ക്ഷുദ്രഞ്ചരം സുമനസാം ശരണേ മിഥിത്വാ
രക്തം ഷഡംഘൃഗണസാമസു ലുബ്ധകര്‍ണ്ണം
അഗ്രേ വൃകാനസുതൃപോഽവിഗണയ്യ യാന്തം
പൃഷ്ഠേ മൃഗം മൃഗയ ലുബ്ധകബാണഭിന്നം (4-29-53)
നാരദമുനി തുടര്‍ന്നുഃ രാജാവേ, ഞാന്‍ അങ്ങയുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി കഴിഞ്ഞു. മനോഹരമായ ഒരുദ്യാനത്തില്‍ പുല്ലുമേയുന്ന ഒരു മാന്‍കിടാവിനെപ്പറ്റി ഒന്നു ഭാവന ചെയ്യൂ. കൂട്ടാളികളുമായി ഇടയ്ക്കെല്ലാം കളിച്ചുല്ലസിച്ച്, തേനീച്ചക്കൂട്ടങ്ങളുടെ പാട്ടു കേട്ടതുകഴിയുന്നു, എന്നാല്‍ തൊട്ടുമുന്നില്‍ കൊതിയോടെ നോക്കി നില്‍ക്കുന്ന ചെന്നായും, പിറകില്‍ ക്രൂരനായ നായാട്ടുകാരനും ഉണ്ട്. രാജാവേ, ആ മാന്‍കിടാവ് താങ്കള്‍ തന്നെ. ലൗകീക ജീവിതത്തിന്റെ എണ്ണമൊടുങ്ങാത്ത ദുരിതങ്ങളും, മരണമെന്ന നായാട്ടുകാരന്റെ ഭീഷണിയും ഉപേക്ഷിച്ചാലും. ഭഗവദ്പദപങ്കജങ്ങളില്‍ അഭയം തേടിയാലും.
പ്രാചീനബര്‍ഹി പറഞ്ഞു. “മഹാമുനേ, അങ്ങയുടെ വിജ്ഞാനവെളിച്ചത്തില്‍ എന്റെ മനസിലെ തമസ്സ് അപ്രത്യക്ഷമായിരിക്കുന്നു. മഹാമുനികള്‍ക്കു പോലും പിടികിട്ടാത്ത, ഇന്ദ്രിയാതീതമായ ആ പരമസത്യം അങ്ങെനിക്കു പറഞ്ഞു തന്നു. ജീവന്‍ ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങളും ദുഷ്ക്കര്‍മ്മങ്ങളുമനുസരിച്ച് വരും ജന്മങ്ങളും ഫലമനുഭവിക്കുന്നു എന്നു ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ അത്തരം കര്‍മ്മങ്ങള്‍ അവസാനിക്കുകയും വീണ്ടുമൊരിക്കലും അതുണ്ടാകാതാവുകയും ചെയ്യുമല്ലോ.”
നാരദന്‍ പറഞ്ഞുഃ “ജീവിതം, മരണമെന്ന സംഭവത്തിനുശേഷവും തുടര്‍ന്നു കൊണ്ടേയിരിക്കും. കഴിഞ്ഞ ജന്മങ്ങളിലെ കര്‍മ്മങ്ങളുടെ ഫലമനുസരിച്ച്, ഈ ജന്മത്തില്‍ പഴയതുപോലെ അല്ലെങ്കില്‍ മറ്റൊരു രൂപത്തിലുളള ശരീരം സ്വീകരിക്കുന്നു. കര്‍മ്മങ്ങളും തല്‍ഫലമായുളള പുനര്‍ജന്മവും ‘ഞാന്‍’,’എന്‍റേത്’, എന്ന ഭാവങ്ങള്‍ കൊണ്ടുണ്ടാവുന്നതാണ്. പഞ്ചേന്ദ്രിയങ്ങളേയും അവയുടെ മായീകപ്രഭാവത്തിലുളള സങ്കലനത്തേയും പഠിക്കുന്ന ഒരാള്‍ക്ക് മനസിന്റെ അസ്ഥിത്വത്തെപ്പറ്റി അറിയാനാകുന്നു. അതുപോലെ മനസിന്റെ ഭാവങ്ങളും വാസനയും പഠിക്കുമ്പോള്‍ പഴയജന്മങ്ങളുടെ കാര്യം ഒരുവനു മനസിലാകുന്നു. മറ്റു ചിലപ്പോള്‍ നാമൊരിക്കലും ഈ ജന്മത്തില്‍ കണ്ടിട്ടില്ലാത്ത കാര്യങ്ങളെപ്പറ്റി നാം ചിന്തിക്കുന്നു. ഒരിക്കലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത കാര്യങ്ങളെ ഉണ്ടാക്കിയെടുക്കാന്‍ മനസിനു കഴിവില്ല. കഴിഞ്ഞ ജന്മങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇത്തരം ചിന്തകളുണ്ടാവുന്നത്. മനസിനു സ്വന്തമായി സൃഷ്ടിക്കാന്‍ കഴിവില്ലെങ്കിലും, അനുഭവങ്ങളെ പലേ രിതികളും കൂട്ടിയും കുറച്ചും സങ്കല്‍പ്പിക്കുവാന്‍ അതിനു കഴിയും.
സൂക്ഷ്മശരീരം നിലനല്‍ക്കുന്നിടത്തോളം കാലം ‘ഞാന്‍’ ,’എന്‍റേത് ‘, എന്ന ഭാവങ്ങള്‍ പോവുകയില്ല. സൂക്ഷ്മശരീരത്തിനെ പതിനാറുതരത്തില്‍ തിരിക്കാം. പഞ്ചപ്രാണന്മാര്‍, പത്തിന്ദ്രിയങ്ങള്‍, പിന്നെ മനസും. ഇവയില്‍ ബോധസ്ഫുരണമുണ്ടാവുമ്പോള്‍ സൂക്ഷ്മശരീരത്തിന് ജീവന്‍ എന്ന് പറയുന്നു. ഈ സൂക്ഷ്മ ശരീരമാണ് ജനനമരണങ്ങളും, സുഖദുഃഖങ്ങളും ഉണ്ടാക്കുന്നുത്. മനസ്സൊന്നുമാത്രമാണ് എല്ലാ ജനനമരണങ്ങള്‍ക്കും കാരണം. അനുഭവിച്ച സുഖങ്ങളില്‍ വീണ്ടും മുഴുകാനുളള മനസിന്റെ ത്വരയാണ് പുനര്‍ജന്മമെടുത്ത് ബന്ധത്തിലാണ്ടു പോവാനിടയാക്കുന്നുത്. അജ്ഞാനത്തിലാണ്ട കര്‍മ്മങ്ങളും ആത്മീയജ്ഞാനമില്ലായ്മയും നിലനില്‍ക്കുന്നിടത്തോളം ജനനമരണങ്ങളും കാര്യകാരണചക്രങ്ങളുമായ ബന്ധനവും തുടര്‍ന്നുകൊണ്ടേയിരിക്കും. ഈ അജ്ഞാന നിവൃത്തിക്കായി ഭഗവാനെ ശരണം പ്രാപിച്ചാലും. ഈ വിശ്വം മുഴുവന്‍ അവിടുന്നാണെന്നു വിശ്വസിച്ച് ആ നിന്തുരുവടിയെ പൂജിച്ചാലും.” ഇങ്ങനെ പ്രാചീനബര്‍ഹിയെ ഉപദേശിച്ച് നാരദമുനി മടങ്ങി. മക്കളെ രാജ്യഭാരമേല്‍പ്പിച്ച് രാജാവ് വനവാസത്തിനു പോയി. അവിടെവച്ച് ആത്മസാക്ഷാത്ക്കാരം നേടി.
ഈ കഥ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നുയാള്‍ക്ക് സൂക്ഷ്മശരീരത്തിന്റെ ബന്ധനത്തില്‍ നിന്നു് മോചനംലഭിക്കുന്നുതാണ്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF