കൃച്ഛ്‌റോ മഹാനിഹ ഭവാര്‍ണ്ണവമപ്ലേവേശാം
ഷഡ്വര്‍ഗനക്രമസുഖേന തിതീരിഷന്തി
തത്ത്വം ഹരേര്‍ഭഗവതോ ഭജനീയമംഘ്രിം
കൃത്വോഡുപം വ്യസന്മുത്തര ദുസ്തരാര്‍ണ്ണം (4-22-40)
മൈത്രേയന്‍ തുടര്‍ന്നുഃ
രാജാവിന്റെ മഹത്വങ്ങള്‍ ജനങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കേ എന്നും യുവാക്കളായ ആ നാലുബ്രഹ്മജ്ഞാനികള്‍, ബ്രഹ്മപുത്രന്മാരായ സനത്കുമാരന്മാര്‍ അവിടെ പ്രത്യക്ഷപ്പെട്ടു. രാജാവ് അവരെ പൂജിച്ചുപചരിച്ച ശേഷം പറഞ്ഞുഃ അവിടുത്തെ ക്ഷേമം അന്വേഷിക്കുന്നുത് അസ്ഥാനത്താണ്, കാരണം നിങ്ങള്‍ നാലുപേരും ആത്മസാക്ഷാത്ക്കാരത്തില്‍ മുഴുകിയവരാണല്ലോ. അവിടുത്തേയ്ക്ക് ആസനവും ജലവും നല്‍കാന്‍ കഴിയുന്ന ദരിദ്രന്‍ പോലും അനുഗ്രഹീതനത്രെ. ഇഹലോകജീവിതത്തില്‍ത്തന്നെ ആത്മസാക്ഷാത്ക്കാരം ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങളെ ഉല്‍ബുദ്ധരാക്കുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.”
സനത്കുമാരന്മാര്‍ക്ക് ചോദ്യം ഇഷ്ടമായി. സകലരുടേയും ക്ഷേമം ലക്ഷ്യമാക്കി അവരിങ്ങനെ പറഞ്ഞുഃ
“ദിവ്യപുരുഷന്മാരുമായുളള സത്സംഗം രണ്ടു കൂട്ടര്‍ക്കും നല്ലതാണ്. കാരണം ശരിയായ ചോദ്യങ്ങള്‍ ചോദിക്കപ്പെടുകയും ശരിയായ ഉത്തരങ്ങള്‍ ലഭിക്കുകയും ചെയ്യുമല്ലോ. രാജാവേ, അനാത്മവസ്തുക്കളോടുളള പരിപൂര്‍ണ്ണമായ അനാസക്തിയും ആത്മാവിനോടുളള നിരന്തരഭക്തിയും മുക്തിയിലേക്കുളള മാര്‍ഗ്ഗമായി അറിയപ്പെടുന്നു. വിശ്വാസം, ഭക്തി, ഭഗവദര്‍പ്പണഭാവത്തോടെയുളള കര്‍മ്മങ്ങള്‍, ഭഗവദ് കഥാശ്രവണം പൂജകള്‍, സത്സംഗത്തിനല്ലാതെയുളള എല്ലാ ലൌകീക കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കല്‍, യമനിയമാദികള്‍ പാലിക്കല്‍, സ്വാര്‍ത്ഥത ഇല്ലാതാക്കല്‍ എന്നീ മാര്‍ഗ്ഗങ്ങളാല്‍ നിഷ്പ്രയാസം ജീവന്‍ മുക്തി സാദ്ധ്യമത്രെ.
ഈവിധചര്യകളാല്‍ തയ്യാറെടുത്ത ഒരുവന്‍ ശരിയായ ഒരു ഗുരുവിന്റെ സഹായത്തോടെ ആത്മാവും താനുമായുളള വൈവിധ്യത്തെയുണ്ടാക്കുന്നു. ആ സൂക്ഷ്മ കവചത്തെ, സൂക്ഷ്മശരീരമായ മനസിനെ മാറ്റണം. സൂക്ഷ്മശരീര മുളളിടത്തോളം മാത്രമേ വൈവിധ്യം അനുഭവവേദ്യമാവുകയുളളൂ. ഒരു വസ്തുവും അതിന്റെ പ്രതിച്ഛായയും തന്നിലുളള അന്തരം, കണ്ണാടിയോ വെളളമോ ഉളള സമയത്തുമാത്രമേ പ്രകടമാവുകയുളളൂവല്ലോ. ഇന്ദ്രിയങ്ങള്‍, ഇന്ദ്രിയവസ്തുക്കളും രമിക്കുമ്പോള്‍ മനസ് ചഞ്ചലപ്പെടുന്നു. വിവേകം നഷ്ടപ്പെടുകയും വിജ്ഞാനം ഇല്ലാതാവുകയും ചെയ്യുന്നു. അതുകൊണ്ട് മുക്തിസാധകന്‍, ഇന്ദ്രിയ വസ്തുക്കളോടുളള ആസക്തി, തീരെ ഉപേക്ഷിക്കേണ്ടതാണ്. പുരുഷാര്‍ത്ഥങ്ങളില്‍ മുക്തി മാത്രമേ ശാശ്വതമായുളളൂ. ധാര്‍മ്മീകത, സുഖാസ്വാദനം, ധനസമ്പാദനം എന്നിവയെല്ലാം നശ്വരമത്രേ. അതുകൊണ്ട് രാജന്‍, ഭഗവദ്പദകമലങ്ങളില്‍ ഹൃദയമര്‍പ്പിക്കൂ. മാമുനിമാര്‍, ആ പാദങ്ങളും വിരല്‍നഖത്തെപ്പോലും സ്മരിക്കുന്നുമാത്രയില്‍ സ്വയം അഹങ്കാരപാശങ്ങളില്‍ നിന്നും മോചിതരാകുന്നു. സംസാരസാഗരം കടക്കാന്‍തുനിയുന്നവരുടെ യാത്ര ദുര്‍ഘടമാണ്. ആറുതരത്തിലുളള മുതലകള്‍ (പഞ്ചേന്ദ്രിയങ്ങളും മനസും അല്ലെങ്കില്‍ കാമക്രോധലോഭമോഹമദമാത്സര്യങ്ങള്‍) യാത്ര മുടക്കാന്‍ തയ്യാറായി നില്‍ക്കുന്നു. അതുകൊണ്ട് ഭഗവാന്‍ നാരായണന്റെ താമരപ്പാദങ്ങള്‍ ശരണമാക്കി സംസാരസാഗരത്തെ അതിജീവിച്ചാലും.”
സന്തുഷ്ടനായ രാജാവ് രാജ്യവും സകലതും സനത്കുമാരന്മാരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ചു. ” വിജ്ഞാനിയും ആത്മജ്ഞാനിയുമായവര്‍ക്കു മാത്രമേ രാഷ്ട്രീയബലവും സേനാബലവും കയ്യാളി, ലോകം ഭരിക്കാന്‍ അര്‍ഹതയുളളൂ.” രാജാവില്‍ സന്തുഷ്ടരായ സനകാദികള്‍ തങ്ങളുടെ സവിധങ്ങളിലേക്ക് യാത്രയായി. അങ്ങനെ ലൌകീകജീവിതത്തോട് ആസക്തിയില്ലാതെ രാജാവ് ഏറേക്കാലം രാജ്യം ഭരിച്ചു. എന്തെല്ലാം ചെയ്യേണ്ടതായിട്ടുണ്ടോ അതെല്ലാം യഥാവിധി യഥാസമയം അദ്ദേഹം ചെയ്തു. അദ്ദേഹത്തിന് അഞ്ച് പുത്രന്മാരുണ്ടായി. വിജിതാശ്വന്‍, ധൂമകേശന്‍, ഹര്യാക്ഷന്‍, ദ്രവീനന്‍, വൃകന്‍ എന്നിവര്‍. അദ്ദേഹം തികച്ചും ഒരു രാജാവ് തന്നെയായിരുന്നു. അദ്ദേഹം മനസാ വാചാ കര്‍മ്മണാ ജനങ്ങളെ സംതൃപ്തരും സന്തുഷ്ടരുമാക്കിഃ രാജപദത്തിന്റെ അര്‍ത്ഥം അതാണല്ലോ. പ്രഥുരാജന്റെ മഹിമ ലോകമെങ്ങും മുഴങ്ങികേട്ടു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF