ഈശ്വരന്റെ ഒരൊറ്റ ദര്‍ശനം. അതുമാത്രം മതി. അതിനായിട്ടാണ് ഇക്കാലമത്രയും അദ്ദേഹം ജീവിച്ചത്. ലൗകികസുഖങ്ങളും വിവാഹവും വെണ്ടന്ന് വച്ചത്. മനസാ സന്യാസം സ്വീകരിച്ചത്. കാലം ഏറെ കടന്നുപോയി. അദ്ദേഹത്തിന് ഇതേവരെ പ്രത്യക്ഷമായ ഒരു അനുഭൂതിയും ഉണ്ടായിട്ടില്ല. അന്ന് ഏറെനേരം അദ്ദേഹം ഈശ്വരചിന്തയിലാണ്ടിരുന്നു.
അത്ഭുതകാരണമെന്നു പറയട്ടെ. അദ്ദേഹത്തിന്റെ ദൃഷ്ടിക്കു മുന്നില്‍ പെട്ടെന്ന് അഭൗമമായൊരു ദിവ്യപ്രകാശം തെളിഞ്ഞു. മനം ശാന്തിയിലാണ്ടു ആനന്ദം ഓരോ കോശങ്ങളിലും നിറയുന്ന അനുഭവം.
അപ്പോഴാണ് ആശ്രമത്തിലെ മണി മുഴങ്ങിയത്. അദ്ദേഹം മെല്ലെ ആനന്ദലഹരിയില്‍ നിന്നും ഉണര്‍ന്നു. അഗതികള്‍ക്ക് ആഹാരം കൊടുക്കേണ്ട സമയമായി എന്നറിയിക്കുന്ന മണി. ഇന്ന് അദ്ദേഹത്തിന്റെ ഊഴമാണ്. വൈകിയാല്‍ വന്നവരെല്ലാം ആഹാരമില്ലെന്നു കരുതി മടങ്ങും.
എന്തു ചെയ്യും? ഈ ദര്‍ശനസുഖം ഉപേക്ഷിക്കുന്നതെങ്ങനെ? ഒടുവില്‍ ഭാരം പേറുന്ന മനസ്സുമായി ദര്‍ശനം ഉപേക്ഷിച്ച് അദ്ദേഹം എഴുന്നേറ്റു, ആഹാരം കൊടുക്കാന്‍ പോയി. എല്ലാവര്‍ക്കും മതിവരുവോളം ആഹാരം കൊടുത്തു.
തിരിച്ച് മുറിയിലേയ്ക്കു നടന്നു. ഇഷ്ടപ്പെട്ട ദര്‍ശനം മനോവേദന ഉണ്ടാക്കി. മുറിയുടെ വാതില്‍ തുറന്ന അദ്ദേഹം വിസ്മയിച്ചു പോയി.
മുറിയില്‍ അഭൗമമായ പ്രകാശം.. താന്‍ ആദ്യം കണ്ടതിനേക്കാള്‍ പ്രഭാവത്തോടെ. അദ്ദേഹം ആനന്ദത്തിലാണ്ടു. അപ്പോള്‍ ഒരു മൃദു സ്വരം കേള്‍ക്കായി.
“പുത്രാ, നീ അവരെ ഊട്ടാന്‍ പോയില്ലായിരുന്നെങ്കില്‍ എന്നന്നേക്കുമായി ഈ ദര്‍ശനം നിനക്ക് നഷ്ടപ്പെടുമായിരുന്നു. എന്റെ മക്കള്‍ക്ക് ആഹാരം കൊടുക്കാന്‍ പോയതിനാല്‍ നിനക്കായി ഞാന്‍ കാത്തിരുന്നു.’
സേവനത്തേക്കാള്‍ വലിയ ഈശ്വരസേവയില്ല.
കടപ്പാട്: നാം മുന്നോട്ട്