ട്രെയിനില്‍ സാമാന്യം തിരക്കുണ്ട്. അതിനിടയിലാണ് ഒരു ചെറുപ്പക്കാരന്‍ വലിയൊരു ട്രങ്കുമായി കമ്പാര്‍ട്ടുമെന്റില്‍ കയറിയത്. സീറ്റ് കണ്ടുപിടിച്ചശേഷം അയാള്‍ ആ കനത്ത പെട്ടി ഒരു വിധം മുകളിലെ ബര്‍ത്തില്‍ കയറ്റി വച്ചു. പിന്നീട് ആശ്വാസത്തോടെ പുറത്തേയ്ക്ക് പോകാന്‍ തുടങ്ങി അപ്പോള്‍ താഴെയിരുന്ന വൃദ്ധന്‍ തെല്ല് പരിഭ്രമത്തോടെ ചോദിച്ചു. “കുഞ്ഞേ പെട്ടി സുരക്ഷിതമാണല്ലോ അല്ലേ…”
“അതേ, ഞാന്‍ രണ്ട് താഴിട്ട് പൂട്ടിയിട്ടുണ്ട്” യുവാവ് ആത്മവിശ്വാസത്തോടെ പറഞ്ഞു.
“പെട്ടിയല്ല. എന്റെ തലയുടെ കാര്യമാ ഞാന്‍ ചോദിച്ചത്. വൃദ്ധന്‍.
നമ്മള്‍ മിക്കപ്പോഴും നമ്മുടെ സുരക്ഷിതത്വം മാത്രമേ ശ്രദ്ധിക്കാറുള്ളു എന്നതാണ് ദയനീയമായ സത്യം. അത്തരക്കാരുടെ എണ്ണം കൂടുമ്പോഴാണ് ഭൂമി വാസയോഗ്യമല്ലാതായിത്തീരുന്നത്. ‘സുകൃതകേരളത്തെ’ക്കുറിച്ച് പത്രലേഖകര്‍ സൂചിപ്പിച്ച ഒരു കാര്യമുണ്ട്. നാം നമ്മുടെ വീടുമാത്രം വൃത്തിയാക്കുന്നു. മലിന്യങ്ങള്‍ അയള്‍വാസിയുടെ പറമ്പിലേക്കോ, നിരത്തിലേക്കോ തള്ളുന്നു. പക്ഷേ നാം യഥാര്‍ത്ഥത്തില്‍ സുരക്ഷിതരാകുന്നത് എല്ലാവരും സുരക്ഷിതരാകുമ്പോഴാണ് എന്നതാണ് സത്യം.
വനത്തില്‍ ഒരു ദിവ്യ നിയമമുണ്ടത്രേ! അവിടെ ഏതു ശക്തനും ശക്തി പ്രാപിക്കുന്നത് ദുര്‍ബ്ബലന്റെ സഹായത്തോടെയാണ്.
മാനം മുട്ടെ പടര്‍ന്ന് ആകാശം മറച്ചു നില്ക്കുന്ന വന്‍വൃക്ഷങ്ങള്‍, തണല്‍ വിരിച്ച് താഴെ കൊച്ചു ചെടികള്‍ക്കും, പടര്‍പ്പുകള്‍ക്കും വളരാനുള്ള അവസരം ഒരുക്കി കൊടുക്കുന്നു. കൊച്ചു ചെടികളാകട്ടെ വന്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ ഈര്‍പ്പംസംരക്ഷിച്ചു പ്രത്യുപകാരവും ചെയ്യുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ ചുവട് വരണ്ട് അവ ഉണങ്ങും.
സഹായിക്കുകയും സഹായം സ്വീകരിക്കുകയും ചെയ്യാതെ നമുക്ക് സന്തോഷമായി ജീവിക്കാനാവില്ല. ഈ സത്യം മറക്കരുത്.
കടപ്പാട്: നാം മുന്നോട്ട്