യ ഉദ്ധരേത്‌ കരം രാജാ പ്രജാ ധര്‍മേഷ്വശിക്ഷയന്‍
പ്രജാനാം ശമലം ഭുങ്ക്തേ ഭഗം ച സ്വം ജഹാതി സഃ (4-21-24)

മൈത്രേയന്‍ തുടര്‍ന്നുഃ

കൊട്ടാരത്തില്‍ തിരിച്ചെത്തിയ രാജാവിന്‌ ജനങ്ങള്‍ വരവേല്‍പ്പു നല്‍കി. അദ്ദേഹം തന്റെ ജനങ്ങളെ കാര്യക്ഷമതയോടെയും ഭരണനിപുണതയോടെയും ഏറെക്കാലം ഭരിച്ചു. അവസാനം ശരീരമുപേക്ഷിച്ച്‌ പരമപദമണയുകയും ചെയ്തു. രാജാവിന്റെ സദ്‌വൃത്തികളെപ്പറ്റി വിദുരന്‍ ചോദിച്ചതിനുത്തരമായി മൈത്രേയന്‍ ഇങ്ങനെ പറഞ്ഞുഃ വിദുര, ഗംഗയ്ക്കും യമുനയ്ക്കുമിടക്കുമുളള പ്രശോഭമായ പ്രദേശമായിരുന്നുല്ലോ പൃഥുവിന്റെ രാജ്യം. അവിടെത്താമസിച്ച്‌ രാജാവ്‌ തന്റെ മുന്‍ജന്മകര്‍മ്മഫലമായി ലഭിച്ച സുഖസൗകര്യങ്ങള്‍ ആസ്വദിച്ച്‌ രാജ്യം ഭരിച്ചു. സ്വയം വന്നുചേര്‍ന്ന സുഖസമ്പത്തല്ലാതെ അദ്ദേഹം ഒന്നിനുവേണ്ടിയും ആഗ്രഹിച്ചില്ല. ദിവ്യന്മ‍ാരായ മഹത്പ്പുരുഷന്മ‍ാരൊഴികെ എല്ലാ ജനങ്ങളേയും അദ്ദേഹം തന്റെ മാര്‍ഗ്ഗത്തിലേക്ക്‌ കൊണ്ടുവന്നു. ഒരിക്കല്‍ അദ്ദേഹം രാജ്യസഭ വിളിച്ചുകൂട്ടി സകലജനങ്ങളേയും അഭിസംബേധന ചെയ്തു സംസാരിച്ചു. മുതിര്‍ന്നവരെ വണങ്ങി, സദസ്സിനോട്‌ സംസാരിക്കുന്ന അദ്ദേഹം ആഭരണമണിയാതെതന്നെ സ്വപ്രഭയില്‍ തിളങ്ങി കാണപ്പെട്ടു. വാക്കുകളും സംസ്കാരവും, മര്യാദയും, ആത്മാര്‍ത്ഥതയും, മധുരിമയും, സ്വാനുഭവ തീഷ്ണതയും കാണായി.

“ശിഷ്ടപരിപാലനവും ദുഷ്ടശിക്ഷണവും രാജാവെന്നനിലക്ക്‌ എന്റെ കടമയത്രെ. പൊതുവേ ജനങ്ങളുടെ സംരക്ഷ, രാജാവില്‍ നിക്ഷിപ്തമാണ്‌. ഞാന്‍ എന്റെ ധര്‍മ്മം ഭംഗിയായി ചെയ്യുന്നതിലൂടെ പുണ്യമാര്‍ജ്ജിക്കുന്നു. ഏതൊരു രാജാവ്‌ തന്റെ പ്രജകളെ ധര്‍മ്മവിചാരത്തെപ്പറ്റി പഠിപ്പിക്കുന്നില്ലയോ അയാള്‍ ജനങ്ങളോട്‌ കരംപിരിച്ച്‌ ജീവിക്കുന്നതിലൂടെ പാപമാര്‍ജ്ജിക്കുന്നു. ആ രാജാവിന്റെ പുണ്യസമ്പത്ത്‌ നഷ്ടമാവുകയും ചെയ്യും. ഞാന്‍ നിങ്ങളോട്‌ പ്രാര്‍ത്ഥിക്കുന്നുതിത്രമാത്രം. ആ ഭഗവാന്റെ താമരപ്പാദങ്ങള്‍ മനസിലുറപ്പിച്ച്‌ നിങ്ങള്‍ നിങ്ങളുടെ ധര്‍മ്മത്തിലേര്‍പ്പെട്ടു ജീവിക്കുക. സ്വധര്‍മ്മം അനുഷ്ടിക്കുന്നതിലൂടെ നിങ്ങള്‍ എനിക്കും പുണ്യഫലം നല്‍കുന്നു.

നമ്മുടെ ജീവിതത്തിന്റെ ഏകലക്ഷ്യം ഭഗവാന്‍ നാരായണനെ സാക്ഷാക്കരിക്കുകയെന്നുളളതാണ്‌. മനു, ഉത്താനപാദന്‍, ധ്രുവന്‍, പ്രിയവ്രതന്‍, ബ്രഹ്മാവ്, ശിവന്‍, എന്റെ മുത്തച്ഛന്‍ അംഗന്‍, പ്രഹ്‌ളാദന്‍, മഹാബലി തുടങ്ങിയ മഹദ്‌വ്യക്തികളെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞിട്ടുളളതാണത്‌. എന്നാല്‍ ചിലര്‍ക്കിതു സ്വീകാര്യമല്ലതന്നെ. അവരോട്‌ സഹതപിക്കുകയല്ലാതെന്തു ചെയ്യാന്‍. ഭഗവാനെ പ്രാപിക്കുകവഴി എല്ലാ പാപങ്ങളില്‍നിന്നും നമുക്ക്‌ തല്‍ക്ഷണം മോചനം ലഭിക്കുന്നു. അതുകൊണ്ട്‌ മനസാവാചാകര്‍മ്മണാ ഭഗവാനെ പൂജിച്ച്‌ ഏതു ജോലിയാണോ നിങ്ങള്‍ക്ക്‌ ജീവനോപാധി, അത്‌ ഭംഗിയായി ചെയ്താലും. ഭഗവാന്‍ സ്വയം പൂജയും, പൂജ ചെയ്യുന്നുയാളും, പൂജിക്കപ്പെടേണ്ടയാളുമത്രേ. ബ്രഹ്മജ്ഞാനം നേടിയ ബ്രാഹ്മണരെ രാജവംശം ഒരിക്കലും നിന്നിക്കാതിരിക്കട്ടെ. ശുദ്ധി തപഃശക്തി, മിതഭാഷണം എന്നിവ ഭൂഷണമായ മഹാത്മാക്കളായ അവരുടെ പാദരേണുക്കള്‍ എന്റെ നെറ്റിത്തടത്തെ അലങ്കരിക്കട്ടെ.”

രാജാവിന്റെ പ്രസംഗം മഹാത്മാക്കളും പുണ്യചരിതരുമായവര്‍ക്ക്‌ സന്തുഷ്ടിയേകി. രാജാവിന്റെ ആത്മീയ പ്രഭ അച്ഛനായ വേനന്റെ ദുഷ്ടതയും പാപങ്ങളും പോലും തീര്‍ക്കാന്‍ പര്യാപ്തമായിരുന്നു. പ്രഹ്‌ളാദന്റെ ഭക്തി, അച്ഛന്‌ മോക്ഷപ്രാപ്തിയേകാനുതകിയതുപോലെയത്രേ അത്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF