ഭരത വചനത്തില്‍ ഭീതനായ രഹുഗണന്റെ ക്ഷമാപണം – ഭാഗവതം(111)
സ്ഥൌല്യം കാര്‍ശ്യം വ്യാധയ ആധയശ്ച
ക്ഷുത്തൃഡ് ഭയം കലിരച്ഛാ ജരാ ച
നിദ്രാ രതിര്‍ഢന്യുരഹംമദഃ ശുചോ
ദേഹേന ജാതസ്യ ഹി മേ ന സന്തി (5-10-10)
ശുകമുനി തുടര്‍ന്നുഃ
ഭരതന്‍ ഇങ്ങനെ അലഞ്ഞുതിരിയുന്ന സമയത്ത് രഹുഗുണന്‍ എന്നുപേരായ ഒരു രാജാവ് (സിന്ധുവിന്‍റേയും സൗവീരയുടേയും ഭരണാധികാരി) തന്റെ കൊട്ടാരത്തില്‍ നിന്നും കപിലമുനിയുടെ പര്‍ണ്ണശാല തേടി പുറപ്പെടുകയായിരുന്നു. മുനിയില്‍നിന്നും ആത്മീയോപദേശം നേടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പല്ലക്കിലായിരുന്നു യാത്ര. പല്ലക്കു ചുമക്കാന്‍ ഒരാള്‍കൂടി വേണമെന്ന് സേവകര്‍ ആലോചിച്ചിരിക്കുമ്പോഴാണ് ഭരതനെ കണ്ടുമുട്ടുന്നത്. അവരുടെ കൂടെ പല്ലക്കു ചുമക്കാന്‍ ഭരതന്‍ നാലാമനായി കൂടി. ശരീരത്തിനു കിട്ടുന്ന ജോലിയേതും മടികൂടാതെ ഭരതന്‍ സ്വീകരിച്ചു. പല്ലക്കു ചുമന്നു നടക്കുമ്പോള്‍ ഭൂമിയിലെ കീടങ്ങളെ ഉപദ്രവിക്കാതിരിക്കാന്‍ ഭരതന്‍ ഇടക്കിടക്ക് ചാടിമാറിക്കൊണ്ടിരുന്നു. രാജാവിന് ഇതു വലിയ ശല്യമായിത്തീര്‍ന്നു.
മറ്റുചുമട്ടുകാര്‍ ഭരതനെതിരെ രാജാവിനോട് പരാതി പറഞ്ഞു. രാജാവ് അവനെ ശകാരിച്ച് ശാസനാരൂപത്തില്‍ ഇങ്ങനെ പറഞ്ഞു “തടിച്ചു കൊഴുത്ത് ആരോഗ്യവാനായ നീ തളര്‍ന്നു പോയെന്നോ ?. ജോലി ഉചിതമായി ചെയ്തില്ലെങ്കില്‍ യജമാനനെന്ന നിലയില്‍ നിന്നെ ഒരു പാഠം പഠിപ്പിക്കാനായി ശിക്ഷിക്കേണ്ടിവരും.”
ഭരതന്‍ സൗമ്യനായി ഇതിനു മറുപടി പറഞ്ഞു. “ശരീരത്തിന്റെ തടി, മെലിച്ചില്‍, അസുഖങ്ങള്‍, വിശപ്പ്, ദാഹം, ഭയം, കലഹം, മോഹം, ഉറക്കം, ഇന്ദ്രിയഭോഗം, ദേഷ്യം, പൊങ്ങച്ചം, ദുഃഖം എന്നിവയെല്ലാം ശരീരബോധവുമായി പിറന്നവനുളളതാണ്. എനിക്കതു ബാധകമല്ല. നിങ്ങള്‍ ഒരു യജമാനനാണെങ്കിലല്ലേ തന്റെ ജീവനക്കാരനോട് കല്‍പ്പിക്കാന്‍ കഴിയൂ. പക്ഷെ വേലക്കാരന്‍, യജമാനന്‍ എന്നീ പദവികള്‍ ഒരിക്കലും നിജവും നിത്യവുമല്ല. അതെല്ലാം ചില മാമൂലുകളനുസരിച്ച് മനുഷ്യര്‍ പ്രയോഗിക്കുന്ന പദങ്ങളാണ്. നിങ്ങള്‍ക്കെന്നെ പഠിപ്പിക്കാന്‍ കഴിയുമോ? അതുകൊണ്ട് നിങ്ങള്‍ക്കെന്താണ് നേട്ടം?” ഭരതന്‍ പല്ലക്കു ചുമക്കല്‍ തുടര്‍ന്നു.
ഈ വാക്കുകള്‍ കേട്ട് രാജാവ് പല്ലക്കില്‍ നിന്നിറങ്ങി ഭരതന്റെ കാല്‍ക്കല്‍ വീണു ചോദിച്ചു. “അങ്ങാരാണ് ? വേഷപ്രഛന്നനായി നടക്കുന്ന അങ്ങ് കപിലമുനി തന്നെയാണോ എന്നു ഞാന്‍ സംശയിക്കുന്നു. ശരീരവുമായി പിറന്നവനെന്നും ആത്മാവുമായി പിറന്നവനെന്നും രണ്ടുതരത്തില്‍ ആളുകള്‍ ഉണ്ടെന്ന് അങ്ങ് പറഞ്ഞു. അരിവെയ്ക്കുമ്പോള്‍ തീയുടെ ചൂട്, അരി, കലം, വെളളം എന്നിവയെ എല്ലാം ബാധിക്കുന്നതുപോലെ ശരീരവുമായി ചേരുന്നതുകൊണ്ട് ആത്മാവിനേയും വിശപ്പുദാഹങ്ങള്‍ ബാധിക്കുകയില്ലേ? ഒരു രാജാവ് തന്റെ കടമകള്‍ ചെയ്യുന്നതിലൂടെ ഭഗവാനെ പ്രീതിപ്പെടുത്തുകയല്ലേ ചെയ്യുന്നുത്? തന്റെ പ്രജകളെ പഠിപ്പിച്ച് കല്‍പ്പനയനുസരിപ്പിക്കുക എന്നത് രാജധര്‍മ്മം തന്നെയാണല്ലോ. എന്റെ ധിക്കാരത്തെ അങ്ങ് പൊറുത്താലും. മഹല്‍പുരുഷന്മാരെ അപമാനിക്കുന്നവന് നാശമാണ് ഫലമെന്നെനിക്കറിയാം. ദയവു ചെയ്ത് എനിക്കറിവു തന്നാലും.”
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF