നിരന്തരമായ പ്രതികുല സാഹര്യം മൂലം കടുത്ത നിരാശയില്‍ മുങ്ങിത്താഴുമ്പോള്‍ എന്തു ചെയ്യാനാകും?
അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ കടുത്ത പീഡനം അനുഭവിച്ചിരുന്ന കാലം. ഒരിടത്തും നീതിയില്ല. അതിക്രൂരമായി അടിമകള്‍ മര്‍ദ്ദിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു.
പ്രശസ്തനായ വാഗ്മി ഫെഡറിക് ഡോഗലസെ ഒരു സമ്മേളനത്തില്‍ ഉറക്കെ വിലപിച്ചു കൊണ്ടു പറഞ്ഞു, “വെളുത്തനിറമുള്ളവന്‍ നമുക്കെതിരാണ് . സര്‍ക്കാരും ലോകവും തന്നെ നമുക്കെതിര്. കറുത്തവന് ഒരു രക്ഷയും ഞാന്‍ കാണുന്നില്ല. ഞാന്‍ എങ്ങും കാണുന്നത് അന്ധകാരം മാത്രം.”
ഈ പ്രസംഗം കേട്ട് വൃദ്ധയായ ഒരു കറുത്ത സ്ത്രീ ചോദിച്ചു, “ഹലോ, ഫെഡറിക് ദൈവം മരിച്ചുപോയോ?”
നമ്മില്‍ പലരും, പലപ്പോഴും, സാഹചര്യങ്ങളുടെ പ്രത്യേകത മൂലം മരിച്ചു എന്ന അവസ്ഥയിലാണ് ജീവിക്കാറ്. ആകെ ഹതാശനായി ഇനിയുമൊരു ജീവിതമില്ല എന്ന വിധം. അങ്ങനെയരുത്. ഗീതയുടെ ഭാഷയില്‍, നാം ശോചിക്കാന്‍ അര്‍ഹതയുള്ളവരല്ല കാരണം, ഈശ്വരനുണ്ട്, അവിടുന്ന് നമ്മെ രക്ഷിക്കും.
നമ്മുടെ നിരാശയും വിഷാദവുമാണ് ഈശ്വരനെ ദുഃഖിപ്പിക്കുന്ന ഏക വസ്തു. അതിനുള്ള കാരണവും ഗീതാമാതാവ് പറയുന്നു, “കുഞ്ഞേ,നീ ഈശ്വരാംശം തന്നെയാണ്. ഭഗവാന്റെ സമസ്ത ഗുണങ്ങളും നിന്നിലുണ്ട്. അത് പരിപോഷിപ്പിച്ചാല്‍ നീ വിശ്വവിജയിയാകും . നിന്നില്‍ നിന്ന് ആയിരങ്ങള്‍ ശാന്തി നേടും.” നമ്മേക്കാള്‍ വലിയ ഒന്നുണ്ട് അതിന് നമ്മെ രക്ഷിക്കാനാകും . ഈ സത്യം മനസ് അംഗീകരിച്ചാല്‍ മാത്രം മതി നമ്മുടെ പ്രശ്നങ്ങള്‍ മാറി കിട്ടും . ഓരോ ദുഃഖങ്ങളും നമ്മെ കരുത്തനാക്കാന്‍, ശുദ്ധീകരിക്കാന്‍ ഉള്ളതെന്ന് മനസിലാക്കൂ. ദുഃഖങ്ങളെ അതിനായി ഉപയോഗിക്കൂ.
കടപ്പാട്: നാം മുന്നോട്ട്