അഞ്ചാം സ്കന്ദം ആരംഭം
ന തസ്യ കശ്ചിത്തപസാ വിദ്യയാ വാ നയോഗവീര്യേണ മനീഷയാ വാ
നൈവാര്‍ഢധര്‍മ്മൈഃ പരതഃ സ്വതോവാ കൃതം വിഹന്തും തനുഭൃദ്വിഭൂയാത് (5-1-12)
ശുകമുനി പറഞ്ഞുഃ രാജന്‍, ഭഗവല്‍പദകമലങ്ങളുടെ അമൃതത്വം അനുഭവിച്ച ഒരുവന്‍ അവയെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. ചിലപ്പോള്‍ അവരുടെ ഭക്തിസാധന തടസ്സപെട്ടുവെന്നിരിക്കുമെങ്കിലും അവര്‍ ആ പദകമലങ്ങളിലേക്ക് തിരിച്ചുവരിക തന്നെ ചെയ്യും. സ്വയംഭുവമനുവിന്റെ പുത്രനായ പ്രിയവ്രതന്‍ നാരദനില്‍നിന്നും, ഭഗവല്‍പ്പാദങ്ങളും സമര്‍പ്പിക്കേണ്ട ഭക്തഹൃദയത്തെപ്പറ്റി കേട്ടറിഞ്ഞിട്ട് ലൗകീകജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞു. ആ സമയം സൃഷ്ടാവ് മുനിമാരോടും ദേവതകളോടും കൂടി അവിടെ പ്രത്യക്ഷപ്പെട്ട് രാജകുമാരനെ ഉപദേശിച്ചു. പ്രിയവ്രതന്‍ സൃഷ്ടാവിനേയും മാമുനിമാരേയും സ്വാഗതം ചെയ്തു പൂജിച്ചു.
പിന്നീട് ബ്രഹ്മാവു പറഞ്ഞുഃ “മകനേ, ഞങ്ങള്‍ ദേവന്മാര്‍ പോലും ത്രിഗുണങ്ങളാലും ദേവലോകങ്ങളാലും ബന്ധിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ ആ നിന്തിരുവടിയുടെ ആജ്ഞാനുവര്‍ത്തികളായി അവിടത്തെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലത്രേ ഞങ്ങള്‍ കഴിയുന്നത്.“ ഭഗവേച്ഛ മാറ്റുവാന്‍ ഒരു ജീവിക്കും സാദ്ധ്യമല്ല തന്നെ. തപസ്സുകൊണ്ടോ ജ്ഞാനയോഗത്തിലൂടേയോ യോഗശക്തിയിലൂടേയോ ബുദ്ധിശക്തിയിലൂടേയോ സ്വന്തം കര്‍മ്മശക്തിയിലൂടേയോ മറ്റുളളവരുടെ സഹായത്തോടെയോ ഇതു സാദ്ധ്യമല്ല. സ്വതന്ത്രനായ ആത്മാവ്പോലും ശരീരത്തില്‍ നിന്നു വിട്ടുവെങ്കിലും കര്‍മ്മബന്ധത്തിന്റെ ശക്തിമൂലം ഇഹലോകത്തില്‍ വാസം തുടരുന്നു. കര്‍മ്മഫലത്തിന്റെ പ്രഭാവം തീരുന്നതുവരെ ഇതു തുടരും. ഒരുവന്‍ വനവാസം നയിച്ചാലും സ്വയം ഇന്ദ്രിയനിഗ്രഹം നടത്തിയവനല്ലെങ്കില്‍ ജനനമരണചക്രങ്ങളില്‍ നിന്നു് അവന് മോചനമില്ല. എന്നാല്‍ ഒരുവന്റെ മനസും ഇന്ദ്രിയങ്ങളും നിയന്ത്രണാധീനമെങ്കില്‍ അവന്‍ ഗൃഹസ്ഥാശ്രമിയെങ്കിലും അവനെ ലൗകീകജീവിതം ബന്ധത്തിലാഴ്ത്തുന്നില്ല. നീ സ്വയം ഇന്ദ്രിയസംയമനം നേടിയവനാകയാല്‍ ഈ ഭൂഗോളം ഭരിക്കാന്‍ ഏറ്റവും യോഗ്യനത്രെ. സൃഷ്ടാവ് ഇത്രയും പറഞ്ഞ് അപ്രത്യക്ഷനായി.
പ്രിയവ്രതനെ ഭൂമിയുടെ ചുമതല ഏല്‍പ്പിച്ച് മനു വനവാസത്തിന് പോയി. പ്രിയവ്രതന്‍ ബര്‍ഹിസ്മതി (വിശ്വകര്‍മ്മന്റെ പുത്രി)യെ വിവാഹം ചെയ്തു. അവര്‍ക്ക് പത്ത് പുത്രന്മാര്‍. അഗ്നിയുടെ പര്യായങ്ങളായ നാമഥേയങ്ങള്‍ കൊണ്ട് അവര്‍ അറിയപ്പെട്ടു. ഒരു പുത്രിയും അവര്‍ക്കുണ്ടായിരുന്നു. പുത്രന്മാരില്‍ കവി, മഹാവീരന്‍, സാവനന്‍ എന്നിവര്‍ നിത്യബ്രഹ്മചര്യം സ്വീകരിച്ച് ആത്മസാക്ഷാല്‍ക്കാരമാര്‍ഗ്ഗം തേടി. ഉത്തമന്‍, താമസന്‍, രൈവതന്‍, എന്നീ പുത്രന്മാര്‍ പിന്നീട് ഭൂമിയെ ഒരു യുഗത്തോളം ഭരിച്ചു. പ്രിയവ്രതന്‍, രാജാവും ചക്രവര്‍ത്തിയുമായി വാണ് ലക്ഷ്യബോധം തന്നെ നഷ്ടപ്പെട്ടതുപോലെ ലൗകീക ജീവിതത്തില്‍ മുഴുകിക്കഴിഞ്ഞു. സൂര്യന്‍ ഭൂഗോളത്തിന്റെ ഒരു പകുതി മാത്രമേ ഒരു സമയം പ്രകാശിപ്പിക്കുന്നുളളൂ എന്നു കണ്ട് മറ്റേ പകുതിയേയും പ്രകാശിപ്പിക്കാന്‍ പ്രിയവ്രതന്‍ തീരുമാനിച്ചു. ഭൂമിയുടെ ഇരുണ്ട പകുതിക്കു മുകളിലൂടെ പ്രഭാപൂര്‍ണ്ണമായ ഒരു ആകാശവാഹനത്തില്‍ (ഉപഗ്രഹത്തില്‍ ) സഞ്ചരിച്ച് അദ്ദേഹം ഇരുട്ടില്ലാതാക്കി. ഭൂമിക്കു മുകളിലൂടെ ഏഴുതവണ ചുറ്റിയാണ് അദ്ദേഹമിതു സാധിച്ചതു. ഈ കാലത്ത് ഭൂമി ഏഴു ഭൂഖണ്ഡങ്ങളായി തിരിച്ച് തന്റെ പുത്രന്മാര്‍ക്ക് അധികാരവും നല്‍കി. താമസിയാതെ തനിക്കു നഷ്ടപ്രായമായ വിജ്ഞാനത്തിന്റെ ഉണര്‍വ്വ് അദ്ദേഹത്തിലുണ്ടായി. അങ്ങനെ ഗൃഹസ്ഥാശ്രമജീവിതമുപേക്ഷിച്ച് ഭഗവല്‍സ്മരണയില്‍ മുഴുകി അദ്ദേഹം ജീവിച്ചു. പ്രിയവ്രതന്റെ മഹിമയെപ്പറ്റിയുളള സ്തുതി ഇതാണ്. “ഭഗവാന്റെ അനുഗ്രഹമില്ലാതെ പ്രിയവ്രതന്‍ നേടിയതെല്ലാം ഒരുവന് എങ്ങനെയാണ് നേടാനാവുക ? അദ്ദേഹം ഭൂഗോളത്തിന്റെ ഇരുട്ട് നീക്കാന്‍ യത്നിക്കുകയും ഭൂമിയെ ഏഴു ഭൂഖണ്ഡങ്ങളാക്കി തിരിക്കുകയും ചെയ്തു. ഭരണസൗകര്യാര്‍ദ്ധമാണ് ഭൂമിയെ ഏഴായി തിരിച്ച് പുത്രന്മാരെ ഏല്‍പ്പിച്ചത്. അവസാനം ത്രിലോകസുഖങ്ങളെല്ലാം ഉപേക്ഷിച്ച് ഭഗവല്‍ഭക്തന്മാര്‍ക്ക് സേവനം നല്‍കി അദ്ദേഹം ജീവിച്ചു.”
(ഏഴു ഭൂഖണ്ഡങ്ങളെ ആകാശത്തിലെ ഏഴു ഭ്രമണപഥങ്ങളായും കണക്കാക്കാം. ഭൂഖണ്ഡങ്ങളെ തിരിക്കുന്ന സമുദ്രങ്ങളുണ്ടായത് ആകാശത്തു നിന്നും പൊട്ടിവീണ ഉപഗ്രഹങ്ങള്‍ (ഉല്‍ക്കകള്‍) കൊണ്ടാണെന്നുളളതും, സ്മരണീയമാണ്)
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF