അഹം ഭവാന്ന, ചാന്യാസ്ത്വം ത്വമേവാഹം വിചക്ഷ്വ ഭോഃ
ന നൗ പശ്യന്തി കവയഃ ഛിദ്രം ജാതു മനാഗപി (4-28-62)
യഥാ പുരുഷ ആത്മാനമേകാദര്‍ശചക്ഷുഷോഃ
ദ്വിതാഭുതമവേക്ഷേത തഥൈവാന്തരമാവയോഃ (4-28-63)
നാരദന് തുടര്‍ന്നുഃ പ്രജ്വരനെ വിവാഹം ചെയ്ത് ഭയത്തിന്റെ സേനാബലത്തോടുകൂടി കാലപുത്രി ലോകത്തില്‍ ദുരിതം വിതച്ചു നടന്നു. ഒരു ദിവസം അവര്‍ പുരഞ്ജന നഗരിയെ ആക്രമിച്ചു. കാലപുത്രിയുടെ (ദുര്‍ഭഗ) പിടിയില്‍ പുരഞ്ജന് നിസ്സഹായനായി. ഭയത്തിന്റെ സേന വരുത്തിവെച്ച ദുരിതങ്ങളാല്‍ നഗരവാസികള്‍ക്ക് പലേവിധത്തിലുമുളള ദുഃഖങ്ങളുമുണ്ടായി. പുരഞ്ജനന്റെ മനസ് വിഷയാസക്തിയില്‍നിന്നും ഇനിയും മുക്തി പ്രാപിച്ചിട്ടുണ്ടായിരുന്നില്ല. അവസാനം മനമില്ലാമനമോടെ നഗരം വിട്ടുപോകാന്‍ അദ്ദേഹം തീരുമാനിച്ചു. പ്രജ്വരന്‍ നഗരത്തില്‍ പ്രവേശിച്ചതോടെ നഗരം കത്താന്‍ തുടങ്ങി. പുരഞ്ജനന്റെ സ്ഥിതി വളരെ കഷ്ടത്തിലായി. നഗരപാലകനായ പ്രജാഗരസര്പ്പവും അവസാനത്തെ ഒരു ശ്രമം പരാജയപ്പെട്ടപ്പോള്‍ നഗരം വിട്ടുപോകാന്‍ തിരുമാനിച്ചു. നഗരം തന്റേതാണെന്നും, ഭാര്യയും കുട്ടികളും തന്റേതാണെന്നും ഉളള വിചാരത്താല്‍ അവര്‍ക്കു വേണ്ടി പുരഞ്ജനന് വ്യസനപ്പെട്ടു. ഭയം അയാളെ കെട്ടിമുറുക്കി കൊണ്ടു പോകാന്‍ തുനിയുമ്പോഴും തന്റെ പഴയ സുഹൃത്തായ അവിജ്ഞാതനെ ഓര്‍മ്മ വന്നില്ല. ദൂരത്തായി താന്‍ ഉപദ്രവിച്ചു കൊന്ന മൃഗങ്ങള്‍ പുരഞ്ജനനെ കാത്തുനിന്നിരുന്നു.
ഹൃദയത്തില്‍ , അപ്പോഴും രാജാവിന് ഭാര്യയുമായുളള ആസക്തി കൈവിട്ടിരുന്നില്ല. അതുകൊണ്ട് അദ്ദേഹം അടുത്തജന്മത്തില് വിദര്‍ഭയിലെ രാജാവിന്റെ സുന്ദരിയായ മകളായി ജനിച്ചു. പാണ്ട്യരാജ്യത്തിന്റെ രാജാവായ മലയധ്വജന് അവളെ വിവാഹം ചെയ്തു. അവര്‍ക്ക് സുന്ദരിയായ ഒരു മകളും ഏഴു പുത്രന്മാരും ഉണ്ടായി. മകളെ അഗസ്ത്യമുനിക്ക് വിവാഹം ചെയ്തു കൊടുത്തു. മലയധ്വജന് ഭാര്യയുമൊത്ത് വനത്തിലേക്ക് പോയി. അവിടെ തന്റെ മനസും ശരീരവും ശുദ്ധീകരിച്ച് ഭഗവാന് ശ്രീകൃഷ്ണനെ ധ്യാനിച്ച് തീവ്രസാധനയിലും തപസ്സിലും കഴിഞ്ഞു. അങ്ങനെ പരമാത്മസ്വരൂപനായ ഭഗവാനില്‍ വിലീനമായി നിര്‍വ്വാണപദം പൂകി. അദ്ദേഹം ദ്വന്ദ്വശക്തികളെ വെന്ന്, ആത്മാവിനെ സാക്ഷിരൂപത്തില്‍ തിരിച്ചറിഞ്ഞ് ശരീരമനോവ്യപാരങ്ങളെ നിസ്സംഗ്ഗതയോടെ കണ്ടു. അങ്ങനെ ഭഗവല്‍ധ്യാനത്തില്‍ ഏറേക്കാലം തപസ്സിരുന്നാണ് ഒടുവില്‍ അദ്ദേഹം ശരീരമുപേക്ഷിച്ചതു്. മലയധ്വജന്റെ രാജ്ഞിയും ഭര്‍ത്താവിന്റെ പാതയില്‍ ധ്യാനനിരതയായി വര്‍ത്തിച്ചു. രാപകല്‍ ഭര്‍ത്തൃശുശ്രൂഷ ചെയ്ത അവര്‍ ഒരു ദിനം ഭര്‍ത്താവിന്റെ കാലുകള്‍ തണുത്തു മരവിച്ചതായി കണ്ടു. അതീവ ദുഃഖഭാരത്തോടെ ചിതയൊരുക്കി ഭര്ത്തൃശരീരം അതിനു മുകളില്‍വച്ച് സ്വയം അതില്‍ കയറാന്‍ തുടങ്ങുമ്പോള്‍ ഒരു ബ്രാഹ്മണന് പ്രത്യക്ഷപ്പെട്ട് തടഞ്ഞു.
“എന്നെ ഓര്‍ക്കുന്നുണ്ടോ? നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത് അവിജ്ഞാതനാണ് ഞാന്‍. ഏറേക്കാലം മുന്‍പ് കഴിഞ്ഞ ജന്മത്തില് നമ്മള് നല്ലൊരു ഗൃഹം തേടിപ്പോയി. ഒരിടത്ത് ഒരു സ്ത്രീയുടെ സൗന്ദര്യത്തില്‍ മയങ്ങി വിഷയസുഖങ്ങളാസ്വദിക്കാന് നിങ്ങള്‍ അവിടെത്തന്നെ കഴിഞ്ഞുപോന്നു. ആ മാളികയ്ക്കു ചുറ്റുമായി അഞ്ചു പൂന്തോട്ടങ്ങളും, ഒന്‍പതു കവാടങ്ങളും, ഒരു നഗരപാലകനും, മൂന്നു, ഭിത്തികളും, ആറു കച്ചവടക്കാരും അഞ്ച് വിപണികളും ഉണ്ടായിരുന്നു. ഒരു സ്ത്രീയായിരുന്നു ആ നഗരത്തിന്റെ അധിപ. നിങ്ങള്‍ ദിവ്യമായ ആത്മസ്വരൂപത്തെ മറന്നതുകൊണ്ട് ആ ശരീരം ഉപേക്ഷിച്ചപ്പോള്‍ വീണ്ടും വിദര്‍ഭ രാജാവിന്റെ മകളായി പിറക്കുകയാണുണ്ടായത്.”
“ഞാന്‍ നീയും നീ ഞാനുമാണ്. വ്യത്യാസം, കണ്ണാടിയിലെ പ്രതിബിംബവും മറ്റുളളവരുടെ കൃഷ്ണമണിയിലെ പ്രതിബിംബവും തനമ്മിലുളള വ്യത്യാസമത്രെ. നീയും ഞാനും അനുഗൃഹീതരായ ഹംസങ്ങളത്രെ. വിശ്വാവബോധത്തിന്റെ പൊയ്കയില്‍ എന്നേയ്ക്കും കഴിയേണ്ട ഹംസങ്ങള്‍.” ഇതുകേട്ട് രാജ്ഞിയും ശരീരമുപേക്ഷിച്ച് വിശ്വാവബോധം പ്രാപിച്ചു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF