യേഷാം ഖലു മഹായോഗീ ഭരതോ ജ്യേഷ്ഠഃ ശ്രേഷ്ഠ ഗുണ
ആസിദ്യേനേദം വര്‍ഷം ഭാരതമിതി വ്യപദിശന്തി (5-4-9)
ശുകമുനി തുടര്‍ന്നുഃ
നാഭിരാജന്റെ പുത്രന്‍ ചെറുപ്പത്തിലേ തന്നെ ദൈവീകപ്രഭാവം പ്രസരിപ്പിച്ചിരുന്നു. ജനിച്ചപ്പോഴേ മനസും ഇന്ദ്രിയങ്ങളും നിയന്ത്രണത്തിലാക്കിയിരുന്നതുമൂലം തികച്ചും ദിവ്യമായ സവിശേഷതകള്‍ ശിശുവില്‍ കാണായി. നാഭിരാജന്‍ പുത്രന് ഋഷഭന്‍ (അഗ്രഗണ്യന്‍) എന്ന പേരിട്ടു. സ്വര്‍ഗ്ഗരാജാവായ ഇന്ദ്രന് ഋഷഭനോട് അസൂയയായിരുന്നു. അതുകൊണ്ട് നാഭിരാജന്റെ അതിര്‍ത്തിയിലെങ്ങും മഴപെയ്യാതെ ഇന്ദ്രന്‍ തടഞ്ഞുവെച്ചു. ഋഷഭന്‍ ആ വിവരമറിഞ്ഞ് പൊട്ടിച്ചിരിച്ചു. അതിന്റെ പ്രഭാവത്തില്‍ നാടെങ്ങും മഴയും പെയ്തു. ഇങ്ങനെയൊക്കെ ദിവ്യത കാട്ടിയിരുന്നുവെങ്കിലും നാഭിരാജന് ഋഷഭന്‍ തന്റെ പ്രിയപുത്രനായിരുന്നു. ഭഗവാന്റെ മായ തന്നെ.!
രാജ്യവാസികളെല്ലാം ഋഷഭനെ വളരെയധികം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു എന്ന മനസിലാക്കിയ രാജാവ് നല്ല മൂഹുര്‍ത്തം നോക്കി പുത്രനെ രാജ്യഭാരം ഏല്‍പ്പിച്ചു. നാഭിരാജന്‍ വനവാസത്തിനായി വിശാല എന്നയിടത്തേക്ക് ഭാര്യയുമൊന്നിച്ച് പോയി, അവിടെ ഭഗവല്‍പൂജയില്‍ മുഴുകി ജീവിച്ചു. നരനായും നാരായണനായും ഭഗവാനെ ധ്യാനിച്ച് അവര്‍ ആ സവിധത്തില്‍ ത്തന്നെ സാക്ഷാത്ക്കാരം നേടി.
ഋഷഭന്റെ ജീവിതവും രാജ്യഭരണവും ജീവിതത്തിന്റെ പരമോന്നതലക്ഷ്യത്തെ പ്രകടമാക്കി, പ്രജകള്‍ക്കു വഴികാട്ടിയായി. ആദ്യം ഒരു ഗുരുനാഥന്റെ കൂടെ താമസിച്ച് ഉത്തമമായ വിദ്യാര്‍ദ്ഥിജീവിതത്തിനു മാതൃകയായി. ഭഗവല്‍രൂപം തന്നെയായ ഋഷഭന്‍ ഗുരുനാഥനുവേണ്ട വരങ്ങള്‍ നല്‍കി, വിദ്യാഭ്യാസം കഴിഞ്ഞ് തിരികെ കൊട്ടാരത്തില്‍ വന്നു് ഗൃഹസ്ഥാശ്രമജീവിതം തുടങ്ങി. ഇന്ദ്രന്‍ സ്വയം കന്യാദാനം നല്‍കിയ ജയന്തിയായിരുന്നു, ഋഷഭന്റെ പത്നി. അവര്‍ക്ക് നൂറ് പുത്രന്മാരുണ്ടായി. അതില്‍ മൂത്തപുത്രനായ ഭരതന്റെ പേരിലാണ് ഭാരതവര്‍ഷം അറിയപ്പെടുന്നത്. ഭരതന്‍ ഉന്നതനായ യോഗിയായിരുന്നു. മറ്റു പുത്രന്മാരായ കവി ഹരി, അന്തരീക്ഷ, പ്രബുദ്ധ, പിപ്പലായനന്ദ ആവിര്‍പോത്ര, ദ്രുമില, ചമസ, കരഭജന എന്നിവരെല്ലാം ഭഗവല്‍ഭക്തരായിരുന്നു. മറ്റ് 81 പേരും ഭക്തഗണത്തില്‍പ്പെട്ട് ഉത്തമജീവിതം നയിച്ചതുകൊണ്ട് ജന്മനാല്‍ ക്ഷത്രിയരെങ്കിലും അവര്‍ ബ്രാഹ്മണരായിത്തീര്‍ന്നു.
ഋഷഭരാജന്‍ ഭരണത്തിനും ഗൃഹസ്ഥാശ്രമധര്‍മ്മത്തിനും മാതൃകയായി ജീവിച്ചു. രാജ്യവാസികളും ധര്‍മ്മ ബോധം കൈവരുത്തി, അധര്‍മ്മത്തെ പാടെ ഇല്ലാതാക്കി. കളളവും ചതിയും ഇല്ല. അന്യന്റെ ധനം ആഗ്രഹിക്കുന്നുതുപോലും ഇല്ലാതായി. ജനങ്ങള്‍ ഋഷഭനോടുളള ആദരവിലും ആരു മുമ്പിലെന്ന മട്ടില്‍ മത്സരിച്ചു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF