ഏഷ സാക്ഷാദ്ധരേരംശോ ജാതോ ലോകരിരക്ഷയാ
ഇയം ച തത്പരാ ഹി ശ്രീരനുജജ്ഞേഽന‍പായിനീ (4-15-6)
പ്രഭവോ ഹ്യാത്മനഃ സ്തോത്രം ജുഗുപ്സന്ത്യപി വിശ്രുതാഃ
ഹ്രീമന്തഃ പരമോദാരാഃ പൗരുഷം വാ വിഗര്‍ഹിതം (4-15-25)

മൈത്രേയന്‍ തുടര്‍ന്നുഃ

വേനന്റെ ശരീരത്തിലെ കയ്യെടുത്ത്‌ മുനിമാര്‍ വീണ്ടും കടഞ്ഞു. ഇത്തവണ അളവറ്റ ഊര്‍ജ്ജം പുറത്തുവരികയും ആലിംഗനബദ്ധരായ യുവമിഥുനങ്ങളായി അവ പ്രത്യക്ഷമാവുകയും ചെയ്തു. ഋഷിമാര്‍ സംതൃപ്തരും സന്തുഷ്ടരുമായി. കാരണം, മിഥുനങ്ങളില്‍ പുരുഷന്‍, ഭഗവാന്റെ പ്രതിരൂപം തന്നെയെന്നും ലോകസംരക്ഷക്കായി അവതരിച്ചിട്ടുളളതാണെന്നും അവര്‍ക്കറിയാമായിരുന്നു. സ്ത്രീഭാഗമാകട്ടെ സൗന്ദര്യദേവതയുടെ അവതാരവും. ആനന്ദവും ഐശ്വര്യവും നിറഞ്ഞ അവള്‍ എന്നും തന്റെ നാഥനെ പിരിയാതെയിരുന്നു. ഈ ദിവ്യമിഥുനങ്ങളുടെ ഭക്തര്‍ക്ക്‌ മാത്രമേ അവരുടെ സവിധമണയുക സാദ്ധ്യമാവൂ.

ഋഷിമാര്‍ അവര്‍ക്ക്‌ പൃഥു എന്നും അര്‍ചി എന്നും പേരിട്ടു. ലോകത്തിന്‍റേതന്നെ ആദ്യത്തെ ഭരണകര്‍ത്താവായ രാജാവ്‌ പൃഥുവത്രെ. അദ്ദേഹം തന്റെ സാമ്രാജ്യം ഉണ്ടാക്കുകയും, ഭൂമിയെ ഫലഭൂയിഷ്ടമാക്കുകയും ജനത്തിന്‌ ശാന്തിയും സമാധാനവും നല്‍കുകയും ചെയ്തു. പൃഥുവിന്റെ ജനനം ദേവതകള്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ ആനന്ദപ്രദമായിരുന്നു. ആകാശദേവതകള്‍ പാടിയും ആടിയും പൃഥുവിന്റെ ഭരണം കൊണ്ടാടി. പൃഥു പരമാത്മാവിന്റെ പ്രത്യക്ഷരൂപമെന്നു കണ്ട ദേവതകള്‍ എല്ലാവരും പ്രത്യക്ഷപ്പെട്ട്‌ അദ്ദേഹത്തിനു സ്വയം കീഴടങ്ങി തങ്ങളുടെ അടയാളചിഹ്നങ്ങള്‍ അടിയറവെച്ചു. ബ്രാഹ്മണര്‍ കാര്‍മ്മീകത്വം വഹിച്ച്‌ കിരീടധാരണം നടത്തി. ദിവ്യനദികളുടെ അധിപരായ ദേവതകള്‍ സ്വയം യജ്ഞജലം കൊണ്ടുവന്നു. പൃഥുവും അര്‍ചിരാജ്ഞിയും ദിവ്യപ്രഭയോടെ സിംഹാസനാരൂഢരായി.

ധനദേവതയായ കുബേരന്‍ സിംഹാസനം സമ്മാനിച്ചു. സമുദ്രദേവതയായ വരുണന്‍ ഒരു കുട സമ്മാനിച്ചു. വായുദേവത വിശറിയും, നന്മയുടെ ദേവത പ്രശസ്തിയും, ദേവന്മ‍ാരുടെ രാജാവ്‌ കിരീടവും സമ്മാനിച്ചു. സാന്മ‍ാര്‍ഗ്ഗീകതയുടേയും നശ്വരതയുടേയും ദേവന്‍ ഒരു ചെങ്കോല്‍ സമ്മാനിച്ചു. ഏറ്റവും ഉന്നതമായ കവചമായ വിജ്ഞാനകവചം, സൃഷ്ടാവ്‌ സ്വയം സമ്മാനിച്ചു. വിഷ്ണുഭഗവാന്‍ ചക്രവും, ലക്ഷമീദേവി ഐശ്വര്യവും, രുദ്രന്‍ ഒരു വാളും, ദുര്‍ഗ്ഗ ഒരു പരിചയും സമ്മാനം നല്‍കി. ചന്ദ്രദേവത കുതിരകളേയും ത്വഷ്ടാവ്‌ രഥവും നല്‍കി. അഗ്നിദേവന്‍ വില്ലും സൂര്യഭഗവാന്‍ പ്രഭയേറിയ അമ്പുകളും നല്‍കി. ഭൂമി, മരം കൊണ്ടുണ്ടാക്കിയ മെതിയിടികള്‍ നല്‍കി. ആകാശദേവതകള്‍ ലളിതകലകളെക്കുറിച്ചുളള അറിവു നല്‍കി. പിന്നീട്‌ ഋഷികള്‍ രാജാവിനെ അനുഗ്രഹിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നും സത്യമായി വരുമെന്ന് ഋഷികള്‍ പ്രവചിച്ചു. രാജഗായകര്‍ ചക്രവര്‍ത്തിയുടെ അപദാനങ്ങള്‍ വാഴ്ത്താന്‍ തുടങ്ങവേ രാജാവ്‌ അവരെ തടഞ്ഞു.

“മഹാത്മാക്കളെ, നശ്വരനായ ഒരു മനുഷ്യനെ അവന്റെ മഹിമകള്‍ വാഴ്ത്തി പ്രത്യേകിച്ചും അവന്റെ മുന്നില്‍വെച്ച്‌ സ്തുതിക്കുന്നുത്‌ അഭിലഷണീയമല്ല. കാരണം അവന്റെ മഹത്തായ ഔഢത്യം എപ്പോള്‍ വേണമെന്നിലും ഇല്ലാതാവാം. അങ്ങനെ അവന്‍ ഒരു പരിഹാസപാത്രമാവുകയും ചെയ്യും. നിങ്ങള്‍ക്ക്‌ ഭഗവദ്മഹിമ പാടാനുളള അനുവാദം എന്നമുണ്ട്‌. നന്മനിറഞ്ഞവര്‍ സ്വമഹിമകളെ വാഴ്ത്താന്‍ പ്രോത്സാഹനം നല്‍കുകയില്ല. ഞങ്ങള്‍ ലോകത്തില്‍ ഇനിയും അറിയപ്പെടാത്തവരത്രെ. ഈ പ്രശംസക്ക്‌ യാതൊരു നീതീകരണവുമില്ലതന്നെ.”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF