പരിജനാനുരാഗവിരചിതശബള സംശബ്ദ സലിലസിതകിസലയതുളസികാ
ദുര്‍വാങ്കുരൈരപി സംഭൃതയാ സപര്യയാ കില പരമ പരിതുഷ്യസി (5-3-6)
അഥ കഥഞ്ചിത്‌ സ്ഖലനക്ഷുത്പതനജൃംഭണ ദുരവസ്ഥാനാദിഷു
വിവശാനാം നഃ സ്മരണായ ജ്വര മരണദശായാമപി സകലകശ്മലനിരസനാനി
തവ ഗുണ കൃത നാമാധേയാനി വചന ഗോചരാണി ഭവന്തു (5-3-12)

ശുകമുനി തുടര്‍ന്നുഃ

നാഭിരാജന്‍ മേരുദേവിയെ വിവാഹം ചെയ്തു. അവര്‍ക്ക്‌ കുറേക്കാലത്തേയ്ക്ക്‌ കുട്ടികളൊന്നുമുണ്ടായില്ല. അതുകൊണ്ട്‌ ഭഗവല്‍പ്രസാദത്തിനായി പ്രത്യേക തരത്തിലുളള ഒരു യാഗം നടത്താന്‍ അവര്‍ തീരുമാനിച്ചു. പ്രവര്‍ജ്യം എന്ന ഈ യാഗം തീരുന്നതിനുമുന്‍പേ തന്നെ ഭഗവാന്‍ പ്രത്യക്ഷനായി. ഭക്തരുടെ അഭിലാഷങ്ങളേതും നിറവേറ്റാന്‍ തക്ക കരുണാര്‍ദ്രമാണല്ലോ ഭഗവല്‍ഹൃദയം. ഭഗവാന്‍ തന്റെ പ്രഭാപൂര്‍ണ്ണിമയോടെ യാഗശാലയില്‍ കൂടിയ ഭക്തജനത്തിനു മുന്‍പിലങ്ങനെ നിലകൊണ്ടു. രാജാവും പുരോഹിതരായ ബ്രാഹ്മണരും ഭക്തി സമ്പൂര്‍ണ്ണമായ ഭാഷയില്‍ ഭഗവാനെ പ്രകീര്‍ത്തിച്ചു.

“പരബ്രഹ്മസ്വരൂപമായ ഭഗവാനേ, അവിടുത്തെ മഹിമകള്‍ എങ്ങനെ വര്‍ണ്ണിക്കുവാനാകും? വിജ്ഞാനികളും ഭക്തരുമായ മനീഷികള്‍ അങ്ങയെ പ്രകീര്‍ത്തിക്കാന്‍ ഭാഷകളും മനുഷ്യബുദ്ധിയും കൊണ്ട്‌ സാദ്ധ്യമല്ല എന്നു മനസിലാക്കിയതുകൊണ്ടാണ്‌ നമഃ എന്ന പദം കൊണ്ട്‌ പൂജകള്‍ ചെയ്യാന്‍ ഞങ്ങള്‍ക്കു പ്രേരണയുണ്ടായത്‌. അങ്ങ്‌ ഭക്തരുടെ ഏറ്റവും ചെറിയ പ്രാര്‍ത്ഥനകളില്‍പ്പോലും സംപ്രീതനാണല്ലോ. ഭക്തിപ്രേമത്തോടെ അല്‍പ്പം ജലം, തുളസിലയില അല്ലെങ്കില്‍ ദര്‍ഭപുല്ല്‌ അര്‍പ്പിച്ചു പൂജിച്ചാല്‍ അങ്ങയെ പ്രസാദിപ്പിക്കാം. അങ്ങാണല്ലോ മനുഷ്യജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവും. മനുഷ്യന്റെ ഏറ്റവും വലിയ നേട്ടവും അവിടത്തെ സാക്ഷാല്‍ക്കരിക്കുക തന്നെയാണ്‌. എന്നിട്ടും ഞങ്ങള്‍ ചെറിയ സ്വാര്‍ത്ഥമോഹങ്ങള്‍ക്കായി അങ്ങയെ പ്രാര്‍ത്ഥിക്കുന്നു. അങ്ങയെ ഏറ്റവും ഉചിതമായ രീതിയില്‍ സമീപിച്ച്‌ പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ കൂടി ഭക്തര്‍ക്ക്‌ അനുഗ്രഹമേകാന്‍ എന്നും അവിടുന്ന് തയ്യാറായിരിക്കുന്നു എന്ന്‌ ഞങ്ങളെ മനസിലാക്കാനാണല്ലോ അങ്ങിപ്പോള്‍ പ്രത്യക്ഷനായിരിക്കുന്നുത്‌. ഞങ്ങളുടെ പൂജകളും മഹിമാവര്‍ദ്ധനകളും അങ്ങേയ്ക്കുവേണ്ടിയല്ല തന്നെ. അവിടുത്തേക്ക്‌ അതുകൊണ്ട്‌ പ്രയോജനമൊന്നുമില്ല. എങ്കിലും ഇതില്‍ താല്‍പ്പര്യമുണ്ടെന്ന മട്ടില്‍ ഞങ്ങള്‍ക്ക്‌ മുന്നില്‍ പ്രത്യക്ഷനായി ഭഗവല്‍ധ്യാനം കൊണ്ട്‌ ഞങ്ങള്‍ക്ക്‌ അനുഗ്രഹമേകാന്‍ അങ്ങ്‌ നല്‍കുന്ന അവസരമാണല്ലോ ഇത്‌. ആ മഹിമാകഥകളും മനസു നിറച്ച്‌ ഭഗവല്‍പ്രകീര്‍ത്തനം നടത്തുക മാത്രമാണ്‌ ഞങ്ങളുടെ കടമ. അതുകൊണ്ട്‌ ഞങ്ങള്‍ തുമ്മുമ്പോഴും, തട്ടിവീഴുമ്പോഴും, കോട്ടുവായിടുമ്പോഴും ദുഃഖമുണ്ടാകുമ്പോഴും, ജ്വരബാധയുണ്ടാവുമ്പോഴും, മരണക്കിടക്കയിലും നിസ്സഹായാവസ്ഥയിലും അശക്തരായിരിക്കുമ്പോഴും അവിടത്തെ നാമം ഞങ്ങളുടെ നാവിലുദിക്കാന്‍ അനുഗ്രഹിച്ചാലും. പാപനാശകവും ആത്മാവിനെ രക്ഷിക്കാനുതകുന്നുതുമാണാ നാമം. രാജര്‍ഷിയായ നാഭിക്ക്‌ അങ്ങയേപ്പോലുളെളാരു പുത്രനുണ്ടാവണമെന്നാണാഗ്രഹം. ഞങ്ങള്‍ ഇത്തരത്തിലുളള ചെറിയ കാര്യങ്ങള്‍ ചോദിച്ചു അങ്ങയെ ശല്യപ്പെടുത്തുന്നതില്‍ ഞങ്ങളോട്‌ ക്ഷമിക്കണം. അദ്ദേഹത്തിന്റെ ആഗ്രഹം സഫലീകരിച്ചാലും.”

ഭഗവാന്‍ പറഞ്ഞുഃ ” മാമുനിമാരേ, നിങ്ങള്‍ എന്നെയൊരു വിഷമഘട്ടത്തിലാക്കിയിരിക്കുന്നു. കാരണം, ഈ വിശ്വത്തില്‍ എന്നേപ്പോലെ മറ്റൊരാളുണ്ടാവാന്‍ സാദ്ധ്യമല്ലതന്നെ. അതുകൊണ്ട്‌ എന്നേപ്പോലൊരു പുത്രനു സാദ്ധ്യതയില്ല. എന്നിലും ബ്രാഹ്മണരായ നിങ്ങള്‍ എന്റെ നാവാണല്ലോ. നിങ്ങളുടെ വാക്ക്‌ പാഴാവാനും വയ്യ. അതുകൊണ്ട്‌ നാഭിയുടെ പുത്രനായി, എന്റെ ഒരംശം പിറക്കുന്നുതാണ്‌.അധികം താമസിയാതെ തന്നെ നാഭിരാജന്റെ കൊട്ടാരത്തില്‍ ആ തേജഃപുഞ്ജം പരിശുദ്ധസത്വരൂപത്തില്‍ രാജസതാമസഭാവങ്ങളേതും കൂടാതെ പ്രത്യക്ഷനായി. രാജാവിനെ അനുഗ്രഹിക്കാനും മനുഷ്യകുലത്തിന്‌ സന്യാസത്തിന്റെയും ധ്യാനത്തിന്‍റേയും പരമോന്നതഭാവം പഠിപ്പിക്കുവാനും ഭഗവാന്‍ ഇറങ്ങിവന്നു.”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF