അഹോ കഷ്ടം ഭ്രഷ്ടോഽഹമാത്മവതാമനുപഥാദ്യ ദ്വി മുക്ത
സമസ്തസംഗസ്യ വിവിക്ത പുണ്യാരണ്യശരണസ്യാത്മവത
ആത്മനി സര്‍വേഷാമാത്മാനാം ഭഗവതി വാസുദേവേ തദനുശ്രവണ
മനന സങ്കീര്‍ത്തനാരാധനാനുസ്മരണാഭിയോഗേ നാ ശൂന്യ
സകളയാമേ ന കാലേന സമാവേശിതം സമാഹിതം കാര്‍ത്സ്ന്യേന മനസ്തത്തു
പുനര്‍മ്മമാബുധസ്യാരാന്മൃഗസുതമനു പരിസുസ്രാവ (5-8-29)
ശുകമുനി തുടര്‍ന്നുഃ ഒരു ദിവസം രാവിലെ സ്നാനശേഷം ഭരതന്‍ ഗംഗാനദിക്കരയില്‍ പ്രണവമന്ത്രധ്യാനത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. അപ്പോഴവിടെ ഒരു മാന്‍പേട വന്നുചേര്‍ന്നു. പെട്ടെന്ന് ഒരു സിംഹം അലറിക്കൊണ്ട് അതിനെ പിടിക്കാന്‍ ഓടിയെത്തി. പേടിച്ചരണ്ട മാന്‍പേട നദിയിലേക്ക്ചാടി മറുകരയ്ക്കു പോവാന്‍ തുനിഞ്ഞു. പേടിയും പൂര്‍ത്തിയാവാറായ ഗര്‍ഭാവസ്ഥയും കാരണം മാന്‍പേട പ്രസവിക്കുകയും താമസിയാതെ മരിക്കുകയും ചെയ്തു. ദയാനിധിയായ ഭരതന്‍ മാന്‍കുട്ടിയെ ദത്തെടുത്തു. വിധിനിയോഗത്താല്‍ തന്റെ സംരക്ഷണയില്‍ കഴിയേണ്ടുന്നതാണീ മാന്‍കുട്ടിയെന്ന ധര്‍മ്മബോധത്തോടെ ഭരതന്‍ അതിനെ ശ്രദ്ധയോടെ പരിരക്ഷിച്ചു. താമസംവിനാ ഈ വാത്സല്യം അതീവ മമതയിലെത്തുകയും ഭരതന് തന്റെ പൂജാദികര്‍മ്മങ്ങളില്‍ ശ്രദ്ധ കുറയുകയും ഭഗവല്‍ധ്യാനത്തിനു ഭംഗം വരികയും ചെയ്തു. മാന്‍കുട്ടിയടെ ദൗര്‍ഭാഗ്യത്തെപ്പറ്റി ഭരതന്‍ വീണ്ടും വീണ്ടും ചിന്തിക്കുകയും അതിനെ കാത്തുരക്ഷിക്കുക തന്റെ ധര്‍മ്മമാണെന്നു മനസിലുറപ്പിക്കുകയും ചെയ്തു. മാന്‍കുട്ടിയെ രക്ഷിക്കാനും പരിരക്ഷിക്കാനും തനിക്കു കിട്ടിയ അവസരത്തെ ഭരതന്‍ ഒരനുഗ്രഹമായി കണക്കാക്കി സ്വയം ചോദിച്ചു.” മഹാത്മാകള്‍ പോലും ദയാവായ്പ്പു പ്രകടിപ്പിക്കാന്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഉപേക്ഷിക്കാറുണ്ടല്ലോ ?”
മാന്‍കുട്ടി അദ്ദേഹത്തിന്റെ സ്ഥിരം സഹചാരിയായി മാറി. ദിവസം മുഴുവന്‍ മാന്‍കുട്ടിയെപ്പറ്റിയായി അദ്ദേഹത്തിന്റെ ചിന്ത. അതിന്റെ സന്തോഷം, സംരക്ഷ, എന്നിങ്ങനെയുളള കാര്യങ്ങളാല്‍ ദിനങ്ങള്‍ കടന്നുപോയി. എപ്പോഴെങ്കലും വൈകുന്നേരം അത് തന്റെയടുത്തു വന്നില്ലെങ്കില്‍ ഭരതന് വ്യഗ്രതയും വ്യസനവുമായി. താന്‍ ധ്യാനത്തിലെന്ന മട്ടില്‍ കന്നടച്ചിരിക്കുമ്പോള്‍ മാന്‍കുട്ടിവന്നു് നക്കിയുണര്‍ത്തുന്നതും മറ്റും അദ്ദേഹം ആലോചിച്ചിരിപ്പായി. തന്റെ പൂജാദ്രവ്യങ്ങളും മറ്റും അശുദ്ധമാക്കുമ്പോള്‍ താന്‍ ദ്വേഷ്യപ്പെട്ടാല്‍ മാന്‍കുട്ടി ഒരു മുനിയേപ്പോലെ നിശബ്ദമായി ഒരുമൂലയില്‍ പോയിരിക്കാറുളള കാര്യവും ഭരതന്‍ ഓര്‍ത്തു. മാന്‍കുട്ടിയോടുളള വാത്സല്യം ഒരു മോഹാവേശമായി ഭരതനെ ബാധിച്ചു കഴിഞ്ഞിരുന്നു. ഇങ്ങനെയൊരു ജീവിയെ തനിക്കു സ്നേഹിക്കാനും സംരക്ഷിക്കാനും തന്നതില്‍ ഭരതന്‍ ഭൂമീദേവയെ അനുഗ്രഹിക്കപോലും ചെയ്തു.
മനുഷ്യജീവനില്‍ താഴെയുളള ഒരു ജീവിയോട്, സുഖദുഃഖസ്ഥാനങ്ങള്‍ ഉപേക്ഷിച്ച മഹാനായ ഒരു സന്യാസിക്ക് ഇത്രമാത്രം മമതയുണ്ടാവുക എന്നത് എത്ര അത്ഭുതകരം! ഭരതന്റെ അവസാന കാലത്തും മനസില്‍ മുഴുവന്‍ മാന്‍കുട്ടി തന്നെയായിരുന്നു. മാന്‍കുട്ടിയെ നോക്കി അവസാനശ്വാസം വലിച്ച ഭരതന്റെ ഒപ്പം മാന്‍കുട്ടിയും മരിച്ചുവീണു. ഭരതന്‍ ഒരു മാനായി പുനര്‍ജ്ജനിച്ചു. ഭരതന്‍ തന്റെ പൂര്‍വ്വജന്മത്തെപ്പറ്റിയോര്‍ത്ത് സങ്കടപ്പെട്ടു. “എല്ലാമുപേക്ഷിച്ച് സന്യാസവും സ്വീകരിച്ച് ഭഗവാന്‍ വാസുദേവന്റെ താമരപ്പാദങ്ങളെ പൂജിച്ച് ഒറ്റപ്പെട്ട വനാന്തരത്തില്‍ കഴിഞ്ഞിരുന്ന ഞാന്‍ എങ്ങനെയാണ് ആത്മീയതയുടെ പാതയില്‍നിന്നു് വഴുതിവീണത് ? അതും ഒരു മാന്‍കുട്ടിയുടെ സ്നേഹത്തിനു വേണ്ടി!” ഇതെല്ലാമോര്‍ത്ത് മാന്‍കൂട്ടത്തില്‍ നിന്നും ഓടി അദ്ദേഹം പുലഹന്റെ ആശ്രമത്തിനടുത്തുചെന്ന് ഒരു താപസനായി ശരീരമുപേക്ഷിക്കുംവരെ ജീവിച്ചു.
(മനുഷ്യന്‍ ഒരു മൃഗമായി പുനര്‍ജ്ജനിക്കുക എന്നത് സാദ്ധ്യമാണോ? എന്തുകൊണ്ടില്ല? മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ബുദ്ധിയുണ്ടോ? അവ പൂര്‍വ്വജന്മങ്ങളെപ്പറ്റി പൂര്‍ണ്ണമായി മറന്നുപോവുന്നുണ്ടോ? ഭരതന്റെ കഥ അല്ലെന്നു പറയുന്നു. മൃഗങ്ങളുമായി നമുക്ക് സംവദിക്കാനാവാത്തത് അവരുടെ കുറ്റമല്ലല്ലോ ?)
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF