മഹോത്സവാം ദ്വാരമാഹുര്‍വ്വിമുക്തേസ്തമോദ്വാരം യോഷിതാം സംഗിസംഗം
മഹാന്തസ്തേ സമചിത്താഃ പ്രശാന്താ വിമന്യവഃ സുഹൃദഃ സാധവോ യേ (5-5-2)
ഗുരുര്‍ന്ന സ സ്യാത്സ്വജനോ ന സ സ്യാത് പിതാ ന സ സ്യാജ്ജനനീ ന സാ സ്യാത്‌
ദൈവം ന തത്സ്യാന്ന പതിശ്ച സ സ്യാന്ന മോചയേദ്യഃ സമുപേതമൃത്യും (5-5-18)

ഒരുദിവസം ഋഷഭന്‍ തന്റെ പ്രജകളോട്‌ ഇങ്ങനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

“ഈ മനുഷ്യജന്മം ഇന്ദ്രിയസുഖഭോഗത്തില്‍ പാഴാക്കിക്കളയുവാനുളളതല്ല, മറിച്ച്‌ പരമസത്യത്തെ സാക്ഷാത്ക്കരിക്കുവാനുളള തപശ്ചര്യകളില്‍ ഏര്‍പ്പെട്ട്‌ വിനിയോഗിക്കേണ്ടതത്രെ. മഹത്തുക്കളെ ഉപചരിക്കുന്നുത്‌ മോക്ഷമാര്‍ഗ്ഗത്തിലേയ്ക്കുളള കവാടവും, സുഖലോലുപരുമായുളള സഹവാസം നരകത്തിന്റെ പടിവാതിലുമാവുന്നു. മഹത്തുക്കള്‍ ശാന്തശീലരും കരുണ നിറഞ്ഞവരും കോപമകന്നവരും ദിവ്യരുമാണല്ലോ കാരണം അവരുടെ ഹൃദയങ്ങള്‍ പരിപൂര്‍ണ്ണമായി എന്നിലര്‍പ്പിക്കപ്പെട്ടതത്രേ. അവര്‍ക്ക്‌ സ്വാര്‍ത്ഥപരമായ ഉദ്ദേശം ഒന്നുംതന്നെയില്ല. അവരുടെ ശരീരം പോലും പരിരക്ഷിക്കപ്പെടുന്നത്‌ എനിക്ക്‌ വേണ്ടി മാത്രമാണ്‌.

സ്വാര്‍ത്ഥപരവും ഇന്ദ്രിയാമുഖവുമായ പ്രവര്‍ത്തനങ്ങള്‍ അജ്ഞാനത്തിലുഴറുന്ന ജീവനെ ബന്ധിക്കുന്നു.അജ്ഞാനത്താല്‍ ഒരുവന്‍ തന്റെ ശരീരത്തെ തന്റെ ആത്മാവായും ഭാര്യ, കുടുംബം എന്നിവയെ തന്റെ സ്വന്തമാണെന്നും തെറ്റിദ്ധരിക്കുന്നു. ഈ മാനസികാവസ്ഥയെ നീക്കം ചെയ്യുമ്പോള്‍ ഒരുവന്‍ ഇവയെപ്പറ്റിയുളള സത്യാവസ്ഥ മനസിലാക്കുന്നു. അഹങ്കാരപാശത്തില്‍ നിന്നും മോചിതനായി അവന്‍ പരമപദത്തെ പ്രാപിക്കുന്നു. ഭഗവാനെ പരമസത്യവും ലക്ഷ്യവുമായി കരുതി ജീവിതമെല്ലാം ദുഃഖപൂരിതമാണെന്ന സത്യം മനസിലാക്കി ഉന്നതമായ ധാര്‍മ്മീകജീവിതം നയിച്ച്‌ മനസിനേയും ഇന്ദ്രിയങ്ങളേയും നിയന്ത്രിച്ച്‌ ഇവയെ എല്ലാം നിതാന്തജാഗ്രതയോടെ പാലിച്ച്‌ ഒരുവന്‍ തന്റെ അഹങ്കാരപാശത്തെ പൊട്ടിച്ചകറ്റാന്‍ പരിശ്രമിക്കേണ്ടതാണ്‌. ഇങ്ങനെ കര്‍മ്മഫലങ്ങളുടെ നിലവറ തകരുന്നു. അതിനുശേഷം ഈദൃശകര്‍മ്മങ്ങള്‍ പോലും ഉപേക്ഷിക്കാവുന്നതാണ്‌. ഈ പരമസത്യത്തെ തന്റെ ആശ്രിതര്‍ക്കു മനസിലാക്കിക്കൊടുക്കുക എന്നത്‌ ഒരു ഗുരുവിന്‍റേയോ, പിതാവിന്‍റേയോ രാജാവിന്‍റേയോ കടമയാണ്‌. പക്ഷേ അവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയോ, പക്വതയില്ലാത്തവരെങ്കില്‍ അവരെ പഠിപ്പിക്കുവാന്‍ ശ്രമിക്കുകയോ ചെയ്യാന്‍ പാടുളളതല്ല. അങ്ങനെ മറ്റൊരുവനെ അജ്ഞാനാന്ധകാരത്തില്‍ നിന്നും തജ്ജന്യമായ ജനനമരണങ്ങളും നിന്നും മോചിപ്പിക്കുവാന്‍ പരിശ്രമിക്കാത്ത ഒരുവന്‍ ഗുരുവോ, ബന്ധുവോ, മിത്രമോ, അച്ഛനോ, അമ്മയോ, ദേവതയോ ഭര്‍ത്താവോ അല്ല തന്നെ. പരിശുദ്ധമനസ്സോടെ സര്‍വ്വചരാചരങ്ങളും എന്റെ തന്നെ ഭാഗമെന്ന്, വിശ്വസിച്ച്‌ ജീവിക്കുകയാണ്‌ എന്നോടുളള ഏറ്റവും ഉത്തമമായ സാധന. നിങ്ങളുടെ മൂത്ത സഹോദരനായ ഭരതനെ ഭക്തിയോടെ സേവിച്ചാലും. ഉത്തമനാണവന്‍.”

ശുകമുനി തുടര്‍ന്നുഃ തന്റെ പുത്രന്മ‍ാരേയും തദ്വാരാ പ്രജകളേയും സത്യമാര്‍ഗ്ഗത്തെപ്പറ്റി പഠിപ്പിച്ചശേഷം ഋഷഭന്‍ രാജ്യഭാരംവിട്ട്‌ ഗൃഹസ്ഥാശ്രമവും അവസാനിപ്പിച്ച്‌ നാടുമുഴുവന്‍ അലഞ്ഞുനടന്നു. വേഷപ്രഛന്നനായും, നഗ്നനായും, ബാധാവേശം വന്നവനേപ്പോലെയും അദ്ദേഹം ഒരവധൂതനായങ്ങനെ നടന്നു. ആളുകളുടെ പ്രതികരണം പലേവിധത്തിലായിരുന്നു. സുന്ദരമായ ആ രൂപം സ്ത്രീകളെ ആകര്‍ഷിച്ചു മറ്റുചിലര്‍ക്ക്‌ വെറുപ്പുണ്ടാക്കി. അദ്ദേഹത്തിന്റെ പെരുമാറ്റം ആത്മസാക്ഷാല്‍ക്കാരത്തിന്റെ മഹിമയെ വെളിവാക്കുന്ന വിധത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെ പലരും വെറുപ്പോടെയും അവജ്ഞയോടേയും അദ്ദേഹത്തെ വീക്ഷിച്ചു. ഇതൊക്കെയാണെങ്കിലും ജനത്തിന്റെ പ്രതികരണം തന്റെ ശരീരത്തോടുമാത്രമാണെന്നറിയാവുന്ന ഋഷഭന്‌ യാതൊരു കുലുക്കവുമുണ്ടായില്ല. ആത്മഭാവത്തില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ സ്വയം ഒരു കാളയായും, മാനായും, കാക്കയായും, പിന്നീടൊരു പെരുമ്പാമ്പായും ശരീരം സ്വീകരിച്ചു. അദ്ദേഹം സാക്ഷാല്‍കാരം നേടുന്ന ഒരു യോഗിവര്യന്റെ വിവിധ ജീവിതാവസ്ഥകളെ നമുക്കു കാണിച്ചു തന്നു. അദ്ദേഹം ഭഗവാന്‍ വാസുദേവനുമായി നിരന്തരം അദ്വൈതഭാവത്തില്‍ കഴിയുകയാല്‍ അതിഭൗതീക ശക്തികള്‍ തന്നെത്തേടിവരുന്നുതുപോലും ശ്രദ്ധിക്കുകയുണ്ടായില്ല.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF