ദേഹോ രഥസ്ത്വി ന്ദ്രിയാശ്വഃ സംവത്സരര യോഗԗതിഃ
ദ്വികര്‍മചക്രസ്ത്രിഗുണധ്വജഃ പഞ്ചാസുബന്ധുരഃ (4-29-18)
മനോരശ്മിര്‍ബ്ബുദ്ധി സൂതോ ഹൃന്നിഡോ ദ്വന്ദ്വകൂബരഃ
പഞ്ചേന്ദ്രിയാര്‍ത്ഥപ്രക്ഷേപഃ സപ്തധാതുവരൂഥകഃ (4-29-19)
ആകൂതിര്‍വിക്രമോ ബാഹ്യോ മൃഗതൃഷ്ണാം പ്രധാവതി
ഏകാദശേന്ദ്രിയചമൂഃ പഞ്ചസൂനാവിനോദകൃത്‌ (4-29-20)

കഥയുടെ ആത്മീയവശം വിശദീകരിച്ചുകൊണ്ട്‌ നാരദന്‍ പറഞ്ഞുഃ “പുരഞ്ജന (നഗരസൃഷ്ടി) ജീവനത്രെ. തന്റെ ശാശ്വതസുഹൃത്തായ അവിജ്ഞാതനെ (ഈശ്വരന്‍ഃ അറിയപ്പെടാത്തത്‌) മറന്നുകൊണ്ട്‌ ജീവന്‍ സ്വന്തം വാസസ്ഥലമന്വേഷിക്കുന്നു. മനുഷ്യശരീരമാണ്‌ ഉചിതമായ വാസസ്ഥലമെന്ന് കണ്ട്‌ ജീവന്‍, രണ്ടു കയ്യും രണ്ടു കാലും ഒന്‍പതു ദ്വാരങ്ങളുമുളള ശരീരത്തില്‍ പ്രവേശിക്കുന്നു. യുവതി, മനുഷ്യബുദ്ധിയാണ് പത്തിന്ദ്രിയങ്ങള്‍ അവളുടെ തോഴന്മ‍ാരും ഇന്ദ്രിയധര്‍മ്മങ്ങള്‍ അവളുടെ തോഴിമാരുമത്രെ. പതിനൊന്നാമനായ വീരയോദ്ധാവാണ്‌ മനസ്‌. പുരഞ്ജനന്‌ താമസിക്കാന്‍ പുരഞ്ജനി നല്‍കിയ പാഞ്ചാല രാജ്യം ഒന്‍പതു വാതിലുകളുളളതും ലൗകീകസുഖമനുഭവിക്കാനുളള ഇടവുമത്രെ.

ഒന്‍പതു വാതിലുകള്‍ഃ രണ്ടു കണ്ണുകള്‍, രണ്ടു ചെവികള്‍, രണ്ട്‌ നാസാരന്ധ്രങ്ങള്‍, വായ്, രണ്ട്‌ വിസര്‍ജ്ജനാവയവങ്ങള്‍ എന്നിവയാണ്‌. അവ തുറക്കുന്നു ദിശകള്‍ എല്ലാവര്‍ക്കും അറിവുളളതാണ്‌. ഈ വാതിലുകളിലൂടെ അകത്തു താമസിക്കുന്നുയാള്‍ പുറത്തുപോയി പലേ വിധത്തിലുളള സുഖങ്ങള്‍ തേടുന്നു. ഈ യാത്രകളും കൂട്ടാളികളായി പഞ്ചേന്ദ്രിയങ്ങള്‍, അവയുടെ ധര്‍മ്മം എല്ലാം പുരഞ്ജനന്‌ കൂട്ടു പോവുന്നു. കണ്ണുകളില്‍കൂടി അയാള്‍ കാണുന്നു, മൂക്കിലൂടെ വാസനയറിയുന്നു, വായിലൂടെ ഭക്ഷണം അനുഭവിക്കുന്നുതുകൂടാതെ സംസാരിക്കുന്നു, വലത്തേ ചെവിയിലൂടെ ലൗകീകമാര്‍ഗ്ഗങ്ങളെപ്പറ്റിയും ധാര്‍മ്മീകമായ ചടങ്ങുകളെപ്പറ്റിയുമുളള ജ്ഞാനം സമ്പാദിക്കുന്നു. ഇടത്തേ ചെവിയിലൂടെ ആത്മശാന്തിയും ഭഗവല്‍ഭക്തിയും ഉണ്ടാകുവാനുളള ജ്ഞാനം ആര്‍ജിക്കുന്നു, ഉല്‍പ്പാദനേന്ദ്രിയങ്ങളിലൂടെ ലൈംഗീകസുഖമനുഭവിക്കുന്നു, വിസര്‍ജ്ജനാവയവങ്ങളിലൂടെ മാലിന്യം പുറത്തുകളയുന്നു.

കറുത്തിരുണ്ട ഇടനാഴികയിലേക്ക്‌ നയിക്കുന്ന വാതിലുകള്‍ കൈകളും കാലുകളുമത്രേ. അവകൊണ്ടാണല്ലോ മനുഷ്യന്‍ പലകര്‍മ്മങ്ങളും ചെയ്യുന്നുത്‌. ഭാര്യയുടെ സാമീപ്യം അനുഭവിച്ച്‌ രമിക്കുന്ന അന്തഃപുരമത്രേ ഹൃദയം. ഇവിടെ ജീവന്‍, ബുദ്ധിയുമായോ മനസുമായോ താദാത്മ്യം പ്രാപിച്ച്‌ അവയുടെ ഗുണഗണങ്ങള്‍ക്കടിമപ്പെടുന്നു. ജീവന്‍ സ്വതന്ത്രനും ഇളക്കമേശാത്തതുമാണെങ്കിലും ഈ താദാത്മ്യഭാവം കാരണം ജീവന്‍ സ്വയം കര്‍ത്താവായും, കര്‍മ്മഫലഭോക്താവായും കരുതി വര്‍ത്തിക്കുന്നു.

രാജാവ്‌ വേട്ടയാടാന്‍ പോയിരുന്നു എന്നു പറഞ്ഞല്ലോ. ശരീരംതന്നെയാണ്‌ അഞ്ചുകുതിരകളെ (ഇന്ദ്രിയങ്ങളെ) പൂട്ടിയ രഥം. പുണ്യപാപകര്‍മ്മങ്ങള്‍ രഥചക്രങ്ങള്‍. ത്രിഗുണങ്ങള്‍ കൊടിമരങ്ങള്‍. പഞ്ചപ്രാണന്മ‍ാര്‍ കയറുകള്‍. മനസ്‌ കടിഞ്ഞാണ്‍. ബുദ്ധി തേരാളി. ഹൃദയം ജീവന്റെ ഇരിപ്പിടം. ദ്വന്ദ്വതയുടെ തൂണുകള്‍ (സുഖദുഃഖങ്ങള്‍ തുടങ്ങിയവ) നുകമുറപ്പിക്കാനുളളയിടം. ഇന്ദ്രിയ ഭോഗവസ്തുക്കള്‍ രഹസ്യ അറകള്‍. ഏഴു കവചങ്ങളുളള ശരീരത്തിന്റെ സുരക്ഷിത വലയങ്ങള്‍. അഞ്ച്‌ കര്‍മ്മേന്ദ്രിയങ്ങള്‍. അഞ്ചു തരത്തിലുളള ചലനങ്ങള്‍. രഥത്തില്‍ ജീവനങ്ങനെ വിഹരിക്കുന്നു. ഇന്ദ്രിയസുഖമനുഭവിച്ചുകൊണ്ടുളള ജീവിതത്തെ മൃഗങ്ങളെ വേട്ടയാടി കൊല്ലുന്നതിനോടുപമിക്കാം.”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF