ആഗ്നിധ്രോ രാജാ തൃപ്തഃ കാമാനാമപ്സരസമേവാനുദിനമധിമന്യമാനസ്തസ്യാഃ
സാലോകതാം ശ്രുതിഭിരവാവരുന്ധ യത്ര പിതരോ മാദയന്തേ (5-2-22)

ശുകമുനി തുടര്‍ന്നുഃ

പ്രിയവ്രതന്‍ ഭക്തിസാധനയില്‍ മുഴുകിക്കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ പുത്രന്‍ അഗ്നിധരന്‍ ജംബൂദ്വീപരാജ്യത്തെ നിയമാനുസൃതമായും നീതിപരമായും ഭരിച്ചു പോന്നു. തന്റെ കുടുംബത്തിന്റെ ധാര്‍മ്മീകപാരമ്പര്യം നിലനിര്‍ത്താന്‍ ഗൃഹസ്ഥനായ ഒരുവന്‍ പുത്രലാഭത്തിനായി ആഗ്രഹിക്കുമല്ലോ. പിതൃക്കളെ പ്രസാദിപ്പിക്കുന്നുതിനും ഒരു മകന്‍ വേണമല്ലോ. രാജാവ്, ഈ ആഗ്രഹനിവൃത്തിക്കായി സകലചരാചരസൃഷ്ടാവായ ഭഗവാനെ ധ്യാനിച്ചു. സൃഷ്ടാവ്‌ ഒരു അപ്സരസ്സായ പൂര്‍വ്വചിത്തിയെ അഗ്നിധരന്‍ ധ്യാനത്തിലിരിക്കുന്ന സ്ഥലത്തേക്ക്‌ പറഞ്ഞുവിട്ടു. മന്ദരപര്‍വ്വതത്തില്‍ അഗ്നിധരന്‍ തീവ്രധ്യാനത്തിലിരിക്കുന്ന സ്ഥലത്ത്‌ പൂര്‍വ്വചിത്തി എത്തിച്ചേര്‍ന്നു. അവിടെ ഉല്ലസിച്ചു നടന്നു. പ്രണയസാന്ദ്രമായ അന്തരീക്ഷം. പക്ഷികളുടെ കളകൂജനവും തേനീച്ചകളുടെ മൂളല്‍ സംഗീതവും കാട്ടുപൂക്കളുടെ സൗരഭ്യം പേറിയ മന്ധമാരുതനും ഉല്ലാസോദ്യാനങ്ങളും എല്ലാം കൊണ്ടും അവിടം ചേതോഹരമായിരുന്നു. രാജാവ്‌ പതുക്കെ കണ്ണുതുറന്നപ്പോള്‍ കണ്ടത്‌ അപ്സരസ്സിനെയാണ്‌. പ്രഥമദൃഷ്ട്യാ പ്രേമാകൃഷ്ടനായി അദ്ദേഹം പറഞ്ഞു.

” ഈ വനത്തിലിങ്ങനെ കളിച്ചുല്ലസിക്കുന്ന നീ ആരാണ്‌ ? മുനിമാരിലൊരാളാണോ ? നിന്റെ മുഖത്ത്‌ രണ്ടു വില്ലുകള്‍ ഞാന്‍ കാണുന്നു. ആയത്‌ ആത്മരക്ഷക്കുളള ആയുധമോ അതോ എന്നേപ്പോലെ ശക്തിഹീനരായവരെ കീഴടക്കുവാനുളളതോ? വില്ലിനു താഴെയുളള കണ്ണുകളില്‍ നിന്നുളള നീണ്ട നോട്ടങ്ങളാകുന്ന അമ്പുകള്‍ ആര്‍ക്കു നേരെയാണ്‌ നീ അയക്കുന്നുത്‌? നിന്റെ ചുറ്റും മുരളുന്ന തേനീച്ചകള്‍ വൈദീകമന്ത്രം ചൊല്ലി നിന്നെ പൂജിക്കുകയാണോ എന്നെനിക്ക്‌ തോന്നിപ്പോകുന്നു. മുനിമാര്‍ ധരിക്കുന്ന വല്‍ക്കലത്തിനു പകരം മഞ്ഞപ്പട്ടുപുടവയാണല്ലോ നീ ധരിച്ചിരിക്കുന്നുത്‌. നിന്റെ മാറിടത്തിലെ ആ രണ്ടു കൊമ്പുകള്‍ എനിക്ക്‌ വളരെ ഇഷ്ടമായിരിക്കുന്നു. അവയില്‍ നീ എന്താണ്‌ ഒളിപ്പിച്ചു വെച്ചിരിക്കുന്നുത്‌ ? നിന്റെ ജന്മദേശത്തെപ്പറ്റിയും എനിക്കറിയണം. അവിടെനിന്നാണല്ലോ നിന്നെപ്പോലെ മാറിടത്തില്‍ കൊമ്പുകളുളള സൗന്ദര്യധാമങ്ങള്‍ വരുന്നുത്‌. എന്നേപ്പോലെ മനഃസൈ്ഥര്യമില്ലാത്തവരുടെ മനസുലയ്ക്കാന്‍ പോന്നതാണ്‌ ആ അപൂര്‍വ്വജോടി അവയവങ്ങള്‍. തീര്‍ച്ചയായും നീ ഭഗവാന്‍ വിഷ്ണുവിന്റെ ഒരു കിരണം തന്നെയാണ്‌. വിശ്വനാഥനാണല്ലോ ഭഗവാന്‍. നീയെന്റെ മനസിനെ പിടിച്ചുകെട്ടിയിരിക്കുന്നു. നീ പന്തടിച്ചു കളിക്കുന്നുതു കാണുവാന്‍ തന്നെ എത്ര മനോഹരം. കാറ്റിന്റെ കുസൃതിയാല്‍ നിന്റെ വസ്ത്രം ഉലയുന്നതും എന്റെ അവസ്ഥയെ തീവ്രതരമാക്കുന്നു. ഇത്രയും മനോഹരമായ രൂപവിശേഷം കൈവരുത്താന്‍ ചെയ്യേണ്ട തപഃശ്ചര്യകള്‍ എന്താണ്‌? മറ്റു മുനിമാരുടെ തപഃശ്ചര്യകള്‍ക്ക്‌ ഭംഗം വരുത്താനുതകുന്ന രൂപഭംഗിയാണ്‌ നിനക്കതുകൊണ്ടു കൈവന്നിട്ടുളളത്‌. നിന്നെക്കൂടാതെ എനിക്ക്‌ ജീവിക്കുവാന്‍ വയ്യ. ഈശ്വരന്‍ എനിക്കായി വിട്ടതാണു നിന്നെ എന്നു ഞാന്‍ വിശ്വസിക്കുന്നു. നിനക്കിഷ്ടമുളള സ്ഥലത്തേക്ക്‌ എന്നെ കൊണ്ടു പോയാലും.”

പൂര്‍വ്വചിത്തിയും രാജാവില്‍ അനുരക്തയായി. അങ്ങനെ രാജാവിന്റെ പട്ടമഹിഷിയായി. അവര്‍ക്ക്‌ നാഭി,കിംപുരുഷ, ഹരിവര്‍, ഇലാവൃത, രമ്യക, ഹിരണ്‍മയ, കുരു, ഭദ്രാശ, കേതുമാല ഇങ്ങനെ ഒന്‍പതു പുത്രന്മ‍ാര്‍. അവരെല്ലാം ശക്തരും അതികായരുമായിരുന്നു. രാജാവ്‌ ഭരണച്ചുമതല അവര്‍ക്കായി വീതിച്ചു നല്‍കി. പൂര്‍വ്വചിത്തി, ബ്രഹ്മലോകത്തേക്ക്‌ തിരിച്ചു പോയി. രാജാവിന്‌ ഇന്ദ്രിയസുഖസംതൃപ്തി ഇനിയും കൈവന്നിട്ടില്ലാത്തതിനാല്‍ പൂര്‍വ്വചിത്തിയെത്തന്നെ ധ്യാനിച്ച്‌ പിതൃലോകത്ത്‌ അവളുടെ സവിധത്തില്‍ എത്തിച്ചേര്‍ന്നു. അഗ്നിധരന്റെ ഒന്‍പതു പുത്രന്മ‍ാര്‍ മേരുവിന്റെ പുത്രിമാരെ വിവാഹം ചെയ്തു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF