പിക്കുന്നുതും നശിപ്പിക്കുന്നുവനെയും മരണം കീഴടക്കുന്നുതും.
അതുകൊണ്ട് മകനേ, എന്റെ, ഞാന്‍, എന്നീ ചിന്തകള്‍ വെടിഞ്ഞ് ഭഗവാനെ ഹൃദയത്തില്‍ വെച്ചാരാധിക്കുക. ജ്ഞാനിയായ ഒരുവന്‍, ഭയരഹിതനാവാനാഗ്രഹിക്കുന്നു പക്ഷം ക്രോധത്തിനടിപ്പെടാതെയിരിക്കണം. ക്രോധവാനെ മറ്റുളളവര്‍ ഭയക്കുകയും അവഗണിക്കുകയും ചെയ്യും. നീ ഭഗവാന്‍ ശിവനെതിരായി കൊടുംപാപം ചെയ്തിരിക്കുന്നു. കുബേരന്‍ പരമശിവന്റെ സുഹൃത്താണ്. നീ കുബേരന്റെ അനുയായികളേയാണ് കൊലചെയ്തത്. അതുകൊണ്ട് ഹൃദയംതുറന്ന് പരമശിവനെ പ്രാര്‍ത്ഥിച്ചു കൊളളുക.”
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF