പുരഞ്ജനന്റെ നായാട്ടും പ്രണയകലഹവും – ഭാഗവതം (94)
യ ഏവം കര്‍മ്മ നിയതം വിദ്വാന്‍ കുര്‍വീത മാനവഃ
കര്‍മണാ തേന രാജേന്ദ്ര ജ്ഞാനേ ന സ ലിപ്യതേ (4-26-7)
അന്യഥാ കര്‍മ്മ കുര്‍വാണോ മാനാരൂഢോ നിബധ്യതേ
ഗുണപ്രവാഹപതിതോ നഷ്ടപ്രജ്ഞോ വ്രജത്യധഃ (4-26-8 )
നാരദമുനി തുടര്‍ന്നുഃ ഒരു ദിവസം രാജാവ് നായാട്ടിനു പോയി. അദ്ദേഹത്തിന്റെ കയ്യില്‍ ഗംഭീരമായ ഒരു വില്ലും അമ്പൊഴിയാത്ത ആവനാഴിയും ഉണ്ടായിരുന്നു. അഞ്ചുകുതിരകളെ പൂട്ടിയ തേര്, അതിന് രണ്ട് ലംബങ്ങളും, രണ്ട് ചക്രങ്ങളും ഒരു അച്ചുതണ്ടും ഉണ്ടായിരുന്നു. മൂന്നു കൊടിമരങ്ങളും, അഞ്ചു കയറുകളും, ഒരു കടിഞ്ഞാണും, ഒരു തേരാളിയും, ഒരിരിപ്പിടവും ഉണ്ടായിരുന്നു. രണ്ടു തൂണുകളിലായി നുകവും, അഞ്ച് രഹസ്യഅറകളും, ഏഴു സുരക്ഷിതവളയങ്ങളും ഉണ്ടായിരുന്നു. അഞ്ചുകാര്യങ്ങള്‍ നടത്തുവാന്‍ ഈ രഥത്തിലിടമുണ്ടായിരുന്നു. നായാട്ടിനോട് അതീവ ഭ്രമമുണ്ടായിരുന്ന രാജാവ്, കാട്ടില്‍ പോവാനുളള ധൃതിയില്‍ ഭാര്യയെ കൂടെ കൊണ്ടുപോയില്ല.
ആവശ്യാനുസരണമുളള നായാട്ട് ഒരു രാജാവിന്റെ അവകാശങ്ങളില്‍പ്പെട്ടതത്രെ. ഇതു ജീവിതത്തിനു തന്നെയും ബാധകമാണ്. ഏതൊരുവന്‍ ധര്‍മ്മത്തിനും കടമകള്‍ക്കുമനുസരിച്ച് വര്‍ത്തിക്കുന്നുവോ ആ കര്‍മ്മങ്ങള്‍ അയാളെ ബന്ധിക്കുന്നുമില്ല. കളങ്കപ്പെടുത്തുന്നുമില്ല. എന്നാല്‍ അഹങ്കാരത്തോടെ പ്രവര്‍ത്തിക്കുന്നവനാകട്ടെ ത്രിഗുണങ്ങളുടെ വരുതിയില്‍പ്പെട്ട് വിജ്ഞാനം നശിച്ച് പരിണാമദശകളുടെ പടികളിറങ്ങുകയാണ് ചെയ്യുന്നുത്.
രാജാവ് ദയയില്ലാതെ, ആവശ്യങ്ങളിലെങ്കിലും കുറെയധികം മൃഗങ്ങളെ നായാടി കൊന്നു. അദ്ദേഹത്തിന്റെ ക്രൂരതയാല്‍, വേദനയോടെ അനേകം മൃഗങ്ങള്‍ ചത്തുവീണു. മനസിനു മതിയാവോളം നായാട്ടു നടത്തിയ ശേഷം, ക്ഷീണിതനായ രാജാവ് കൊട്ടാരത്തിലേക്ക് തിരിച്ചു. കുളികഴിഞ്ഞ് ഉന്‍മേഷവാനായി രാജാവ് വിശ്രമിച്ചു. അപ്പോള്‍ തന്റെ ഭാര്യയുടെ സാമീപ്യം കൊതിച്ച് ദാസികളോട് അവരെവിടെയെന്നു തിരക്കി. “സ്നേഹസമ്പന്നയായ അമ്മയുടേയും, ഭര്‍ത്താവിനെ ദൈവമായി കരുതുന്ന ഭാര്യയുടേയും സാമീപ്യം ആഗ്രഹിക്കാത്ത ഒരുവന്‍ താമസിക്കുന്ന വീട് സുഖപ്രദമോ സൗകര്യപ്രദമോ എന്നു പറഞ്ഞുകൂടാ. അതുകൊണ്ട്, എന്റെ രാജ്ഞി എവിടെയാണെന്ന് പറഞ്ഞുതന്നാലും. എനിക്കു വ്യസനം വരുമ്പോള്‍ സന്തോഷിപ്പിക്കുന്നുവളും എല്ലാത്തരത്തിലും എന്റെ ഹൃദയത്തെ ഉല്ലസിപ്പിച്ച്, പ്രോത്സാഹിപ്പിച്ച് പ്രഭയേകുന്നുവളുമായ എന്റെ പ്രിയപത്നി എവിടെയാണ് ?’
ദാസികള്‍, രാജ്ഞികിടക്കുന്നയിടം രാജാവിന് കാണിച്ചുകൊടുത്തു. അസന്തുഷ്ടയും ദുഃഖിതയുമായിരുന്നു അവര്‍. രാജാവ് അസാധാരണായ ഈ കാഴ്ച്ചയില്‍ അതീവ ദുഃഖിതനായി. അവളുടെ മുന്നില്‍ മുട്ടുകുത്തി ആ കാലുകള്‍ സ്വന്തം മടിയില്‍ എടുത്തുവെച്ചു. അവളെ ആലിംഗനം ചെയ്തു തലോടി ആശ്വസിപ്പിക്കാന്‍ ആവതെല്ലാം രാജാവു ചെയ്തു. അദ്ദേഹം ചോദിച്ചു. “അല്ലയോ സുന്ദരീ, ആരെങ്കലും നിന്നെ അപമാനിക്കുകയോ നിന്നോട് അപമര്യാദയായി പെരുമാറുകയോ ചെയ്തുവോ? ആരാണെങ്കിലും അവരെ ഞാന്‍ കഠിനമായി ശിക്ഷിക്കുന്നുണ്ട്. മുനിമാരോ ദൈവഭക്തന്മാരോ ഒഴികെ ആരേയും ശിക്ഷിക്കാന്‍ രാജാവിന് അധികാരമുണ്ട്. കുറ്റം ചെയ്തവന് ശിക്ഷ ഒരനുഗ്രഹമാണ്. കാരണം, ആ ശിക്ഷ, ദൈവത്തിന്റെ തന്നെ മഹിമയും ദയാവായ്പ്പുമത്രെ. എന്നോട് കരുണ കാണിച്ചാലും പ്രിയതമേ. നായാട്ടിന് കൂടെ കൊണ്ടുപോവാതെ ഞാന്‍ നിന്നോട് അപമര്യാദ കാണിച്ചു. എന്നോടു ക്ഷമിക്കൂ. നിന്റെ മുഖം ഒരിക്കലുമിങ്ങനെ ദുഃഖാകുലമായി ഞാന്‍ കണ്ടിട്ടില്ലല്ലോ. എന്നോട് പ്രേമവും ക്ഷമയും കാട്ടിയാലും.”
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF