ശാന്താഃ സമദൃശഃ ശുദ്ധാഃ സര്‍വ്വഭൂതാനുരഞ്ജനാഃ
യാന്ത്യഞ്ജസാച്യുതപദമച്യുതപ്രിയ ബാന്ധവാഃ (4-12-37)

മൈത്രേയന്‍ തുടര്‍ന്നുഃ

ധ്രുവന്റെ കോപം അടങ്ങിയതറിഞ്ഞ് കുബേരന്‍ സംതൃപ്തനായി. അദ്ദേഹം ധ്രുവനെ ചെന്നുകണ്ട്‌ അനുഗ്രഹിച്ചു. എന്നിട്ടിങ്ങനെ സമാധാനിപ്പിച്ചു. “വാസ്തവത്തില്‍ യക്ഷന്മ‍ാര്‍ നിന്റെ അനുജനെ കൊല്ലുകയോ, നീ അവരോട്‌ പകവീട്ടി കൊലചെയ്യുകയോ ഉണ്ടായിട്ടില്ലതന്നെ. കാലമാണ്‌ എല്ലാത്തിനും അറുതിവരുത്തുന്നത്‌. ആര്‍ക്കും കാലനെ അവഗണിക്കാന്‍ സാദ്ധ്യമല്ല. സാഹചര്യം ഒരുകാരണം മാത്രം. ജനനവും മരണവും സ്വപ്നദൃശ്യങ്ങള്‍പോലെ നശ്വരമത്രേ. ഞാന്‍, എന്റെ, എന്ന ചിന്തയോടെ ശരീരാസ്കതി പൂണ്ടിരിക്കുന്നുതു കൊണ്ടാണ്‌ ലൌകികബന്ധനവും തല്‍സംബന്ധിയായ ദുഃഖങ്ങളും അനുഭവിക്കാനിടയാവുന്നത്‌. ഇതെല്ലാം മനസില്‍നിന്നുകളഞ്ഞ് ഭഗവാനെ ധ്യാനിച്ച്‌ ഹൃദയത്തില്‍ ഭക്തി നിറയ്ക്കൂ. നിനക്ക്‌ ഇഷ്ടമുളള ഏതുവരം വേണമെങ്കിലും ചോദിക്കാം.”

ധ്രുവന്‍ വിനയത്തോടെ പറഞ്ഞുഃ “എന്നും എന്റെ ഹൃദയം നിറയെ വാസുദേവനോടുളള ഭക്തിയുണ്ടാവാന്‍ അനുഗ്രഹിച്ചാലും.കുബേരന്‍ ധ്രുവനെ അനുഗ്രഹിച്ചാലും.” ഭഗവാനില്‍ ഹൃദയമുറപ്പിച്ചുകൊണ്ട്‌ ഏറെക്കാലം ധ്രുവന്‍ രാജ്യം ഭരിച്ചു. അഹങ്കാരലേശമില്ലാതെ മുന്‍ജന്മങ്ങളിലാര്‍ജ്ജിച്ച കര്‍മ്മഫലങ്ങള്‍ ആസ്വദിച്ചും അനുഭവിച്ചും ധ്രുവന്‍ കഴിഞ്ഞുപോന്നു. കാലക്രമത്തില്‍ പുത്രനായ ഉത്കലനെ രാജ്യഭാരമേല്‍പ്പിച്ച്‌ വിഷാല എന്ന സ്ഥലത്ത്‌ ഭഗവല്‍ച്ചിന്തമാത്രമായി കഴിഞ്ഞുകൂടി. അവിടെ ധ്രുവന്‍ ധ്യാനയോഗാഭ്യാസങ്ങളില്‍ ഏര്‍പ്പെട്ടു. ആസനത്തിലാരൂഢനായി പ്രാണായാമവും പ്രത്യാഹാരവും (ഇന്ദ്രിയനിഗ്രഹം) ദിനേന ചെയ്തുപോന്നു. പിന്നീട്‌ ഭഗവാന്റെ സ്ഥൂലരൂപത്തെ ധ്യാനിച്ച്‌ ധ്യാനിയും ധ്യാനവസ്തുവും തമ്മിലുളള അന്തരമില്ലാതായതുവരെ ഏകാഗ്രതയിലിരുന്ന് സമാധി പ്രാപിച്ചു. ആ സമയം ഒരു ആകാശവാഹനം അവിടേയ്ക്കുവരുന്നതായി ധ്രുവന്‌ അനുഭവപ്പെട്ടു. അതില്‍നിന്നും രണ്ടു ദേവന്മ‍ാര്‍ ഇറങ്ങി വന്നു. അവര്‍ പറഞ്ഞുഃ “ഞങ്ങള്‍ ഭഗവാന്‍ വാസുദേവന്റെ പാര്‍ഷദന്മ‍ാരാണ്‌. വാസുദേവനെ ധ്യാനിച്ച്‌ അവിടുത്തെ അനുഗ്രഹമാര്‍ജ്ജിച്ച ആളാണല്ലോ അങ്ങ്‌ ഈ വാഹനത്തിലേറിയാലും. അങ്ങയെ ഈ അണ്ഢകഠാഹത്തിന്റെ ധ്രുവത്തില്‍ എത്തിക്കാനാണ്‌ ഞങ്ങള്‍ വന്നിരിക്കുന്നുത്‌. അവിടെ ലോകങ്ങളുടെ മുഴുവന്‍ ആരാധനയ്ക്കു പാത്രമായി വസിച്ചാലും. വിശ്വം മുഴുവന്‍ അങ്ങയെ ഭ്രമണം ചെയ്തു നിലനില്‍ക്കുതാണ്‌.” ആകാശവാഹനത്തിലേറുമ്പോള്‍ തന്റെ അമ്മയെപ്പറ്റി ധ്രുവന്‍ ഓര്‍മ്മിച്ചു. വാസുദേവപാര്‍ഷദന്മ‍ാര്‍, സുനീതി മറ്റൊരുവാഹനത്തില്‍ തനിക്കുമുന്‍പേ യാത്രയായ വിവരം ധ്രുവനെ അറിയിച്ചു. അവര്‍ കാലന്റെ തലയ്ക്കുമുകളില്‍ കാലുവെച്ച്‌ ശൂന്യാകാശത്തിലേക്ക്‌ കുതിച്ചു. നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കുമപ്പുറത്ത്‌ വിഷ്ണുസവിധത്തില്‍ ധ്രുവന്‍ എത്തിച്ചേര്‍ന്നു. കരുണയോടെ സകല ജീവജാലങ്ങളേയും സമദൃഷ്ടിയോടെ വീക്ഷിക്കാത്തവര്‍ക്ക്‌ വിഷ്ണുസവിധമണയുക അസാദ്ധ്യമത്രെ. മറ്റുളളവര്‍ക്ക്‌ എപ്പോഴും നന്മ ചെയ്യുന്നുവര്‍ക്ക്‌ അതു സാദ്ധ്യവുമാണ്‌. പ്രശാന്തതയോടെ, സമദൃഷ്ടിയോടെ, ഹൃദയശുദ്ധിയോടെ സകലജീവികളുടേയും നന്മയ്ക്കായി പ്രവര്‍ത്തിക്കുകയും ഭഗവല്‍ഭക്തരെ സുഹൃത്തുക്കളാക്കുകയും ചെയ്യുന്നുവര്‍ ആ പരമപദമണയുന്നു.

നാരദന്‍ ധ്രുവന്റെ മഹിമയെ വര്‍ണ്ണിച്ചു. ഏതൊരുവനും ധ്രുവചരിതം കേള്‍ക്കുകയോ പറയുകയോ ചെയ്യുന്നപക്ഷം സര്‍വ്വവിധ ഐശ്വര്യങ്ങളും, ധനസമ്പത്തുക്കളും, ദീര്‍ഘായുസ്സും, സ്ഥാനമാനാദികളും ലഭിക്കുന്നുതാണ്‌. അതിനെല്ലാമുപരി ഇഹലോകദുഃഖനിവാരണകാരിയായ ഭഗവല്‍ഭക്തി അവരുടെ ഹൃദയത്തില്‍ നിറയുകയും ചെയ്യുന്നു.

ധ്രുവനക്ഷത്രം ഇന്നും നിലനില്‍ക്കുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF