മനസ്വിനോ നിര്‍ജ്ജിതദിഗ്ഗജേന്ദ്രാ മമേതി സര്‍വ്വേ ഭുവി ബദ്ധവൈരാഃ
മൃധേ ശയീരന്ന തു തദ്‌വ്രജന്തി യന്ന്യസ്ത ദണ്ഡോ ഗതവൈരോഽഭിയാതി (5-13-15)
രഹൂഗുണ ത്വമപി ഹ്യധ്വനോഽസ്യ സംന്യസ്തദണ്ഢഃ കൃതഭുതമൈത്രഃ
അസജ്ജിതാത്മാ ഹരിസേവയാ ശിതം ജ്ഞാനാസിമാദായ തരാതിപാരം (5-13-20)
ദിവ്യബ്രാഹ്മണനായ ഭരതന്‍ തുടര്‍ന്നുഃ വ്യാപാരികളുടെ ഒരുകൂട്ടം സ്വത്തന്വേഷിച്ച് ലൗകീകാസ്തിത്വത്തിന്റെ വനത്തില്‍ അലഞ്ഞുതിരിയുന്നു. ആറ് കൊളളക്കാര്‍ അവരെ ആക്രമിക്കുന്നു. ചെന്നായ്ക്കളും കൃമികീടങ്ങളും അവരെ ശല്യപ്പെടുത്തുന്നു. മേഘങ്ങള്‍ക്കിടയില്‍ ഒരു നഗരം കണ്ട് അവരതിലെ വീടുകളിലും സ്വത്തുക്കളിലും അതീവ മമതയോടെ ജീവിക്കുന്നു. വിശക്കുമ്പോള്‍ പരസ്പരം യാചിച്ചും അശുദ്ധ വൃക്ഷങ്ങളിലെ ഫലം ഭക്ഷിച്ചും അവര്‍ ജീവിക്കുന്നു. ദാഹമടക്കാന്‍ ഒരു മരീചികയോ വെളളമില്ലാത്ത പൊയ്കയോ തേടി അവരലയുന്നു. കാട്ടുതീയുടെ തീവ്രതയില്‍ അവര്‍ക്ക് എല്ലാം നഷ്ടമാവുന്നു. സ്വത്തെല്ലാം നഷ്ടപ്പെട്ട് അവര്‍ക്ക് ബോധക്ഷയം സംഭവിക്കുന്നു. അവര്‍ക്ക് ഒരു മല കയറണമെന്നാഗ്രഹമുണ്ടെങ്കിലും കാലുകളില്‍ പുണ്ണു നിറഞ്ഞിരിക്കുന്നു. തേനീച്ചക്കൂട്ടില്‍ നിന്നു് അവര്‍ തേനെടുക്കാന്‍ തുനിയുമ്പോള്‍ അവയുടെ കുത്തേറ്റ് വേദനയോടെ പുളയുന്നു. ഒരിറ്റു തേന്‍ കിട്ടിയാലോ, മറ്റുളളവരത് തട്ടിക്കൊണ്ടുപോവുന്നു. അവര്‍ പരസ്പരം കച്ചവടത്തിലേര്‍പ്പെടുന്നു. എന്നാല്‍ അത്യാഗ്രഹം കൊണ്ട് പരസ്പരം ശത്രുതയിലെത്തുന്നു. മറ്റുളളവന്റെ സ്വത്താഗ്രഹിച്ച് അതു കിട്ടാതാവുമ്പോള്‍ ഇഛാഭംഗം വരുന്നു. അവര്‍ ചിലപ്പോള്‍ വൈവാഹിക ജീവിതത്തില്‍ ഏര്‍പ്പെടുന്നു. മരിച്ചുപോയ സഹയാത്രികരെ വിട്ടിട്ട് നവജാതരേയും കൂട്ടി ലക്ഷ്യമേതുമില്ലാത്ത അവസാനം കാണാത്ത ഈ അലച്ചില്‍ അവര്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
മനസുറപ്പുളളവര്‍ പോലും, ലോകത്തെ കീഴടക്കി മണ്ണില്‍ കിടന്നുകൊണ്ട് ‘ഇതെന്‍റേത്’എന്ന തീവ്ര മമതയാല്‍ കഴിഞ്ഞുകൂടുന്നു. ഇതേ മണ്ണിനു വേണ്ടി അവര്‍ പരസ്പരം വെറുത്തു കഴിയുന്നവരത്രെ. വെറുപ്പുപേക്ഷിച്ച സജ്ജനങ്ങള്‍ എത്തുന്നിടത്ത് ഇവര്‍ എത്തുകയില്ല. അവര്‍ കിളികള്‍ മധുരമായി ചിലയ്ക്കുന്ന ചിലേയിടങ്ങളില്‍ ചെന്നുചേര്‍ന്ന് അവിടവുമായി വിട്ടുപോരാനാവാത്ത അടുപ്പത്തിലാവുന്നു. ചിലപ്പോള്‍ ചില മൃഗങ്ങളുമായി സൗഹൃദത്തിലാവുന്നു. പിന്നീടവയെ വിട്ട് ഒരു കുരങ്ങനെ കൂട്ടു പിടിക്കുന്നു. ചിലപ്പോള്‍ മലയിടുക്കുകളില്‍ കാലിടറിവീണ് ഏതെങ്കലും പുല്‍ത്തുരുമ്പില്‍ പിടിച്ച്, തിരികെ കയറിവരാന്‍ ശ്രമിക്കുന്നു. ഇങ്ങനെ വനപാതയിലൂടെ സഞ്ചരിക്കുന്നുവര്‍ക്ക് അവരുടെ ജീവിതത്തിന്റെ പരമോന്നതലക്ഷ്യത്തില്‍ എത്തുക അസാദ്ധ്യം.
രഹുഗുണാ, നിങ്ങള്‍ ഈ വനപാതയിലാണിപ്പോള്‍ സഞ്ചരിക്കുന്നുത്. അതുകൊണ്ട് മനസില്‍നിന്നു് അക്രമവാസന കളഞ്ഞ് സര്‍വ്വജീവികളുടേയും സുഹൃത്താവുക. നിര്‍മ്മമതയുടെ മാനസീകഭാവത്തോടെ ഭഗവാന്‍ ഹരിയുടെ ഭക്തനാവുക. വിവേകത്തിന്റെ പടവാളു വീശിക്കൊണ്ട് ജീവിതലക്ഷ്യത്തിലേക്ക് എത്തിച്ചേരുക.”
വെറും ഒരു മണിക്കൂര്‍ നേരം ഭരതനുമായുണ്ടായ സത്സംഗത്താല്‍ രാജാവിന്റെ സംശയങ്ങള്‍ നീങ്ങി, വിവേകമുദിച്ചു. തന്നെനിന്ദിച്ച രാജാവിന് ആത്മോപദേശം നല്‍കിയ ഭരതന്‍ പ്രയാണം തുടര്‍ന്നു. രഹുഗുണനാകട്ടെ അജ്ഞത നീങ്ങി ശരീരാസക്തിവിട്ട് ആത്മീയതയുടെ പാതയില്‍ ജീവിതം നയിച്ചു പോന്നു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF