,blockquote>തം സര്‍വ്വ ലോകാമരയജ്ഞ സംഗ്രഹം
ത്രയീമയം ദ്രവ്യമയം തപോമയം
യജ്ഞൈര്‍വ്വിചിത്രൈര്‍യജതോ ഭവായ തേ
രാജന്‍ സ്വദേശാനനുരോദ്ധു മര്‍ഹസി (4-14-21)
മൈത്രേയന്‍ തുടര്‍ന്നുഃ
രാജാവില്ലാത്ത രാജ്യം നീതിരഹിതവും അധാര്‍മ്മീകവുമായ പാതയിലേക്ക് നീങ്ങുമെന്നറിഞ്ഞ ഋഷിമാര്‍ രാജ്ഞിയുടെ സമ്മതത്തോടെ വേനനെ രാജാവാക്കി അവരോധിച്ചു. പെട്ടെന്നു് അധര്‍മ്മത്തിനും അക്രമത്തിനും ഒരറുതിവന്നു. മറ്റുദുഷ്ടന്മാര്‍ക്ക് വേനന്റെ ദുഷ്ടതയെ ഭയമായിരുന്നുതാണ് ഈ മാറ്റത്തിനുകാരണം. ഏകഛത്രാധിപതിയും പരമാധികാരിയുമായ ഒരുവനിലാണ് സിംഹാസനം കൈവന്നത്. ഉടനെ തന്റെ അധികാരത്തെപ്പറ്റി വേനനു ബോധം വരികയും എല്ലാവിധ ധര്‍മ്മപരമായ ചടങ്ങുകളും നാട്ടില്‍ നിരോധിക്കുകയും ചെയ്തു. ഋഷിമാര്‍ നാട്ടില്‍ അധര്‍മ്മം പെരുകുന്നുതു വേദനയോടെ കണ്ടു. വേനന്‍ രാജാവാണെങ്കിലും അല്ലെങ്കിലും ഫലം ഒന്നുതന്നെയായിരുന്നുവല്ലോ. എങ്കിലും അവര്‍ രാജാവിനോട് സംസാരിക്കാന്‍ തീരുമാനിച്ചു.
അവര്‍ പറഞ്ഞുഃ ” രാജാവേ, താങ്കളുടെ നന്മക്കു വേണ്ടിത്തന്നെയാണ് ഞങ്ങള്‍ വന്നുപദേശിക്കുന്നുത്. ഒരുവന്റെ ശരീരമനോബുദ്ധികള്‍കൊണ്ട് ഉചിതമായി കടമകളും കര്‍ത്തവ്യങ്ങളും നിറവേറ്റുമ്പോള്‍ അവന് എല്ലാവിധ ദുഃഖങ്ങളില്‍നിന്നും മോചനം ലഭ്യമാകുന്നു. അങ്ങയുടെ ജോലി നാട്ടിലെ സമാധാനം ധര്‍മ്മ, സുരക്ഷ, ഐശ്വര്യം എന്നിവ കാത്തു സംരക്ഷിക്കലാണ്. അതുപേക്ഷിക്കരുതേ. ഏതൊരു രാജാവിന്റെ പ്രജകളാണോ ഭഗവല്‍പൂജകളും, ധര്‍മ്മനിഷ്ഠകളും ചെയ്യുന്നുത്, ആ രാജാവിനും പ്രജകള്‍ക്കും ശാന്തിയും ഐശ്വര്യവും ലഭ്യമത്രെ. ജനം, ഭഗവല്‍പ്പൂജചെയ്ത് അങ്ങയുടെ ഐശ്വര്യം ഉറപ്പാക്കുന്നു. അതുകൊണ്ട് ജനനന്മചെയ്യുക എന്നത് അങ്ങയുടെ കര്‍ത്തവ്യമത്രെ. അവരുടെ സ്നേഹത്തിനു പാത്രമായി ഭഗവാന്റെ അനുഗ്രഹങ്ങള്‍ നേടിയാലും.”
ദുഷ്ടനായ വേനന്‍ പറഞ്ഞു. “വിഢ്ഢികളേ പ്രീതിപ്പെടുത്തേണ്ട, പ്രസാദിപ്പിക്കേണ്ട ഏതോ ഒരു ഭഗവാനെപ്പറ്റി നിങ്ങള്‍ പുലമ്പുന്നുണ്ടല്ലോ. എല്ലാ ദേവന്മാരുടേയും ഇരിപ്പിടം രാജാവിലാണ്. ഞാന്‍ നിങ്ങളുടെ രാജാവായതുകൊണ്ട് ഏതൊരു വിധത്തില്‍ നോക്കിയാലും നിങ്ങള്‍ എന്നെയാണ് പൂജിക്കേണ്ടത്. പൂജാര്‍ഹനായി മറ്റാരുമില്ല.” അത് വേനന്റെ ദുഷ്ടതയുടെ പാരമ്യമായിരുന്നു. ഭഗവല്‍നിന്ദയും അക്രമവും ക്രൂരതയും കാരണം ജീവിക്കാനുളള യോഗ്യത അവനുണ്ടായിരുന്നില്ല. ക്രുദ്ധരായ ഋഷിമാര്‍ ഒന്നുചേര്‍ന്ന് ഹും എന്നു പറഞ്ഞപ്പോഴേക്കും വേനന്‍ ചത്തുവീണു. ഋഷിമാര്‍, ഭഗവല്‍മഹിമകളെ വാഴ്ത്തി അവിടം വിട്ടു പോയി. വേനന്റെ അമ്മ , ചില പച്ചമരുന്നുപ്രയോഗങ്ങള്‍കൊണ്ട് വേനന്റെ ശവശരീരം കേടുകൂടാതെ സൂക്ഷിച്ചുവച്ചു. രാജാവില്ലാതെ നാട്ടിലുടനീളം അധര്‍മ്മം നടമാടാന്‍ തുടങ്ങി. വേനന്റെ സിംഹാസനാരോഹണത്തിനും അവന്റെ മരണത്തിനും കാരണക്കാരായ ഋഷിമാര്‍ കാര്യങ്ങള്‍ സ്വയം ഏറ്റെടുത്തു. ജനത്തിന്റെ മുഴുവന്‍ നന്മയാണെല്ലോ അവരുടെ ലക്ഷ്യം. ബ്രാഹ്മണരും ഋഷിമാരും ജനങ്ങളുടെ ദുഃഖനിവാരണത്തിനു ശ്രമിക്കാതെ നിസ്സംഗ്ഗരായിരിക്കുന്ന പക്ഷം അവരുടെ ആത്മീയശക്തിയും ഊര്‍ജവും ഇല്ലാതാവുന്നു. വേനന്റെ തുടഭാഗം അതിശീഘ്രം തിരിച്ച് ഋഷിമാര്‍ ഒരു കുളളനെ സൃഷ്ടിച്ചു. അവന്‍ ചോദിച്ചു ” ഞാനെന്താണ് ചെയ്യേണ്ടത്?” ബ്രാഹ്മണര്‍ പറഞ്ഞു. “അവിടെയിരിക്കുക.” അതില്‍നിന്നാണ് “നിഷാദന്‍” എന്ന പേരില്‍ അവനറിയപ്പെട്ടത്. അവന് അഛന്റെ പാപപങ്കിലമായ സ്വഭാവം കിട്ടി. അവന്റെ പിന്‍ഗാമികള്‍ നിഷാദര്‍ എന്ന പേരില്‍ കാനനവാസികളായി ജീവിച്ചു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF