അഥാത്മനോര്‍ത്ഥഭൂതസ്യ യതോഽനര്‍ത്ഥപരമ്പരാ
സംസൃതിസ്തദ്വ്യവചേഛേദോ ഭക്ത്യാ പരമയാ ഗുരൌ (4-29-36)
വാസുദേവേ ഭഗവതി ഭക്തിയോഗഃ സമാഹിതഃ
സധ്രീചീനേന വൈരാഗ്യം ജ്ഞാനം ച ജനയിഷ്യതി (4-29-37)

നാരദമുനി തുടര്‍ന്നുഃ കഥയില്‍ ഒരു വര്‍ഷത്തെ ചണ്ടവേഗ എന്നു വിളിച്ചിരിക്കുന്നു. രാത്രിപകലുകളാണ്‌ കറുത്ത പുരുഷന്മ‍ാരും വെളുത്ത സ്ത്രീകളും എന്നപേരില്‍ പരാമര്‍ശിച്ചിട്ടുളളത്‌. ജരാനരകളുളള വാര്‍ദ്ധക്യമാണ്‌ ഭീകര രൂപിയായ കാലപുത്രിയായി പിറന്നത്‌. മരണഭയം അവളുടെ സഹോദരിയും ജ്വരം അവളുടെ ഭര്‍ത്താവുമത്രെ. അവളുടെ തോഴരാണ്‌ മാനസീകവും ശാരീരികവുമായുളള അസ്വാസ്ഥ്യങ്ങള്‍. ഇവരെല്ലാം ജീവനെ ജന്മനിമിഷം മുതല്‍ നിര്‍ത്താതെ പീഢിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രാണന്‍ ഇവയെ തടഞ്ഞു നിര്‍ത്താന്‍ അവസാനം വരെ ശ്രമിക്കുമെങ്കിലും അവസാനം ആ ശക്തികള്‍ക്കടിമപ്പെടുമ്പോള്‍ മരണം സംഭവിക്കുന്നു.

പലവിധത്തിലും പീഢിപ്പിക്കപ്പെട്ടാലും ഒരു നൂറു കൊല്ലമെങ്കിലും ഈ ദേഹത്തു കഴിഞ്ഞുകൂടുവാന്‍ ജീവന്‍ ആഗ്രഹിക്കുന്നു. തികച്ചും സര്‍വ്വതന്ത്രസ്വതന്ത്രനെങ്കിലും ബുദ്ധിയും തദ്വാരാ ശരീരവുമായുളള താദ്വാത്മ്യഭാവം കൈക്കൊണ്ട്‌ മോഹത്തിനടിമപ്പെട്ട്‌ ജീവന്‍ ത്രിഗുണങ്ങളാല്‍ ബന്ധിക്കപ്പെട്ടു കഴിയുന്നു. ചിലപ്പോള്‍ സാത്വീകവും മറ്റുചിലപ്പോള്‍ രാജസീകവും താമസീകവുമായ കര്‍മ്മങ്ങളില്‍ ജീവന്‍ ഏര്‍പ്പെടുന്നു. ഈ കര്‍മ്മങ്ങളുടെ ഫലമനുസരിച്ച്‌ ജീവന്‍ ചിലസമയം ദേവതകളായും ചിലപ്പോള്‍ സ്ത്രീയോ പുരുഷനോ നപുംസകമോ ആയും മറ്റുചിലപ്പോള്‍ മൃഗങ്ങളായും പുനര്‍ജനിക്കുന്നു. ഇതെല്ലാം കര്‍മ്മഫലമനുസരിച്ചു മാത്രമാണ്‌. അങ്ങനെ വാതിലുകള്‍തോറും തെണ്ടിനടക്കുന്ന പട്ടിയെപ്പോലെ ചില സ്ഥലത്തുനിന്നു ഭക്ഷണം മറ്റിടങ്ങളില്‍ നിന്നു തൊഴി, എല്ലാം കിട്ടി ജീവന്‍ കാമാസക്തിയില്‍ മോഹിതനായി, നന്മതിന്മകള്‍ ചെയ്ത്‌ ഫലം വാങ്ങിക്കൂട്ടുന്നു. സല്‍ക്കര്‍മ്മഫലമായി പരിണാമത്തിന്റെ പടികള്‍ കയറുകയും ദുഷ്ക്കര്‍മ്മഫലമായി താഴോട്ടു പോവുകയും ചെയ്യുന്നു.

ഈ സംസാരസാഗരത്തില്‍ (ലൗകീകതയില്‍) ജീവന്‍, ദുരിതങ്ങളില്‍ നിന്നുളള മുക്തിക്ക്‌ സാദ്ധ്യതയില്ലതന്നെ. ദുരിതങ്ങളില്‍നിന്നു്‌ രക്ഷനേടാന്‍ ശ്രമിക്കുന്നതത്രയും ദുരിതമുണ്ടാക്കുന്നു കര്‍മ്മങ്ങളത്രെ. ഒരു തോളത്തുനിന്നു്‌ മറ്റേ തോളിലേക്ക്‌ കഠിനമായ ഭാരം മറ്റീവക്കുമ്പോള്‍ ഭാരത്തിനൊരു കുറവും ഉണ്ടാകാത്തതുപോലെ, ജീവന്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ദുഃഖങ്ങള്‍ അനുഭവിക്കുന്നു. പ്രതിവിധിക്കായി ചെയ്യുന്ന ഓരോന്നും കൂടുതല്‍ ദുഃഖങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്യുന്നു. വെറും കര്‍മ്മങ്ങള്‍ക്കൊണ്ട്‌ ദുഃഖശമനം സാദ്ധ്യമല്ല തന്നെ. മനസുനിറയെ ഗുരുവിനോടും ഈശ്വരനോടുമുളള പ്രേമം നിറയുമ്പോള്‍ മാത്രമേ മനുഷ്യന്‍ മോചിതനാവുന്നുളളൂ. വാസുദേവനോട്‌ അത്ര ഭക്തിയുണ്ടാവുമ്പോള്‍ വിരക്തിയും വിജ്ഞാനവും ഉണ്ടാവുന്നു. മതപരമായ ചടങ്ങുകള്‍ ഈ അറിവും വിജ്ഞാനവും ഉണ്ടാക്കിത്തരികയില്ല. രാജന്‍ ഭഗവദ്ഭക്തിയുണ്ടാക്കുവാനുതകുന്ന കര്‍മ്മങ്ങള്‍ മാത്രമേ ശരിയായ സല്‍ക്കര്‍മ്മങ്ങളായി പരിഗണിക്കാവൂ. അതുകൊണ്ട്‌ മിണ്ടാപ്രാണികളായ മൃഗങ്ങളെ കൊല്ലുന്ന ഈ യാഗകര്‍മ്മാദികള്‍ നിര്‍ത്തിവെച്ച്‌ ഭഗവല്‍കഥകളും മഹിമകളും കേട്ട്‌ അവിടുത്തെ പാദത്തില്‍ അഭയം തേടിയാലും. അങ്ങനെ നിങ്ങള്‍ക്ക്‌ എല്ലാ ദുഃഖങ്ങളില്‍ നിന്നും മോചനം ഉണ്ടാകുന്നുതാണ്‌. വിശപ്പ്, ദാഹം, ഭയം, ദുഃഖം തുടങ്ങി എല്ലാ കഷ്ടപ്പാടുകളില്‍ നിന്നും മോചനം സാദ്ധ്യമത്രെ.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF