സ്വധര്‍മ്മനിഷ്ഠഃ ശതജന്‍മഭിഃ പുമാന്‍ വിരിഞ്ചതാമേതി തതഃ പരം ഹി മാം
അവ്യാകൃതം ഭഗവതോഽഥ വൈഷ്ണവം പദം യഥാഹം വിബുധാഃ കലാത്യയേ (4-24-29)
മൈത്രേയന്‍ തുടര്‍ന്നുഃ
പൃഥുവിന്റെ പുത്രന്‍ വിജിതാശ്വന്‍ ചകവ്രര്‍ത്തിയായി. അയാള്‍ തന്റെ രാജ്യം നാലായി വിഭജിച്ച് സഹോദരന്മാര്‍ക്ക് വീതിച്ചു. ഹര്യാക്ഷന് കിഴക്കേ ഭാഗം, ധൂമ്രകേശന് തെക്കുഭാഗം, വൃകന് പടിഞ്ഞാറേഭാഗം, ദ്രവീണന് വടക്കുഭാഗം. വിജിതാശ്വന് സ്വേച്ഛയാല്‍ അപ്രത്യക്ഷനാവാന്‍ കഴിവുണ്ടായിരുന്നുതിനാല്‍ അന്തര്‍ധാനന്‍ എന്നും പേരുണ്ട്. അദ്ദേഹത്തിന് തന്റെ ഭാര്യ ശിഖന്ദിനിയില്‍ പാവകന്‍, പാവമണന്‍, സവചി എന്നീ മൂന്നുപുത്രന്മാരും നഭസ്വതിയില്‍ ഹവിര്‍ധനന്‍ എന്ന പുത്രനും ഉണ്ടായി. ശിഖന്ദിനീപുത്രന്മാര്‍ ഒരു മുനിയുടെ ശാപത്താല്‍ ഭൂമിയില്‍ പിറന്ന അഗ്നിദേവതകളായിരുന്നു. അവര്‍ക്ക് യോഗമാര്‍ഗ്ഗത്തിലൂടെ പിന്നീട് ശാപമോക്ഷം ലഭിക്കുകയും ചെയ്തു. വിജിതാശ്വന്‍, തന്റെ ചക്രവര്‍ത്തിപദം ഹവിര്‍ധനനെ ഏല്‍പ്പിച്ച് നിരന്തരമായി ധര്‍മ്മയാഗങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. രാജകീയ ധര്‍മ്മങ്ങളായ ശിക്ഷ, കരംപിരിവ്, അധികാരപ്രകടനം ഇവയെല്ലാം അദ്ദേഹത്തിനിഷ്ടമായിരുന്നില്ല. ഭഗവല്‍പ്പദകമലങ്ങളില്‍ ഹൃദയമര്‍പ്പിച്ച് അവസാനം അദ്ദേഹം ആ സവിധത്തില്‍ ഒരിടം നേടുകയും ചെയ്തു.
ഹവിര്‍ധനന് ഹവില്‍ധനി എന്ന ഭാര്യയില്‍ ആറുപുത്രന്മാര്‍ ഉണ്ടായി. ബര്‍ഹിഷാദ്, ഗയന്‍, ശുക്ലന്‍, കൃഷ്ണന്‍, സത്യന്‍, ജുതവൃതന്‍ എന്നിവര്‍. ബര്‍ഹിഷാദ് ചക്രവര്‍ത്തിയായി അവരോധിക്കപ്പെട്ടു. അദ്ദേഹം വേദയാഗകര്‍മ്മങ്ങളില്‍ അതിനിപുണനായിരുന്നു. സ്ഥിരമായി ഈദൃശകര്‍മ്മങ്ങളിലേര്‍പ്പെടുക മൂലം അദ്ദേഹം പ്രാചീനബര്‍ഹി എന്നറിയപ്പെട്ടു. ശതദ്രുതി എന്നാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. അതീവസുന്ദരിയായിരുന്നു അവര്‍. വിവാഹമംഗളമാശംസിക്കാന്‍ വന്ന ദേവന്മാര്‍ പോലും അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടരായിപ്പോയി. അഗ്നിഭഗവാന്‍ അവളില്‍ അനുരാഗിയായിരുന്നുവത്രെ. ബര്‍ഹിഷാദ ശതദ്രുതി ദമ്പതിമാര്‍ക്ക് പ്രചേതര്‍ എന്ന പേരിലറിയപ്പെടുന്ന പത്തു പുത്രന്മാരുണ്ടായി. തങ്ങളുടെ അച്ഛന്റെ ആജ്ഞപ്രകാരം, പ്രചേതര്‍ വിവാഹംചെയ്ത് കുട്ടികളുണ്ടായി വംശം വര്‍ദ്ധിപ്പിക്കാനായി തപസ്സിലേര്‍പ്പെടാന്‍ പുറപ്പെട്ടു. വഴിക്കുവെച്ച് രുദ്രഭഗവാനെക്കണ്ട് ഒരു ദിവ്യമന്ത്രം പഠിച്ചു. പിന്നീട് ഒരു തടാകത്തിലിറങ്ങി ഈ മന്ത്രവും ജപിച്ച് പതിനായിരം കൊല്ലം തപസ്സനുഷ്ടിച്ചു.
പ്രചേതര്‍ രുദ്രദേവനെ കാണാനുണ്ടായ സാഹചര്യം മൈത്രേയന്‍ ഇങ്ങനെ വിവരിച്ചു. പ്രചേതര്‍ പടിഞ്ഞാറേദേശത്തേക്ക് തപസ്സിനായി പുറപ്പെട്ടപ്പോള്‍ വഴിക്കുവെച്ച് സുന്ദരവും വിപുലവുമായ ഒരു തടാകം കാണുകയുണ്ടായി. അവിടെ ഒരു ദിവ്യസംഗീതം കേള്‍ക്കായി. പ്രചേതര്‍ അതില്‍ മതിമറന്നുനില്‍ക്കെ രുദ്രഭഗവാന്‍ തടാകത്തില്‍ നിന്നും പൊങ്ങിവന്നു. ദേവസ്ത്രീകളാല്‍ ചുറ്റപ്പെട്ടാണ് രുദ്രദേവന്‍ പ്രത്യക്ഷണായത്.
രുദ്രഭഗവാന്‍ പറഞ്ഞുഃ “അല്ലയോ പ്രചേതരേ, നിങ്ങളുടെ ഹൃദയാഭിലാഷം ഞാന്‍ മനസിലാക്കുന്നു. നിങ്ങളെക്കണ്ട് അനുഗ്രഹിക്കാനും ഒരു ദിവ്യമന്ത്രം ഉപദേശിക്കാനുമാണ് ഞാന്‍ പ്രത്യക്ഷപ്പെട്ടത്. ഭഗവാന്‍ വിഷ്ണുവിന്റെ പാദാരവിന്ദങ്ങളില്‍ അഭയം തേടിയവരാകയാല്‍ നിങ്ങളില്‍ ഞാന്‍ സംപ്രീതനാണ്. ഒരു നൂറുവര്‍ഷം ധര്‍മ്മിഷ്ടനായി ജീവിക്കുമ്പോള്‍ ഒരുവന്‍ സൃഷ്ടാവിന്റെ സവിധമണയുന്നു അതും കഴിഞ്ഞ് കാലം കുറെക്കഴിയുമ്പോള്‍ എന്റെയടുക്കല്‍ എത്തിച്ചേരുന്നു. പക്ഷെ വിഷ്ണുഭക്തന്‍, ലോകവാസം വെടിഞ്ഞയുടന്‍ വിഷ്ണുസവിധത്തിലേക്കു നേരിട്ടു ചെന്നെത്തുന്നു. ആ സവിധമണയാന്‍ ഞങ്ങള്‍ക്കുപോലും ഒരു ലോകചക്രം കഴിയാന്‍ കാത്തിരിക്കേണ്ടതുണ്ട്. ഇനി ഞാന്‍ ആ ദിവ്യമന്ത്രം നിങ്ങള്‍ക്കു പറഞ്ഞുതരാം. പരമശാന്തിയുടെ മാര്‍ഗ്ഗമണയാന്‍ ഈ മന്ത്രം നിങ്ങള്‍ക്കു പ്രയോജനപ്പെടുന്നതാണ് .”
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF