പ്രചോദന കഥകള്‍

പ്രാര്‍ത്ഥനയുടെ ഉത്തരം കിട്ടുന്നത് എങ്ങനെ അറിയാനാകും?

ഒരു സംഭവകഥ:

പൊടുന്നനേയായിരുന്നു ഗൃഹനാഥന്റെ മരണം. വീട്ടില്‍ യുവതിയായ ഭാര്യയും രണ്ടു വയസ്സായ മോളും ഒറ്റയ്ക്കായി. ഉണ്ടായിരുന്ന പണം ശവസംസ്കാര ചടങ്ങുകളോടെ തീര്‍ന്നു. ദിവസങ്ങള്‍ കഴിഞ്ഞു. അപ്പോഴാണ് ഒരു സ്വകാര്യ ബാങ്കില്‍ നിന്നും കുടിശ്ശിക ഉടന്‍ അടയ്ക്കണമെന്ന അറിയിപ്പു വന്നത്. വലിയ തുകയുണ്ട്. അവര്‍ പരിഭ്രമിച്ചു. ആ ബാങ്കിലെ കടം തീര്‍ന്നതായി കുറേദിവസം മുമ്പ് ഭര്‍ത്താവു പറഞ്ഞത് അവര്‍ ഓര്‍മ്മിച്ചു. പക്ഷേ പണമടച്ച രസീത് ഇല്ലാതെ എങ്ങനെ ഇക്കാര്യം ബാങ്കുകാരോട് പറയും.?

അവര്‍ ഹൃദയം നൊന്തു പ്രാര്‍ത്ഥിച്ചു. ‘ദൈവമേ ഒരു വഴി കാണിക്കണേ. അവിടുന്നല്ലാതെ എന്റെ കുട്ടിക്കും എനിക്കും ആരാണ് തുണ.’

ഈ വാക്കുകള്‍ പുറത്തുവന്നപ്പോള്‍ തന്നെ അവരുടെ കുട്ടി മുറിക്കകത്തേയ്ക്ക് മെല്ലെ വന്നു അവളുടെ മുന്നില്‍ ഒരു പൂമ്പാറ്റ. കുഞ്ഞ് ആ പൂമ്പാറ്റയെ പിടിക്കാനുള്ള ശ്രമത്തിലാണ്. പൂമ്പാറ്റ പാറിക്കളിച്ച് സോഫയുടെ അടിയിലേക്ക് നീങ്ങി. പൂമ്പാറ്റയെ പിടിക്കാനുള്ള ആവേശത്താല്‍ കുഞ്ഞ് സോഫയുടെ അടിയിലേക്ക് കയറി കുട്ടിയുടെ തല മുട്ടാതിരിക്കാന്‍ അമ്മ സോഫാപതുക്കെ മാറ്റി കൊടുത്തു.

അപ്പോള്‍ ഒരു മഞ്ഞകടലാസ് സോഫയുടെ അടിയില്‍ നിന്നു തെന്നി വീഴുന്നത് വീട്ടമ്മ കണ്ടു. അവര്‍ വേഗം അതെടുത്തു നോക്കി, ‘ഹാവൂ… ദൈവമേ…’ അവന്‍ കൈകൂപ്പിപ്പോയി.

അത്… പണമിടപാട് തീര്‍ത്ത, കാണാതെ പോയ ആ രസീതായിരുന്നു.

ഈശ്വരസാന്നിധ്യം, മാര്‍ഗദര്‍ശനം ഏതു വിധം എപ്പോള്‍ ലഭിക്കും എന്ന് ആര്‍ക്കും പറയാനാവില്ല. രസീതു കാണിക്കാന്‍ വന്നതല്ലേ സത്യത്തില്‍ ആ പൂമ്പാറ്റ. ഒരു കാര്യം ഉറപ്പ് നമ്മുടെ പ്രാര്‍ത്ഥനകള്‍ ഒരിക്കലും പാഴാവില്ല. പക്ഷേ നിശബ്ദമായി ദൈവം സംസാരിക്കുമ്പോള്‍ അത് കേള്‍ക്കാനുള്ള കഴിവ് നാം വളര്‍ത്തിയെടുക്കണം. അതിനായി സത്‌വികാരങ്ങളെ പോഷിപ്പിക്കുക.

കടപ്പാട്: നാം മുന്നോട്ട്

Back to top button