ശ്രേയസാമപി സര്‍വേഷാമാത്മാ ഹ്യവധിരര്‍ത്ഥതഃ
സര്‍വ്വേഷാമപി ഭൂതാനാം ഹരിരാത്മാഽഽത്മദഃ പ്രിയഃ (4-31-13)
നഭജതി കുമനീഷിണാം സ ഇജ്യാം ഹരിരധനാത്മധനപ്രിയോ രസജ്ഞഃ
ശ്രുതധനകുലകര്‍മ്മണാം മദൈര്യേ വിദധതി പാപമകിഞ്ചനേഷു സത്സു(4-31-21)
മൈത്രേയന്‍ തുടര്‍ന്നുഃ പലേ വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. പ്രചേതര്‍ ഭഗവാന്‍ വിഷ്ണുവിന്റെ വാക്കുകള്‍ ഓര്‍മ്മിച്ചു. മനസിലുദിച്ച ഉണര്‍വിന്റെ വെളിച്ചത്തില്‍ ഭാര്യയായ മാരീശയെ മകനായ ദക്ഷന്റെ ചുമതലയില്‍ ഏല്‍പ്പിച്ചിട്ട് അവര്‍ വീടുവിട്ടു പോയി. ആത്മജ്ഞാനലാഭത്തിനായി അവര്‍ മനസുകൊണ്ടും, വാക്കുകള്‍ കൊണ്ടും, പ്രാണന്‍കൊണ്ടും സംയമനത്തോടെ ഭഗവല്‍സ്മരണ ചെയ്തു. യോഗമാര്‍ഗ്ഗങ്ങളില്‍ അവര്‍ പ്രവീണരായിരുന്നു. ആ സമയം നാരദന്‍ അവിടെ ചെല്ലുവാനിടയായി. ഭഗവാന്‍ വിഷ്ണുവും മഹാദേവനും പറഞ്ഞു കൊടുത്ത വിജ്ഞാനം ഏതാണ്ട് മിക്കവാറും മറന്നുപോയിരിക്കുന്നു എന്നും ആയതിനെ വീണ്ടുമൊന്ന് തെളിച്ചെടുക്കാന്‍ സഹായിക്കണമെന്നും നാരദമുനിയോടവരഭ്യര്‍ദ്ധിച്ചു.
നാരദമുനി പറഞ്ഞുഃ പ്രചേതരേ, നിങ്ങള്‍ ചെയ്യുന്ന ഏതൊരു കര്‍മ്മവും ഭഗവാന്‍ ഹരിയുടെ നേര്‍ക്കുളള ഭക്തിസാധനയല്ലെങ്കില്‍ വ്യര്‍ത്ഥമത്രെ. ഭഗവാന്‍ ഭക്തപ്രിയനാണ്. ഏറ്റവും പ്രിയപ്പെട്ടതും അനുഗൃഹീതമായതും വിലപിടിച്ചതും ആയ എന്തെല്ലാമുണ്ടോ അതിന്റെയെല്ലാം ആകത്തുകയാണ് ആത്മാവ്. ഭഗവാന്‍ ഹരി എല്ലാ ജീവജാലങ്ങളുടേയും ആത്മസത്തയത്രെ. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഏറ്റവും പ്രിയപ്പെട്ടതും ഭഗവാന്‍ തന്നെ. ഒരു മരത്തിന്റെ ശാഖകളും ഇലകളും തടിയുമെല്ലാം വേരില്‍ വെളളമൊഴിക്കുന്നതിന്റെ ഫലമായി തഴച്ചു വളരുന്നു. അതുപോലെ ഭഗവാനെ പ്രസാദിപ്പിച്ചാല്‍ ലോകത്തിലുളള എല്ലാത്തിനേയും പ്രസാദിപ്പിച്ചതിനു തുല്യം. വിശ്വം മുഴുവന്‍ പ്രസാദമാനമാവുന്നു. ഭഗവാന്‍ മാത്രമെ സത്തായി നില കൊളളുന്നുളളൂ. ഇത് സത്യം. സൂര്യന്‍ സത്തും, സൂര്യകിരണങ്ങള്‍ സൂര്യനെ ആശ്രയിച്ചു നിലകൊളളുന്നു എന്നും പോലെയാണത്. ആകാശത്തു പ്രത്യക്ഷമാകുകയും നശിക്കുകയും ചെയ്യുന്ന മഴമേഘങ്ങള്‍ പോലെയാണ് ദ്രവ്യവസ്തുക്കള്‍ അവതരിക്കുകയും അപ്രത്യക്ഷമാവുകയും അനന്തത്തയില്‍ വിലയമാകുകയും ചെയ്യുന്നുത്. അനന്തമായ ആ പരമോന്നതസ്ഥിതിയില്‍നിന്നും വേറിട്ടൊരു അസ്ഥിത്വം ആര്‍ക്കുമില്ല. അതുകൊണ്ട് ആ ഭഗവാന്‍ തന്നെയാണ് സ്വന്തം ആത്മാവെന്നറിഞ്ഞ് ആ നിന്തിരുവടിയെ എപ്പോഴും പൂജിച്ചാലും. പക്ഷെ എങ്ങനെയാണതു സാധിക്കുക? എല്ലാ ജീവജാലങ്ങളോടും കരുണകാണിക്കുക. സംതൃപ്തിയോടെ ജീവിച്ച്, കിട്ടുന്നതില്‍ പ്രസാദബുദ്ധിയോടെ കഴിയുമ്പോള്‍ ഇന്ദ്രിയ ശമനം ഉണ്ടാകുന്നു. ഭഗവാന്‍ ഇതിനാല്‍ ക്ഷിപ്രപ്രസാദിയത്രെ.
ഇന്ദ്രിയസുഖഭോഗങ്ങളോടുളള ആസക്തി കളഞ്ഞ ഭക്തന്റെ ഹൃദയത്തില്‍ ഭഗവാന്‍ ബന്ധനസ്ഥനാണ്. സ്വയം ഭഗവാന്‍ മാത്രം സ്വത്തെന്നു കരുതുന്ന ഭക്തനെ ഭഗവാണ് ഏറെ പ്രിയം. അതുകൊണ്ട് ജ്ഞാനം, സമ്പത്ത്, കുടുംബമഹിമ, തൊഴില്‍ എന്നിവയില്‍ അഭിമാനവും അഹങ്കാരവുമുളളവര്‍ നല്‍കുന്ന പൂജകളില്‍ ഭഗവാന്‍ സംപ്രീതനല്ലതന്നെ. ദരിദ്രനും ശുദ്ധനുമായഭക്തനെ നിന്ദിക്കുന്ന സമ്പന്നഭക്തനേയും ഭഗവാണ് പ്രിയമില്ല. ലക്ഷ്മീദേവി, സ്വയം ഭഗവാന്റെ സവിധത്തിലുണ്ടെങ്കിലും ഭഗവാന്‍ ഭക്തന്മാരുടെ ആജ്ഞാനുവര്‍ത്തിയും ഭക്തദാസനുമത്രെ. വിജ്ഞാനമുളള ഏതൊരുവനും തന്റെ എല്ലാമെല്ലാമായി ഭഗവാനില്‍ മനസിലുറപ്പിക്കേണ്ടതാണ്. പ്രചേതരെ അങ്ങനെ ഉപദേശിച്ച് നാരദമുനി തന്റെ വഴിക്കു പോയി. ഭഗവാനെ ധ്യാനിച്ച് പ്രചേതര്‍ സായൂജ്യവും നേടി.
ശുകമുനി പറഞ്ഞുഃ മൈത്രേയമുനിയുടെ നാവില്‍നിന്നുമാണ് വിദുരര്‍ ഈ കഥ കേട്ടത്. അദ്ദേഹം മുനിയെ വണങ്ങി ഹസ്തിനപുരിയിലേക്ക് പുറപ്പെട്ടു. ഈ കഥകള്‍ കേള്‍ക്കുകയും ഭഗവാന്‍ വിഷ്ണുവിന്റെ ഭക്തന്മാരായ രാജാക്കന്മാരുടെ ജീവചരിത്രം അറിയുകയും ചെയ്യുന്നു ഏതൊരുവനും സമ്പല്‍സമൃദ്ധിയും ദീര്‍ഘായുസ്സും സര്‍വ്വാനന്ദവും ഈ ലോകത്തില്‍ ലഭിക്കുകയും ആത്മസാക്ഷാല്‍ക്കാരത്തിന് അര്‍ഹതയുണ്ടാവുകയും ചെയ്യുന്നു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF