ഭാഗവതം നിത്യപാരായണംശ്രീമദ് ഭാഗവതം

ചാണ്ഡവേഗന്റെ ആക്രമണം, കാലകന്യകയുടെ ചരിത്രം – ഭാഗവതം (95)

തയോപഗൂഢഃ പരിരബ്ധകന്ധരോ രഹോഽനുമന്ത്രൈരപകൃഷ്ട ചേതനഃ
ന കാലരംഹോ ബുബുധേ ദുരത്യയം ദിവാ നിശേതി പ്രമദാപരിഗ്രഹഃ (4-27-3)

നാരദമുനി തുടര്‍ന്നുഃ രാജാവ്‌ പൂര്‍ണ്ണമായും തന്റെ അടിമയായെന്നു ബോദ്ധ്യമായ രാജ്ഞി എഴുന്നേറ്റുകുളിച്ച്‌ അണിഞ്ഞൊരുങ്ങി അദ്ദേഹത്തിന്റെ സാമീപ്യം ആസ്വദിച്ചു. രാജ്ഞിയുടെ വിഷയാസക്തമായ പ്രേമത്തില്‍ രാജാവ്‌ ജീവിതം മുഴുവന്‍ ചിലവഴിച്ചു. സമയം കടന്നുപോകുന്നതോ രാത്രിയോ പകലോ ഒന്നും രാജാവറിഞ്ഞില്ല. സുഖത്തിനായുളള ആസക്തി അദ്ദേഹത്തിന്റെ വിവേകവിവേചനശക്തികള്‍ കവര്‍ന്നെടുത്തിരുന്നു. തന്റെ ഭാര്യയില്‍ ആയിരത്തിയൊരുനൂറ്‌ പുത്രന്മ‍ാരും നൂറ്റിപ്പത്തുപുത്രികളും ഉണ്ടായി. അവരുടെയെല്ലാം വിവാഹങ്ങള്‍ കെങ്കേമമായി നടത്തികൊടുത്തു. അവര്‍ക്ക്‌ കുട്ടികളുണ്ടായി തന്റെ കുലം വര്‍ദ്ധിക്കുന്നുതു കണ്ട്‌ രാജാവ്‌ സന്തോഷിച്ചു. അദ്ദേഹവും നിങ്ങള്‍ ഇപ്പോള്‍ നടത്തുന്നതുപോലെ മൃഗബലി നടത്തി നിരപരാധികളായ നിരവധി മിണ്ടാപ്രാണികളുടെ ശാപമേറ്റു വാങ്ങി. അങ്ങനെ ആത്മീയതക്ക്‌ വിരുദ്ധമായ പ്രയോജനരഹിതമായ ജീവിതം നയിക്കേ വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ രാജാവിനെ പിടികൂടി.

ചണ്ടവേഗന്‍ എന്ന രാജാവാണ്‌ ഗന്ധര്‍വ്വന്മ‍ാരുടെ നേതാവ്‌. അദ്ദേഹത്തിന്‌ മുന്നൂറ്റിയറുപത്‌ കിങ്കരന്മ‍ാരും അത്രതന്നെ വെളുത്ത സ്ത്രീകളും ചേര്‍ന്ന ഒരു പടയുണ്ട്‍്‌. ഏതൊരു പട്ടണത്തേയും അവര്‍ ആക്രമിക്കും. ഇപ്പോഴല്ലെങ്കില്‍ മറ്റൊരിക്കല്‍. പുരഞ്ജനന്റെ നഗരത്തെ ആക്രമിച്ചപ്പോഴൊക്കെ പ്രജാളരന്‍ എന്ന സര്‍പ്പം അതിനെ ചെറുത്തുനിന്നു. വയസ്സായതോടെ സര്‍പ്പത്തിനും ക്ഷീണമായി. രാജാവിന്‌ വരാന്‍ പോവുന്ന വിപത്തിനേക്കുറിച്ചാലോചിക്കാനായില്ല. അദ്ദേഹം പരിക്ഷീണനായിരുന്നു. കാലന്റെ ഒരു പുത്രിയാണ്‌ ദുര്‍ഭഗ. പേരിനൊത്തു ഭയങ്കരമായിരുന്നു, അവളുടെ രൂപവും. അവള്‍ ഒരു ഭര്‍ത്താവിനെ തേടി. അവള്‍ കുറച്ചുനാള്‍ യയാതിയുടെ പുത്രനായ പുരുവിന്റെ ഭാര്യയായിരുന്നു. പിന്നീടവള്‍ എന്നെ വശീകരിക്കാന്‍ തുനിഞ്ഞു. ഞാനതിനെ ചെറുത്തുനിന്നുപ്പോള്‍ “ജന്മം മുഴുവന്‍ അലഞ്ഞുനടക്കാനിടവരട്ടെ” എന്ന്‌ അവളെന്നെ ശപിക്കുകയും ചെയ്തു. പിന്നീടവര്‍ ‘ഭയ’ത്തിനെ ചെന്നുകണ്ട്‌ അയാളെ വശീകരിക്കാന്‍ ശ്രമിച്ചു. ഭയത്തിന്റെ അജയ്യശക്തിയെപ്പറ്റിപറഞ്ഞ് അയാളെ പുകഴ്ത്തി. “അങ്ങയുടെ പേരില്‍ ജനങ്ങളിലുളള പ്രത്യാശ ഒരിക്കലും പാഴാവുന്നില്ല. (പ്രത്യാശയുളളിടത്തെല്ലാം ഭയം പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ.) വച്ചുനീട്ടുന്ന സമ്മാനത്തെ സ്വീകരിക്കാത്തവന്‍ വിഡ്ഢിയത്രെ. സ്വീകരിക്കുന്നുതു പുരുഷലക്ഷണവും.” അങ്ങനെ വിവാഹാഭ്യര്‍ത്ഥന നടത്തി ഭുര്‍ഭഗ.

ദേവന്മ‍ാരുടെ ഗൂഢാലോചന മണത്തറിഞ്ഞ ഭയം (ലോകത്തിലെ എല്ലാ ജീവികളുടേയും മരണം) പുഞ്ചിരിയോടെ മറുപടി പറഞ്ഞു. “ഭവതിയെ ലോകത്തിലുളള എല്ലാവര്‍ക്കും വെറുപ്പാണല്ലോ. പക്ഷെ വിഷമിക്കേണ്ടതില്ല. നിനക്കുപറ്റിയ ഒരു ഭര്‍ത്താവിനെ ഞാന്‍ കാണിച്ചുതരാം. മാത്രമല്ല എന്റെ പടയുടെ ശല്യമൊന്നുമില്ലാതെ ഈ സൃഷ്ടിയെ മുഴുവന്‍ ആസ്വദിച്ച്‌ അവരവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച്‌ അവര്‍ക്ക്‌ ദുര്‍ഭാഗ്യം വിളമ്പി ജീവിക്കുകയും ചെയ്യാം. എന്റെ സഹോദരന്‍ പ്രജ്വരന്‍ നിന്നെ കല്ല്യാണം കഴിക്കും. ഞാന്‍ നിനക്കൊരു ജ്യേഷ്ഠനായിരിക്കും. നമുക്കു മൂവര്‍ക്കും, ആതിഥേയരുടെ സഹായത്തോടെ ലോകം മുഴുവനുമുളള മാനവരാശിയെ കീഴടക്കി ജീവിക്കാം.”(ഭയം, ദൗര്‍ഭാഗ്യം, പ്രജ്വരം)

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF

Back to top button