ഏവമേവ ഖലു മഹദഭിചാരാതിക്രമഃ കാര്‍ത്സന്യേനാത്മനേ ഫലതി (5-9-19)
നവാ ഏതദ്വിഷ്ണുദത്ത മഹദദ്ഭുതം യദ സംഭ്രമഃ സ്വശിരശ്ഛേദന
ആപതിതേഽപി വിമുക്തദേഹാദ്യാ ത്മഭാവസുദൃഢഹൃദയ ഗൃന്ഥീനാം സര്‍വ
സത്ത്വസുഹൃദാത്മനാം നിര്‍വ്വൈരാണാം സാക്ഷാദ്ഭഗവതാഽള്‍നിമിഷാരി
വരായുധേനാപ്രമത്തേന തൈസ്തൈര്‍ ഭാവൈഃ പരിരക്ഷ്യമാണാനാം
തദ്പാദമൂലമകുതശ്ചിദ് ഭയമുപസൃതാനാം ഭാഗവതപരമഹംസാനാം (5-9-20)
ശുകമുനി തുടര്‍ന്നുഃ
അംഗിരമഹര്‍ഷിയുടെ പരമ്പരയില്‍പ്പെട്ട ഒരു ബ്രാഹ്മണന് രണ്ടു ഭാര്യമാരുണ്ടായിരുന്നു. ആദ്യ ഭാര്യയില്‍ അദ്ദേഹത്തിന് ഒന്‍പതു പുത്രന്മാരും രണ്ടാം ഭാര്യയില്‍ ഇരട്ടപെറ്റുണ്ടായ ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും അവര്‍ക്കുണ്ടായിരുന്നു. ഇതിലെ ആണ്‍കുട്ടി, ഭരതന്റെ പുനര്‍ജന്മമാണെന്ന് പറയപ്പെടുന്നു. ചെറുപ്പത്തിലേ അവന് തന്റെ പൂര്‍വ്വജന്മങ്ങളെപ്പറ്റി നല്ല ബോധമുണ്ടായിരുന്നു. അതുകൊണ്ടവന്റെ എല്ലാ പെരുമാറ്റങ്ങളും അതീവശ്രദ്ധയോടെയായിരുന്നു. തന്റെ മകന് വേണ്ടത്ര വിദ്യാഭ്യാസം കൊടുക്കുക ആവശ്യമെന്ന് കരുതി ബ്രാഹ്മണന്‍, ബാലനെ ഉപനയനം ചെയ്യിച്ച് ഗായത്രി മന്ത്രം പഠിപ്പിക്കുകയും ചെയ്തു. പക്ഷെ ഭരതനാകട്ടെ, തന്റെ മനസ് പരബ്രഹ്മത്തിലുറപ്പിക്കുക മൂലം ലൗകീകകാര്യങ്ങളും പഠനത്തിലും താത്പര്യമില്ലാതെ കഴിഞ്ഞു.
ബ്രാഹ്മണന്‍ കാലക്രമത്തില്‍ മരണപ്പെടുകയും രണ്ടാം ഭാര്യ ചിതയില്‍ ചാടി സതിയാവുകയും ചെയ്തു. ഭരതന്റെ സഹോദരന്മാര്‍ അവനെ പഠിപ്പിക്കുക എന്ന വൃഥാവൃത്തി ഉപേക്ഷിച്ച് അവനെ ജന്മനാ വിഡ്ഢിയെന്ന രീതിയില്‍ കണക്കാക്കി. തന്റെ സഹോദരന്മാര്‍ എത്രമാത്രം നിന്നിച്ചിട്ടും അവനെ അതു ബാധിക്കുകയുണ്ടായില്ല. അവനോട് പറഞ്ഞ ജോലി അവന്‍ ചെയ്തു. കൊടുത്ത ഭക്ഷണം കഴിച്ചു. സുഖദുഃഖങ്ങളും, ആദരവും, നിന്ദയും അവനെല്ലാം ഒരുപോലെയായിരുന്നു. അങ്ങനെ ലൗകീകതയൊന്നും ബാധിക്കാതെ അവനങ്ങനെ ചുറ്റി നടന്നു.
അങ്ങനെയിരിക്കെ ഒരുപറ്റം കൊളളക്കാര്‍ ഭദ്രകാളിക്ക് നരബലി കൊടുക്കാന്‍ വ്രതം ചെയ്തിരിക്കുകയായിരുന്നു. അതിനു വേണ്ടി കരുതിവെച്ചിരുന്ന മനുഷ്യന്‍ അവരില്‍നിന്നും രക്ഷപ്പെട്ടുകഴിഞ്ഞിരുന്നു. അവര്‍ മറ്റൊരുവനെ തേടിയിരിക്കുന്ന അവസരത്തിലാണ് ഒരു തോട്ടം കാവല്‍ക്കാരനായി ജോലിചെയ്തിരുന്ന ഭരതനെ കാണാനിടയായത്. ഉറച്ച ശരീരമുളളവനും ആരോഗദൃഢഗാത്രനുമായ ഭരതനെ അവര്‍ പിടിച്ചു കെട്ടി കാളിക്ഷേത്രത്തില്‍ കൊണ്ടു വന്നു. പരമജ്ഞാനത്തില്‍ വിലീലനായിരുന്നതുകൊണ്ട് തന്റെ ശരീരത്തോട് എന്താണ് അവര്‍ ചെയ്യുന്നുതെന്ന് അവനു ശ്രദ്ധയുണ്ടായിരുന്നില്ല. അവര്‍ അവനെ കുളിപ്പിച്ച് അലങ്കാരവസ്ത്രമുടുപ്പിച്ച് ഭക്ഷണവും കൊടുത്ത് ബലിക്കായി തയ്യാറാക്കി. ബലിപീഠത്തില്‍ വെച്ച് തലവെട്ടുന്നതിനു മുന്‍പ് ശ്രീകോവിലില്‍നിന്നു് ഭദ്രകാളി സ്വയം ഇറങ്ങിവന്നു് കാപാലികരുടെയെല്ലാം തലവെട്ടിക്കളഞ്ഞു.
ഇങ്ങനെ മഹത്തുക്കളായ സജ്ജനങ്ങളുടെ നേര്‍ക്കു പ്രയോഗിക്കുന്ന ദുഷ്ടതകള്‍ മനുഷ്യനെ തിരിച്ചടിക്കുമെന്ന് മനസിലാവുന്നു. സദാ ജാഗരൂകമായി സംരക്ഷണായുധങ്ങളുമായി നിലകൊളളുന്ന ഭഗവാന്‍ തന്റെ ഭക്തനെ എല്ലാവിധ ആപത്തുകളില്‍ നിന്നും രക്ഷിക്കും എന്നതില്‍ അത്ഭുതമെന്താണുളളത്? സ്വയം മായാമോഹിതനായി ശരീരവുമായി ഐക്യഭാവം കൊളളാത്ത ഭക്തന്‍ ആത്മസാക്ഷാത്കാരം നേടിയവനും ശത്രുതയില്ലാത്തവനും സര്‍വ്വചരാചരങ്ങള്‍ക്കും സുഹൃത്തുമാണ്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF