സ വൈ പുംസ‍ാം പരോ ധര്‍മ്മോ യതോ ഭക്തിരധോ ക്ഷജേ
അഹൈതുക്യപ്രതിഹതാ യയാത്മാ സംപ്രസീദതി (1-2-6)

സൂതന്‍ പറഞ്ഞുഃ
വിശുദ്ധമനസ്കരായ നിങ്ങളുടെ അഭ്യര്‍ത്ഥന ശ്ലാഘനീയംതന്നെ. ശ്രീകൃഷ്ണഭഗവാന്റെ മഹിമയാര്‍ന്ന ലീലാകഥകളാണല്ലോ നിങ്ങളെന്നോട് പറയുവാന്‍ ആവശ്യപ്പെട്ടത്‌. മനുഷ്യന്‍ എല്ലായ്പ്പോഴും ശ്രീകൃഷ്ണനിലുളള ഭക്തി വര്‍ദ്ധിപ്പിക്കാനുതകുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടേണ്ടതാണ്‌. എന്തെന്നാല്‍ സ്വാര്‍ത്ഥലാഭമോഹരഹിതമായ ഭക്തിയുടെ ഫലമായി മനുഷ്യന്‍ സച്ചിദാനന്ദസ്വരൂപമായ ദൈവപദം പ്രാപിക്കുന്നു.

പാരമ്പര്യസംസ്കാരം മനുഷ്യന്‌ നാലുതരം നേട്ടങ്ങള്‍ പറഞ്ഞിരിക്കുന്നു – ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവ. ഒരുവന്‍ തന്റെ കടമ, അതെത്ര ഭംഗിയായിത്തന്നെ നിര്‍വഹിച്ചാലും, ഭഗവല്‍ഭക്തിയില്‍ കൂടുതല്‍ താത്പര്യമുളവാക്കുവാന്‍ പര്യാപ്തമല്ലെങ്കില്‍ വ്യര്‍ത്ഥമത്രെ. ധനസമ്പാദനത്തിനായി മാത്രം ഒരുവന്‍ തന്റെ കടമകള്‍ നിര്‍വഹിക്കരുത്‌. ധനമാകട്ടെ സുഖഭോഗങ്ങള്‍ക്കായിമാത്രം ഉപയോഗിക്കയുമരുത്‌. ധര്‍മ്മപ്രവൃത്തികള്‍ക്കായിവേണം അത് വിനിയോഗിക്കുവാന്‍. ഇന്ദ്രിയസുഖങ്ങള്‍ ജീവിതത്തിന്റെ പ്രകൃതിയാണ്‌. ആയത്‌ ലക്ഷ്യമോ മാര്‍ഗ്ഗമോ ആയിക്കൂടാ. കാരണം ജീവിതോദ്ദേശം ഉന്നതമായ ഒന്നാണ്‌. അതത്രേ മുക്തി. പരമവിജ്ഞാനം. സത്തിനെകണ്ടെത്തല്‍. ഈപരമസത്യത്തെത്തന്നെ ദൈവമെന്നും പരമാത്മാവെന്നും ജ്ഞാനികള്‍ പറയുന്നു.

ഒരുവനെ പരമപദത്തിലേക്കാനയിക്കുന്ന വഴികള്‍ ഇനി പറഞ്ഞുതര‍ാം. തീര്‍ത്ഥയാത്രചെയ്യുന്ന ഒരുവന്‍ പല തീര്‍ത്ഥങ്ങളിലും ദിവ്യപുരുഷന്മാരേയും മുനിമാരേയും കാണാനിടയാവുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. അവരില്‍നിന്നു്‌ വാസുദേവന്റെ, ശ്രീകൃഷ്ണഭഗവാന്റെ, കഥകള്‍ കേള്‍ക്കുന്നു. അവന്റെ മനസ്സില്‍ ദുഷ്പ്രവണതകള്‍ക്കുപകരം ഭഗവല്‍പ്രേമം ഉണരുകയും ഹൃദയം നിര്‍മ്മലമാവുകയും ചെയ്യുന്നു. ഭഗവാന്‍ സത്വഗുണസ്വരൂപനാകയാല്‍ രജോതമോഗുണജന്യങ്ങളായ ദുഷ്ച്ചിന്തകളെ പാടേ നിര്‍മ്മാര്‍ജനം ചെയ്യുവാന്‍ ഹൃദയത്തിലെ ഈ പരമപ്രേമത്തിനുകഴിയും. പിന്നീട്‌ സംശയമന്യേ കാലതാമസംകൂടാതെ അവന്‌ തന്റെ ആത്മബോധം പരമാര്‍ത്ഥബോധം തന്നെയാണെന്ന തിരിച്ചരിവുണ്ടാകുന്നു. അതുമാത്രമാണ്‌ സത്യമെന്നും അവനറിയുന്നു. ഈ ആത്മബോധത്തെയാണ്‌ എല്ലാ വേദപുരാണങ്ങളും
ലക്ഷ്യമാക്കുന്നുത്‌. എല്ലാ കര്‍മ്മങ്ങളും, പൂജാവിധികളും, ധര്‍മ്മമാര്‍ഗ്ഗങ്ങളും, വിജ്ഞാനസമ്പാദനവും ജീവിതായോധനവും ഇതിനെത്തന്നെയാണ്‌ ലക്ഷ്യമാക്കുന്നുത്‌. അന്തിമവിശകലനത്തില്‍ അതുമാത്രമേ സത്യമായുളളൂ.

തുടക്കത്തില്‍ സ്വപ്രഭാവത്തില്‍നിന്നും മൂന്ന് സ്വഭാവഗുണങ്ങള്‍-സത്വ-രജസ്-തമോ
ഗുണങ്ങള്‍ – ജനിച്ചു. ഇക്കാണുന്നതും അല്ലാത്തതുമായ എല്ല‍ാം ആ ശ്രീകൃഷ്ണഭഗവാന്‍തന്നെ. കത്തുന്ന കനലിന്റെ രൂപഭാവങ്ങളാര്‍ജ്ജിക്കുന്ന തീപോലെ എല്ലാറ്റിലും അനന്തകോടി രൂപങ്ങളിലും ജ്വലിച്ചു നില്‍ക്കുന്ന സത്ത്‌ ആ പ്രഭാവമത്രെ. അതേ തിരുവടികളാണ്‌ ദേവതകളായും, സൃഷ്ടികര്‍ത്താവായ ബ്രഹ്മാവായും,
സംരക്ഷകനായ വിഷ്ണുവായും, സംഹാരകനായ ശിവനായും പ്രത്യക്ഷനാവുന്നത്‌. എന്നിരുന്നാലും പരമപദപ്രാപ്തിക്കായും ജീവന്മുക്തിക്കായും ഭക്തിരൂപേണ വിഷ്ണുവിനെ പൂജിക്കയാണ്‌ ഏറ്റവും നല്ലമാര്‍ഗ്ഗം. എന്തെന്നാല്‍ ഭഗവാന്‍ പരിപൂര്‍ണ്ണവും നിര്‍മ്മലവുമായ സത്യമത്രെ.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF