ന കാമയേ നാഥ തദപ്യഹം ക്വചിന്നയത്ര യുഷ്മച്ചരണാംബുജാസവഃ
മഹത്തമാന്തര്‍ഹൃദയാന്മ‍ുഖച്യുതോ വിധത്സ്വ കര്‍മ്മായുതമേഷ മേ വരഃ (4-20-24)

മൈത്രേയന്‍ തുടര്‍ന്നുഃ

പൃഥുവിന്റെ പ്രശംസാര്‍ഹമായ ത്യാഗമനോഭാവത്തില്‍ ഭഗവാന്‍ വിഷ്ണു സംപ്രീതനായി ഇന്ദ്രനോടൊപ്പം രാജാവിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

ഭഗവാന്‍ പറഞ്ഞുഃ “നിന്റെ യാഗകര്‍മ്മങ്ങളും തനിക്കു യോജിക്കാത്തവിധത്തില്‍ പ്രവര്‍ത്തിച്ചതില്‍ ഇന്ദ്രനിപ്പോള്‍ പശ്ചാത്താപമുണ്ട്‌. അയാള്‍ക്ക്‌ മാപ്പു കൊടുത്താലും. നന്മനിറഞ്ഞവര്‍ മറ്റുളളവര്‍ക്കെതിരായ മനോഭാവം വെച്ചു പുലര്‍ത്തുകയില്ല തന്നെ. ശത്രുതാ മനോഭാവം, ഒരുവന്‍ ലോകത്തില്‍ വൈവിധ്യം കണ്ടെത്തുന്നു എന്നതിന്റെ തെളിവും അജ്ഞാനത്തില്‍ നിന്നുളവായതുമത്രെ. ശരീരത്തോട്‌ ആത്മഭാവം വളര്‍ത്തുന്നതുകൊണ്ടാണ്‌ ശത്രുതാമനോഭാവമുടലെടുക്കുന്നത്‌. അജന്യവും ശാശ്വതവും സര്‍വ്വവ്യാപിയും ആയ ആത്മാവ്‌ ത്രിഗുണങ്ങള്‍ക്കതീതമെന്നറിയുന്നവന്‍ മായാശക്തിക്കടിമയാവുന്നില്ല. പാപവും ദുഃഖവും ജനിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അയാളെ തീണ്ടുന്നതുമില്ല. സ്വാര്‍ത്ഥരഹിതമായി സ്വകര്‍മ്മങ്ങള്‍ ചെയ്ത്‌ എന്നെ പൂജിക്കുന്ന ഒരുവന്റെ മനസ്‌ നിര്‍മ്മലമാകുകയും അവന്‌ ആത്മസാക്ഷാത്ക്കാരം സാധിതമാവുകയും ചെയ്യും. അവന്റെ മനസ്‌ ക്രമേണ ലൗകീകതയില്‍നിന്നു്‌ വിട്ടുമാറി പരമശാന്തിയെന്ന അവസ്ഥയെ പ്രാപിക്കുന്നു. അത്‌ എന്റെ തന്നെ നിരാകാരാവസ്ഥയത്രേ. അങ്ങനെയുളള ഒരുവന്‌ വീണ്ടും ജനനമരണങ്ങളില്ല. അതുകൊണ്ട്‌ രാജാവേ, സ്വകര്‍മ്മങ്ങള്‍ ശരിയായ ഭാവത്തോടെ അനുഷ്ടിച്ചാലും. പ്രജാപരിപാലനവും സംരക്ഷണവും രാജധര്‍മ്മങ്ങളും പ്രധാനമത്രേ. അങ്ങനെ ജനങ്ങളുടെ പുണ്യത്തിന്റെ ഒരംശം രാജാവിന്‌ അവകാശമുളളതാവുന്നു. പക്ഷെ, രാജാവ്‌ തെറ്റായ മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുകയാണെങ്കില്‍ പാപമാര്‍ജ്ജിക്കുന്നു. രാജന്‍, ഞാന്‍ താങ്കളില്‍ സംപ്രീതനായിരിക്കുന്നു. ഇഷ്ടമുളള വരം എന്തു വേണമെങ്കിലും ചോദിച്ചുകൊളളുക.‍”

രാജാവിന്റെ കണ്ണുകള്‍ സജലങ്ങളായി. ഭക്തിപ്രേമപാരവശ്യത്തേടെ കണ്ഠമിടറി പ്രഥു പറഞ്ഞുഃ “ഭഗവന്‍ അങ്ങ്‌ ഈ വിശ്വത്തിന്റെ നാഥനാണല്ലോ. ആര്‍ക്കും ഏതുസമയത്തും പരമശാന്തമായ പരമപദം നല്‍കാന്‍ കഴിയുന്ന അങ്ങയോട്‌ എന്തു വരമാണ്‌ ചോദിക്കേണ്ടത്‌? എനിക്ക്‌ ആത്മസാക്ഷാല്‍ക്കാരം വേണ്ട. അങ്ങയുടെ പാദാരവിന്ദങ്ങളില്‍ നിന്നൊഴുകുന്ന അമൃതിന്റെ സ്പര്‍ശമേല്‍ക്കാത്ത ഒന്നും എനിക്കു വേണ്ട. എനിക്ക്‌ പതിനായിരം ചെവികള്‍ തന്നാലും. അതിലൂടെ എനിക്കെപ്പോഴും അങ്ങയുടെ മഹിമാപദാനങ്ങള്‍ കേള്‍ക്കുവാനിടയാവട്ടെ. അങ്ങയുടെ പാദാരവിന്ദങ്ങളും പരമഭക്തയായ ലക്ഷ്മീദേവിയുടെ മഹാഭാഗ്യം പങ്കുവെക്കാന്‍ ഞാന്‍ കൊതിക്കുന്നു. പക്ഷെ, ഞാന്‍ ലക്ഷ്മീദേവിയുടെ അസൂയക്കു പാത്രമായേക്കും. ഇന്ദ്രന്റെ അസൂയക്ക്‌ പാത്രമായവനാണല്ലോ ഞാന്‍. അങ്ങ്‌ അതീന്ദ്രിയനാണ്‌. അങ്ങ്‌ ആത്മാനന്ദത്തില്‍ മുഴുകിയിരിക്കുന്നു. ലക്ഷ്മീദേവിക്കുപോലും അതില്‍ പങ്കില്ല. എന്നോട്‌ എന്തു വരം വേണമെങ്കിലും ചോദിക്കാം എന്നുപറയുന്നത്‌ തന്നെ അങ്ങയുടെ മായാവിനോദമത്രെ. സ്വയം അങ്ങയില്‍ നിന്നു്‌ വേറിട്ടുനില്‍ക്കുന്നു എന്ന തോന്നലുളളവനു മാത്രമേ അങ്ങയോട്‌ വരം ചോദിക്കുവാന്‍ പറ്റൂ. സ്വന്തം കുട്ടികളോട്‌ അച്ഛന്‍ കാണിക്കുന്ന സ്നേഹവായ്പ്പും നന്മയുമാണ്‌ അവിടുന്നു ഞങ്ങളില്‍ചൊരിയുന്നത്‌.”

പൃഥുവിന്റെ പ്രാര്‍ത്ഥനയും മനോഭാവവും ഭഗവാന് ഏറെ പ്രിയങ്കരമായിരുന്നു. പൃഥുവിന്‌ ഏറ്റവും വലിയ വരമായ ഭഗവല്‍പദഭക്തി ഭഗവാന്‍ മനസാ നല്‍കി. ഇന്ദ്രനും പൃഥുവും പരസ്പരം ആശ്ലേഷിച്ചു. രാജാവ്‌ എല്ലാ ദേവതകളേയും ആദരിച്ചു സമ്മാനങ്ങള്‍ നല്‍കി. ഭഗവാന്‍ വിഷ്ണുവും ദേവതകളും സ്വന്തം സവിധങ്ങളിലേക്ക്‌ മടങ്ങി. രാജാവ്‌ കൊട്ടാരത്തിലേക്ക്‌ തിരിച്ചു പോയി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF