ഹോ, ഈ ലോകം പോകുന്ന പോക്കേ…
ഈയുള്ളവന്‍ ഇന്നു വെള്ളിയാഴ്ച ചിരിച്ചുചിരിച്ച് ആഘോഷിക്കാനായി ജീവിതത്തിലാദ്യമായി ജ്യോതിഷരത്നം എന്ന പേരില്‍ കേരളത്തില്‍ പ്രചരിക്കുന്ന ഒരു നാലാംകിട (അല്ലെങ്കില്‍ അവസാന’കിട’!) സാധനം വാങ്ങി.
ജ്യോതിഷരത്നം വാങ്ങാന്‍ പ്രധാന കാരണം നാട്ടിലുള്ള ‘സിദ്ധനായ’ ഒരു കപടഅത്മീയനെ ഒരു മഹാനായി ഉയര്‍ത്തിക്കൊണ്ടു പ്രസിദ്ധീകരിച്ച ലേഖനം വായിക്കാന്‍ ആയിരുന്നു. ആ ലേഖനം കണ്ടാല്‍ ഒരു മാര്‍ക്കറ്റിംഗ് ഫീച്ചര്‍ പോലെ തോന്നും! അതിനെ കുറിച്ചു എഴുതിയാല്‍ തീരില്ല. തല്‍ക്കാലം അതുപോട്ടെ.
ഈയുള്ളവന് ഏറ്റവും ഇഷ്ടപ്പെട്ടത് ജ്യോതിഷരത്നത്തിലെ പരസ്യങ്ങള്‍ ആണ്! ആര്‍ഷഭാരത പൈതൃകത്തെയും ആധ്യാത്മികതയെയും മതത്തെയും ജ്യോതിഷത്തെയും എങ്ങനെ വളച്ചൊടിച്ചു വില്‍പ്പന ചരക്കാക്കാം എന്നതിന്റെ ഏറ്റവും ലളിതമായ ഉദാഹരണങ്ങളാണ് ഈ പരസ്യങ്ങള്‍. ഹസ്തരേഖ, കുട്ടിച്ചാത്തന്‍ സേവ, കാര്യസിദ്ധി, ഭാഗ്യരത്നങ്ങള്‍, ഏലസ്സുകള്‍, യന്ത്രങ്ങള്‍, മഷിനോട്ടം, തുടങ്ങിയ ആകര്‍ഷകമായ പരസ്യങ്ങള്‍ കണ്ടപ്പോള്‍ ഈയുള്ളവനും ചിന്തിച്ചു പോയി, എന്തിനാ വെറുതെ ജോലി ചെയ്യുന്നത്, ഇങ്ങനെ കുറച്ചു നമ്പരുകള്‍ ഇറക്കിയാല്‍ പോരെ, ജീവിക്കാമല്ലോ എന്ന്!
ആര്‍ഷഭാരതത്തിന്റെ തനതുവിദ്യയായ യോഗമാര്‍ഗ്ഗത്തെ കമ്പോളവല്‍ക്കരിച്ച സുദര്‍ശനക്രിയകളും മറ്റും ഫീസ് കൊടുത്ത് കോര്‍പ്പറേറ്റ് മാതൃകയില്‍ അഭ്യസിക്കുന്ന ആധുനിക കാലമാണല്ലോ ഇത്. ഇവിടെ തിരുവനന്തപുരത്തും ഇത് ധാരാളം നടക്കുന്നു, ഇതിനെ കുറിച്ചു ഈയുള്ളവന് ഒന്നും അറിയില്ല, പോയി ശ്രമിച്ചു നോക്കിയിട്ടില്ല ഇതുവരെ. അത് കൊണ്ടു അഭിപ്രായം പറയുന്നുമില്ല. എല്ലാം നന്നായിരിക്കട്ടെ എന്നുമാത്രം ആഗ്രഹിക്കുന്നു. ശ്രീ ലാഹിരി മഹാശയന്‍ പ്രചരിപ്പിച്ച ക്രിയായോഗത്തെയും ഇവിടെ കമ്പോളവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു .
ശ്രീവിദ്യാ ആശ്രമം എന്ന പേരില്‍ തിരുവനന്തപുരത്ത് നെട്ടയത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനം ക്രിയായോഗ പഠിപ്പിക്കുന്ന കേരളത്തിലെ സ്ഥാപനമാണ് എന്ന് ജ്യോതിഷരത്നത്തിലെ ഒരു പരസ്യം വഴി അവകാശപ്പെടുന്നു. ഈയുള്ളവന്‍ ഒരിക്കല്‍ അവിടം സന്ദര്‍ശിച്ചിട്ടുണ്ട്. അഞ്ഞൂറ് രൂപ അയച്ചുകൊടുത്തു രജിസ്റ്റര്‍ ചെയ്‌താല്‍ നിങ്ങള്‍ക്കും ക്രിയായോഗ ദീക്ഷ കിട്ടും, ദീക്ഷ പാഴ്സല്‍ ആയി അയച്ചു തരുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു! ഏഴുപേരില്‍ കൂടുതല്‍പേര്‍ ഒന്നിച്ച് ക്രീയാദീക്ഷയെടുക്കാനുണ്ടെങ്കില്‍ കേരളത്തില്‍ എവിടെവച്ചും ക്രീയാദീക്ഷ ലഭിക്കുന്നതാണ്.
ഇവിടെ നിന്നും നിങ്ങള്‍ക്ക് ‘അതീവ രഹസ്യങ്ങള്‍’ അടങ്ങിയ പല ബുക്കുകളും അഞ്ഞൂറ് രൂപയ്ക്കു മണി ഓര്‍ഡര്‍ ആയി വാങ്ങാം! എന്തിന്, കാമസൂത്രത്തെക്കാള്‍ നന്നായ തന്ത്രശാസ്ത്രഗ്രന്ഥം മുന്നൂറു രൂപയ്ക്കു വാങ്ങാം. ഈ ഗ്രന്ഥം ആര്‍ഷഭാരതത്തിലെ ഭോഗസിദ്ധിയും ലൈംഗികതന്ത്രവും മലയാളത്തില്‍ ഇദംപ്രഥമമായി ഇറക്കിയിരിക്കുന്നു! ഇത്രയും പോരെ? കൂടാതെ മുത്തും പവിഴവും ഒക്കെ ചേര്‍ന്ന മാലകളും മറ്റും ലഭ്യമാണ് – ആയിരം രൂപ മുതല്‍. ഒരാള്‍ ആദ്യമായി അവിടെയെത്തിയാല്‍ കയ്യിലുള്ള പണം ചെലവഴിച്ച് ഒരു ത്യാഗിയാകാനുള്ള അവസരം ഒരുക്കിത്തരും അവിടത്തെ ‘സന്യാസി ശ്രേഷ്ഠന്‍’.
ആശ്രമം ആയാല്‍ ഇങ്ങനെ വേണം, ആ ആശ്രമത്തില്‍ എന്തിനുള്ള ശ്രമം ആണ്? പണമുണ്ടാക്കാനുള്ള ഒരു ശ്രമം മാത്രം. ഇവരുടെ വെബ്സൈറ്റ് ആണ് sreevidyaashram.blogspot.com.
നിങ്ങള്‍ക്ക് ഞാന്‍ ആരാണ് എന്നറിയണോ അതോ എങ്ങനെ ലൈംഗികതാത്രികവിദ്യ പഠിച്ചു നിങ്ങളുടെ ലൈംഗിക ജീവിതം സുഖപ്രദമാക്കാം എന്നറിയണോ? എല്ലാറ്റിനും പ്രതിവിധി ഇവിടെയുണ്ട്! ആനന്ദലബ്ദിക്കിനിയെന്തുവേണം!
ഇത്തരം തട്ടിപ്പുകള്‍ കാണുമ്പോള്‍ രമണമഹര്‍ഷിയെ പോലുള്ള ജ്ഞാനികളെ ആര് അറിയാനാ, ഓര്‍ക്കാനാ! കലികാലം എന്നല്ലാതെ എന്തുപറയാന്‍…