അഹോ ഭൂവഃ സപ്ത സമുദ്രവത്യാ ദ്വീപേഷു വര്‍ഷേഷ്വധിപുണ്യമേതത്
ഗായന്തി യത്രത്യജനാ മുരാരേഃ കര്‍മ്മാണി ഭദ്രാണ്യവതാരവന്തി (5-6-13)
നിത്യാനുഭൂതനിജലാഭനിവൃത്തതൃഷ്ണഃ ശ്രേയസ്യതദ്രചനയാ ചിരസുപ്തബുഢേഃ
ലോകസ്യ യഃ കരുണയാഽഭയാത്മലോകമഖ്യാന്നമോ ഭഗവതേ ഋഷഭായ തസ്മൈ (5-6-19)
പരീക്ഷിത്ത് രാജാവ് ചോദിച്ചുഃ
“ഋഷഭദേവന്‍ ആത്മസാക്ഷാത്കാരം നേടി കര്‍മ്മഫലങ്ങളെയെല്ലാം എരിച്ചു ഭസ്മമാക്കിയിരുന്ന ആളായിരുന്നുല്ലോ. എന്നിട്ടും അദ്ദേഹം എന്തുകൊണ്ടാണ് ലൗകീകത തീരെ ഉപേക്ഷിച്ചു ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്നത്?”
ശുകദേവന്‍ പറഞ്ഞുഃ “ഋഷഭദേവന്‍ എല്ലാ കര്‍മ്മപാശങ്ങളില്‍നിന്നും വിമുക്തനായിരുന്നു എന്നത് ശരിതന്നെ. എങ്കിലും ജ്ഞാനികള്‍ ഒരു നിമിഷം പോലും ശ്രദ്ധയറ്റവരായി ജീവിച്ച് സ്വയം അധഃപതനത്തിലേക്ക് നീങ്ങാനിടകൊടുക്കുകയില്ല. ഒരുവന്‍ തന്റെ മനസിനെ പൂര്‍ണ്ണമായും വിശ്വസിച്ചുകൂടാ എന്നാണ് അറിവുളളവര്‍ പറയുന്നത്, കാരണം വഴിതെറ്റിപ്പോവാനുളെളാരവസരം നോക്കിയിരിക്കുകയാണ് മനസ്. ഭര്‍ത്താവിനോട് വിശ്വസ്ഥത പുലര്‍ത്താത്ത ഭാര്യ, തന്റെ ജാരനെ സ്വീകരിക്കാനും വേണ്ടിവന്നാല്‍ ഭര്‍ത്താവിനെ കൊല്ലാനും മടി കാണിക്കാത്തതുപോലെ മനസ് ദുഷ്ടതയും ചഞ്ചലതയും കാരണം ജാഗരൂഗതയില്ലാത്തവന്റെയുളളില്‍ കാമക്രോധാദികളെ കടത്തിവിട്ട് ആത്മീയപുരോഗതിക്കു തടസ്സമുണ്ടാക്കുന്നു.”
ഋഷഭദേവന്റെ മഹിമകള്‍ വര്‍ണ്ണനാതീതമത്രെ. എങ്കിലും ജനം ആ മഹിമയെ തിരിച്ചറിയായ്കമൂലം ഭ്രാന്തു പിടിച്ചലഞ്ഞുനടക്കുന്ന ഒരുവനായി അദ്ദേഹത്തെ കണ്ടു. യോഗമാര്‍ഗ്ഗത്തിന്‍റേയും ആത്മീയ പുരോഗതിയുടേയും ഉത്തമോദാഹരണമായി ജീവിച്ച അദ്ദേഹം ഒടുവില്‍ ഈ ശരീരം ഉപേക്ഷിക്കുന്നതെങ്ങനെയെന്നും നമുക്കു കാണിച്ചുതരുന്നു. അദ്ദേഹം തന്റെ സൂക്ഷ്മശരീരത്തില്‍ നിന്നും പൂര്‍ണ്ണമായി സ്വയം വിട്ടുനിന്നു. എന്നാല്‍ ഭൗതീകശരീരം പഴയ കര്‍മ്മഫലങ്ങളുടെ സംവേഗശക്തിയാല്‍ അലഞ്ഞുനടന്നു. ഭഗവല്‍മായയുടെ പ്രഭാവത്താല്‍ ആ ശരീരം നിലനില്‍ക്കുകയും ചെയ്തു. അദ്ദേഹം കൊങ്കണം, വെങ്കണം, കുടക്, ദക്ഷിണകര്‍മ്മാടക എന്നിവിടങ്ങളും ഒരവധൂതനായി അലഞ്ഞുനടന്നു. ഒരിക്കല്‍ കുടകുമലകളില്‍ കഴിയവേ കാട്ടുമുള കൂട്ടിയുരസിയുണ്ടായ തീയില്‍പ്പെട്ട് ആ ശരീരം നശിച്ചു.
ഋഷഭന്റെ പെരുമാറ്റം മറ്റുളളവര്‍ക്ക് അനുകരിക്കുവാനുളളതല്ല. എങ്കിലും ചിലര്‍ അദ്ദേഹത്തിന്റെ ബാഹ്യാവസ്ഥകളെ അനുകരിക്കുന്നു. നഗ്നരായി, തികച്ചും വൃത്തിഹീനരായി, വേദങ്ങളെ അധിക്ഷേപിച്ചുകൊണ്ട്, മാമുനിമാരേയും ഭഗവാന്‍ വിഷ്ണുവിനെത്തന്നെയും ധിക്കരിച്ചുകൊണ്ട്, അതീന്ദ്രിയാവസ്ഥയിലാണെന്ന് നടിച്ചു ജീവിക്കുന്നു. ഇത് അജ്ഞാനത്തിന്‍റേയും വിഡ്ഢിത്തത്തിന്‍റേയും പരമകാഷ്ഠയത്രേ.
ഋഷഭദേവന്റെ ജനനംകൊണ്ട് ധന്യമായ പുണ്യഭൂമിയെ ജനങ്ങള്‍ ഇങ്ങനെ വാഴ്ത്തുന്നു. “ഭഗവാന്‍ വിഷ്ണുവിന്റെ അപദാനങ്ങള്‍ കീര്‍ത്തിക്കപ്പെടുന്ന നാടെന്ന നിലയില്‍ ഭാരതം തികച്ചും പുണ്യഭൂമി തന്നെയാണ്. ഋഷഭദേവന് നമോവാകം. ആത്മസാക്ഷാല്‍ക്കാരത്തില്‍ മുഴുകിനിന്നു് ആത്മജ്ഞാന മാര്‍ഗ്ഗത്തേയും മോക്ഷമാര്‍ഗ്ഗത്തേയും മറ്റുളളവര്‍ക്ക് മനസിലാകുംവിധം ജീവിച്ച്, ശരീരാസക്തിയുടെ ഭ്രമത്തില്‍പ്പെട്ടവര്‍ക്ക് ജ്ഞാനം നല്‍കിയ ഋഷഭന് നമസ്കാരം.”
ഋഷഭദേവന്റെ കഥ കേള്‍ക്കുന്നവര്‍ക്കും പറയുന്നവര്‍ക്കും ഭഗവല്‍ഭക്തിയുണ്ടാവുന്നതാണ്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF