ത്വം ഖല്വോഷധിബീജാനി പ്രാക്സൃഷ്ടാനി സ്വയംഭുവാ
ന മുഞ്ചസ്യാത്മരുദ്ധാനി മാമവജ്ഞായ മന്ദധീഃ (4-17-24)
അമൂഷാം ക്ഷുത്പരീതാനാമാര്‍ത്താനാം പരിദേവിതം
ശമയിഷ്യാമി മദ്‌ ബാണൈര്‍ഭിന്നായാസ്തവ മേദസാ (4-17-25)

മൈത്രേയന്‍ തുടര്‍ന്നുഃ

പൃഥുരാജനെ രാജാവാക്കി വാഴിച്ച ബ്രാഹ്മണര്‍ ക്ഷീണിച്ചവശരായിരുന്നു. അവര്‍ രാജാവിനോട്, നാട്ടില്‍ ക്ഷാമം പിടിപ്പെട്ടിരിക്കുന്നുവെന്നും ജനങ്ങള്‍ പട്ടിണിയിലാണെന്നും അറിയിച്ചു. ഒന്നാലോചിച്ചപ്പോള്‍ രാജാവിന്‌ അതിന്റെ കാരണം മനസിലായി. ഭൂമി തന്റെ കലവറയില്‍നിന്നു്‌ വേണ്ടത്ര ഭക്ഷണം ഉത്പ്പാദിപ്പിക്കുന്നില്ല. രാജാവ്‌ തന്റെ ആയുധങ്ങളുമായി കൊട്ടാരത്തിനു വെളിയിലേക്ക്‌ കുതിച്ചു. ഭൂമിയില്‍നിന്നു്‌ ഭക്ഷണവസ്തുക്കള്‍ ഉത്പ്പാദിപ്പിക്കും എന്ന ദൃഢനിശ്ച്ഛയത്തോടെ, വേണ്ടിവന്നാല്‍ എല്ലാം ചുട്ടുകരിക്കും എന്നപോലെ കോപിഷ്ടനായിരുന്നു അദ്ദേഹം. ഭൂമിയെ ഫലഭൂയിഷ്ടമാക്കാന്‍, സ്ഫോടക വസ്തുക്കളാല്‍ മണ്ണിളക്കി മറിക്കാനും അദ്ദേഹം തയ്യാറായിരുന്നു. എങ്ങോട്ടു തിരിഞ്ഞാലും ഒരു പശുവിന്റെ രൂപത്തില്‍ ഭൂമീദേവിയെ അദ്ദേഹം കണ്ടു. ഭൂമിയുടെ എല്ലാ കഴിവുകളും എങ്ങോ ഒളിപ്പിച്ചുവച്ചിരുന്നു. പശു ഓടിയ ദിക്കിലെല്ലാം രാജാവിന്റെ ആയുധം പിന്തുടര്‍ന്നു ചെന്നു. അദ്ദേഹം മരങ്ങള്‍ പിഴുതെറിഞ്ഞ് ഭൂമിയെ ഉഴുതു മറിക്കാനും തുടങ്ങി.

ഭൂമീദേവി പ്രത്യക്ഷപ്പെട്ട്‌ ഇങ്ങനെ അപേക്ഷിച്ചു. “അങ്ങേക്ക്‌ ധര്‍മ്മം എന്തെന്നറിയാം. അങ്ങയുടെ പ്രജകളുടെ ജീവിതത്തെ ഓര്‍ത്തെങ്കിലും എന്നെ സംരക്ഷിച്ചാലും. ഒരു സ്ത്രീയോട്‌ പെരുമാറുന്നതു പോലെ സൗമ്യമായി എന്നോട്‌ പ്രതികരിച്ചാലും. സര്‍വ്വജീവജാലങ്ങള്‍ക്കും വേണ്ടിയാണ്‌ എന്നെ സൃഷ്ടിച്ചിരിക്കുന്നുത്‌. എന്നെ നിര്‍ദ്ദയമായി ശിക്ഷിച്ചിട്ട്‌ അങ്ങെന്ത്‌ നേടാനാണ്‌.”

രാജാവ്‌ പറഞ്ഞുഃ ” നീ മനുഷ്യരാശിക്ക്‌ വേണ്ടിയാണ്‌ നിലകൊളളുന്നത്‌ എന്നത്‌ സത്യം തന്നെ. എന്നാല്‍ എന്റെ ആജ്ഞ ധിക്കരിച്ച്‌ മരുന്നുവര്‍ഗ്ഗങ്ങളും ഭക്ഷ്യധാന്യങ്ങളും ഉത്പ്പാദിപ്പിക്കാതെ നീ മനുഷ്യരെ കഷ്ടപ്പെടുത്തുന്നു. സൃഷ്ടാവ്‌ സ്വയം നിന്നെ ഏല്‍പ്പിച്ചിരിക്കുന്ന കര്‍ത്തവ്യമത്രെ ഭക്ഷണോല്‍പ്പാദനം. എന്റെയീ ശരംകൊണ്ട്‌ നിന്നെപ്പിളര്‍ന്ന് ഭൂമി മുഴുവന്‍ ഉഴുതുമറിച്ച്‌ പട്ടിണി കിടക്കുന്നുവര്‍ക്കുളള പരിഹാരം ഞാന്‍ കണ്ടെത്തും. ഒരു രാജാവിനെ സംബന്ധിച്ചേടത്തോളം ജനദ്രോഹിയായ പുരുഷനേയോ സ്ത്രീയേപ്പോലുമോ ശിക്ഷിക്കുന്നുത്‌ പാപമല്ല. ധര്‍മ്മമാണുതാനും.”

എളളിന്മണികള്‍പോലെ ഭൂമിയെ ചെറുകഷണങ്ങളാക്കി പൊടിക്കാന്‍ രാജാവ്‌ തീരുമാനിച്ചിരുന്നു. പേടിച്ചരണ്ട്, ഭൂമി രാജാവിന്റെ മഹിമകള്‍ വാഴ്ത്തി അദ്ദേഹത്തോട്‌ ഇങ്ങനെ പ്രാര്‍ത്ഥിച്ചു. “ഏതൊരു പരമാത്മസ്വരൂപത്തിന്റെ പ്രഭാവത്താലാണ്‌ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ നടക്കുന്നുത്, അതിനെ ഞാന്‍ നമിക്കുന്നു. ഏതൊരു ശക്തിയാണോ സ്വയം എന്നെ സൃഷ്ടിച്ചയച്ചതു അതേ ശക്തി ശാലിയായ സൃഷ്ടാവ്‌ ഇതാ എന്റെ മുന്നില്‍ ആയുധമേന്തി നില്‍ക്കുന്നു. ഭൂമിയിലെ സകല ചരാചരങ്ങളേയും സംരക്ഷിക്കാനായി നിലകൊളളുന്ന ആ പരമാത്മസ്വരൂപം ഒരിക്കല്‍ എന്നെ പ്രളയജലത്തില്‍ നിന്നു്‌ ഉയര്‍ത്തിക്കൊണ്ടുവന്നു. ഇന്നു് സ്വസൃഷ്ടികളെ സംരക്ഷിക്കാനായി എന്റെ മുകളില്‍ സായുധനായി നിലകൊളളുന്നു. അങ്ങേക്ക്‌ നമോവാകം, നമോവാകം.”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF