ഗയം നൃപഃ കഃ പ്രതിയാതി കര്‍മ്മഭിര്യജ്വാഭിമാനീ ബഹുവിദ്ധര്‍മ്മ ഗോപ്താ
സമാഗതാശ്രീഃ സദസസ്പതിഃ സതാം സത്സേവകോഽന്യോ ഭഗവത് കലാമൃതേ (5-15-9)
യത്പ്രീണനാദ്ബര്‍ഹിഷി ദേവതിര്യങ് മനുഷ്യ വീരുത്തൃണമാവിരിഞ്ചാത്
പ്രിയേതസദ്യഃ സ ഹ വിശ്വജീവഃ പ്രീതഃ സ്വയം പ്രീതിമഗാദ്ഗയസ്യ (5-15-13)
ശുകമുനി തുടര്‍ന്നുഃ ഭരതന്റെ പുത്രനായ സുമതി ഋഷഭന്റെ കാലടികളെ പിന്തുടര്‍ന്നു. അദ്ദേഹത്തിന്റെ ആദ്യപുത്രനാണ് ദേവതാജിത്. പിന്നെയുണ്ടായവര്‍ ദേവദ്യുമ്നന്‍, പരമേഷ്ടി, പ്രതീഹന്‍, പ്രതിഹാര്‍ത്തന്‍, അജന്‍, ഭുമന്‍, ഉദ്ഗീതന്‍, പ്രശ്ടാവന്‍, വിഭു, പ്രതുസേനന്‍, നക്തന്‍ എന്നിവരാണ്. നക്തന്റെ പുത്രനാണ് ഗയന്‍. ഗയന്‍ ഭഗവാന്റെ ഒരു അംശാവതാരം തന്നെയായിരുന്നു. തികഞ്ഞ നിസ്വാര്‍ത്ഥയോടെ തന്റെ കടമകള്‍ നിറവേറ്റി ഹൃദയവും മനസും നിര്‍മ്മലമാക്കിയ ഗയന്‍ തന്റെ പ്രജകളെ എല്ലാ രീതിയിലും സംരക്ഷിച്ചുപോന്നു പുറത്തെ ശത്രുക്കള്‍ മാത്രമല്ല, ആന്തരശത്രുക്കളായ വിശപ്പില്‍ നിന്നും ദാഹത്തില്‍ നിന്നും പ്രജകള്‍ക്ക് രക്ഷയേകി. കുറ്റകൃത്യങ്ങള്‍ ചെയ്യുമ്പോള്‍ ഉചിതമായി ശിക്ഷിച്ചും മാനസീകമായി തളരുമ്പോള്‍ നര്‍മ്മം കൊണ്ടും നല്ലവാക്കുപദേശിച്ചും അദ്ദേഹം അവരെ തെറ്റായ ചിന്താമാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിപ്പിച്ചു. തന്റെ എല്ലാ കര്‍മ്മങ്ങളും പൂജകളായി ഭഗവാന്‍ വിഷ്ണുവിന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ച് അദ്ദേഹം ജനനമരണചക്രത്തിന്റെ ബന്ധനത്തില്‍ നിന്നും മുക്തി നേടി. പരംപൊരുള്‍ തന്നെയാണല്ലോ ഭഗവാന്‍. തികച്ചും ഭഗവദ്ബോധത്തില്‍ മുങ്ങിനിന്ന ഗയന് ഞാന്‍, എന്‍റേത് എന്ന ഭാവനകളുണ്ടായിരുന്നില്ല. തന്റെ രാജ്യത്തേയും പ്രജകളേയും ഏറ്റവും ഉന്നതമായ രീതിയില്‍ നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തെപ്പറ്റി ജ്ഞാനികള്‍ ഇങ്ങനെ വാഴ്ത്തുന്നു.
“ഭഗവാന്‍ വിഷ്ണുവിന്റെ ഉത്തമഭക്തനും, വിജ്ഞാനിയും, ധര്‍മ്മപരിപാലകനും, ഐശ്വര്യ പ്രതാപങ്ങളുടെ സുഹൃത്തും, സത്സംഗസമ്മേളനങ്ങളുടെ നായകനും, പുണ്യപുരുഷന്മാരുടെ ദാസനുമായ ഗയനു തുല്യമായി മറ്റാരുണ്ട് !”
ഗയന്റെ കിരീടധാരണദിവസം ദക്ഷപുത്രികളും പുണ്യനദികളുകടെ അധിദേവതമാരും അഭിഷേകത്തിനെത്തിയിരുന്നു. ഗയന്റെ നന്മയിലും മഹത്വത്തിലും മതിമറന്ന് ഭൂമീദേവി തന്റെ മടിത്തട്ടില്‍നിന്നും മധുരഫലങ്ങള്‍ പ്രജകള്‍ക്ക് നല്‍കി. വൈദീകകര്‍മ്മങ്ങള്‍ക്ക്, ആവശ്യപ്പെടാതെതന്നെ ഉന്നത ഫലങ്ങളുണ്ടായി. മറ്റുരാജാക്കന്മാര്‍ ഗയനെ പ്രകീര്‍ത്തിക്കുകയും മാമുനിമാര്‍ അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു.
ഭഗവാന്‍ ഗയന്റെ ഭക്തിസാധനയില്‍ പ്രസാദിച്ചു. ഭഗവല്‍പ്രസാദമുണ്ടായാല്‍പ്പിന്നെ മറ്റെല്ലാവരേയും പ്രസാദിപ്പിച്ചു എന്നര്‍ദ്ധം ദേവന്മാരും മനുഷരും എന്നു വേണ്ട സൃഷ്ടാവു മുതല്‍ പുല്‍ക്കൊടിവരെയുളള ജീവജാലങ്ങളെല്ലാം പ്രസാദിതരായി.
ഗയന്റെ മകനാണ് ചിത്രരത്ഥന്‍. പിന്നീട് സാമ്രാട്ട്, മരീചി, ബിന്ദുമാന്‍, മന്തു, ഭൗവനന്ദ, ത്വഷ്ട, വൃജ എന്നിവരുമുണ്ടായി. അതില്‍ വൃജന് നൂറ് പുത്രന്മാരും ഒരു പുത്രിയും. അവരില്‍ ആദ്യത്തെയാള്‍ സത്യജിത്ത്. വൃജന്‍ തന്റെ വിജ്ഞാനത്താലും ഭരണനൈപുണ്യത്താലും പ്രിയവൃതന്റെ രാജവംശത്തിന് മഹത്വമേകി.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF