ഗൃഹേഷ്വാവിശതാം ചാപി പുംസാം കുശലകര്‍മണാം
മദ്വാര്‍ത്തായാതമാനാം ന ബന്ധനായ ഗൃഹാ മതാഃ (4-30-19)
നവ്യവദ്ധൃദയേ യജ്ഞോ ബ്രഹ്മൈതദ്‌ ബ്രഹ്മവാദിഭിഃ
ന മുഹ്യന്തി നശോചന്തി നഹൃഷ്യന്തി യതോ ഗതാഃ (4-30-20)

പ്രചേതരുടെ തപസ്സിന്റെ ഫലമായി ഭഗവാന്‍ പ്രത്യക്ഷപ്പെട്ടതിന്റെ രീതിയും മഹിമയും, മൈത്രയന്‍ പറഞ്ഞു. രുദ്രഭഗവാന്‍ പഠിപ്പിച്ച മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട്‌ തടാകക്കരയില്‍ ഒരു പതിനായിരം കൊല്ലം പ്രചേതര്‍ തപസ്സനുഷ്ഠിച്ചു. അപ്പോള്‍ ഭഗവാന്‍ സ്വയം പ്രത്യക്ഷപ്പെട്ടു. പ്രശാന്തവും തേജസ്സാര്‍ന്നതുമായ ഭഗവല്‍രൂപം അതീവസുന്ദരവും സുഖദായകവും, മഹിമാനിര്‍ഭരവുമായിരുന്നു. ഭഗവാന്‍ പ്രചേതരോട്‌ പറഞ്ഞു . “ ഒരു ലക്ഷ്യത്തിനായി ഒറ്റക്കെട്ടായി അച്ചടക്കത്തോടെ സഹോദരസ്നേഹത്തോടെ നിങ്ങള്‍ ഒരുമിച്ച്‌ പരിശ്രമിക്കുകയാല്‍ നിങ്ങള്‍ക്ക്‌ ഈ ഭാഗ്യമുണ്ടായി. നിങ്ങളെക്കുറിച്ച്‌ ദിവസം ഓര്‍മ്മിക്കുകയെങ്കിലും ചെയ്യുന്നുവര്‍ക്ക്‌ സഹോദര സ്നേഹവും സര്‍വ്വചരാചരങ്ങളോടുളള മമതയും ഉണ്ടാവുന്നതാണ്‌. രുദ്ര ഭഗവാന്‍ രചിച്ച മന്ത്രജപങ്ങളോടെ എന്നെ ഭജിക്കുന്ന ഏതൊരുവനും എന്റെ അനുഗ്രഹവും വരങ്ങളും ലഭ്യമത്രെ.

പ്രചേതരേ, നിങ്ങള്‍ക്ക്‌ താമസം വിനാ പ്രശസ്തനും, പ്രഗല്‍ഭനുമായ ഒരു പുത്രനെ ലഭിക്കാന്‍ ഭാഗ്യം ഉണ്ടാവുന്നതാണ്‌. ഒരു അപ്സരസ്ത്രീയില്‍ കാണ്ഢുമുനിക്ക്‌ ജനിച്ചതാണ്‌ നിങ്ങള്‍ വിവാഹം ചെയ്യാന്‍ പോകുന്ന സുന്ദരി. ജനിച്ചയുടനെ അവളെ അപ്സരസ്‌ കാട്ടിലുപേക്ഷിച്ചു പോയി. കുട്ടിയെ മരങ്ങള്‍ കാത്തു രക്ഷിച്ചു. രാജസോമം (ചന്ദ്രഭഗവാന്‍) കുട്ടിയെ അമൃതൂട്ടി വളര്‍ത്തി. അവളെ വിവാഹം ചെയ്താലും. അവളും നിങ്ങളുടെ പാതപിന്തുടര്‍ന്നു്‌ നിങ്ങള്‍ ചെയ്യുന്ന കര്‍മ്മധര്‍മ്മങ്ങള്‍ തുടരുന്നതാണ്‌. ശരിയായ കര്‍മ്മങ്ങള്‍ ചെയ്തും, എന്റെ മഹിമാവിശേഷങ്ങള്‍ കേട്ടും സമയം ചിലവഴിക്കുന്നവര്‍ക്ക്‌ കുടുംബജീവിതം ഒരു ബന്ധനമല്ല തന്നെ. മഹാത്മാക്കളായ സത്യദര്‍ശികളില്‍നിന്നു്‌ ഹൃദയത്തില്‍ ഭക്തിജ്ഞാനങ്ങളുടെ പുതുവെളിച്ചം കിട്ടിയവര്‍ ഒരിക്കലും ദുഃഖത്തിനോ മായയ്ക്കോ അടിമപ്പെടുന്നതല്ല. അവര്‍ക്ക്‌ ഇന്ദ്രിയസുഖത്തിന്‌ മേല്‍ ആസക്തിയുണ്ടാകുന്നുതുമില്ല. നിങ്ങളെല്ലാം ഹൃദയം സമ്പൂര്‍ണ്ണമായി സംശുദ്ധിയാര്‍ന്ന ശേഷം എന്റെ സവിധത്തില്‍ തന്നെ എത്തിച്ചേരും.”

പ്രചേതര്‍ ഭഗവാനെ സ്തുതിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞുഃ “കേവല മനസ്, ഏതൊന്നിലാണോ നാനാത്വം ആരോപിക്കുന്നുത്, ആ മഹത്തിന്‌ നമോവാകം. സംസാരദുഃഖഃത്തില്‍ നിന്നു മോചനമേകുന്നുവനും, ഭക്തരുടെ ഭഗവാനും, കൃഷ്ണനും, വാസുദേവനും, ശുദ്ധസത്വസ്വരൂപമായ ഹരിയുമായ അവിടേയ്ക്ക്‌ നമസ്കാരം. നാഭിയില്‍ താമരയും, കാലിണകള്‍ താമരപോലുളളതും, താമരമാലകള്‍ മാറിടത്തെ അലങ്കരിക്കുന്നതുമായ ഭഗവാനെ ഞങ്ങള്‍ നമസ്കരിക്കുന്നു. ഈ സംസാരചക്രത്തില്‍ കഴിയാന്‍ ഞങ്ങള്‍ക്ക്‌ വിധിയുളളിടത്തോളം ഞങ്ങള്‍ക്കൊരപേക്ഷ മാത്രം. എപ്പോഴും അവിടുത്തെ കഥകള്‍ കേള്‍ക്കുമാറാകണം, സത്സംഗം സാധിക്കണം. ഭഗവല്‍ഭക്ത സത്സംഗമാണല്ലോ ഏറ്റവും വലിയ വരം. അങ്ങയുടെ ഏറ്റവും വലിയ ഭക്തനായ പരമശിവനെ ഒരുമാത്രകണ്ടതുമൂലം അവിടത്തെ ദര്‍ശനം സാദ്ധ്യമായി എന്നത്‌ സത്സംഗമാഹാത്മ്യം തെളിയിക്കുന്നുണ്ടല്ലോ.” ഭഗവാന്‍ വരം നല്‍കി അപ്രത്യക്ഷനായി. പ്രചേതര്‍ തടാകത്തില്‍ നിന്നു പുറത്തുവന്നുപ്പോള്‍, ചുറ്റുപാടും ഉയര്‍ന്നു വളര്‍ന്ന മരങ്ങള്‍ അവരുടെ ആകാശ വീക്ഷണത്തെ തടസപ്പെടുത്തിയതില്‍ അവര്‍ കുപിതരായി. എല്ലാ മരങ്ങളും അവര്‍ കത്തിച്ചു കളയാന്‍ തുടങ്ങി. മരങ്ങളുടെ സൃഷ്ടാവിന്റെ നിര്‍ദ്ദേശപ്രകാരം അവ പ്രചേതരോട്‌ കാരുണ്യം യാചിക്കുകയും, അവരുടെ വളര്‍ത്തു പുത്രിയായ സുന്ദരിയെ അവര്‍ക്കു കന്യാദാനം ചെയ്യാമെന്നു പറയുകയും ചെയ്തു. പ്രചേതര്‍ അവളെ വിവാഹം ചെയ്തു. അവളില്‍ ദക്ഷന്‍ ജനിച്ചു. ഈ ദക്ഷനെയാണ്‌ കഴിഞ്ഞ ജന്മത്തില്‍ പരമശിവന്‍ കൊന്നത്‌. സൃഷ്ടാവ്‌ സൃഷ്ടിക്കപ്പെട്ട എല്ലാ ജീവജാലങ്ങളുടേയും അധിപനായി ദക്ഷനെ വാഴിച്ചു. പുനഃസൃഷ്ടിയുടെ ചുമതല മുഴുവനും ദക്ഷനു നല്‍കുകയുംചെയ്തു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF