നവ സ്വപി വര്‍ഷേഷു ഭഗവാന്നാരായണോ മഹാപുരുഷഃ പുരുഷാണാം
തദനുഗ്രഹായാ ത്മതത്ത്വവ്യൂഹേനാത്മദ്യാപി സംനിധീയതേ (5-17-14)
ഓംനമോ ഭഗവതേ മഹാപുരുഷായ സര്‍വഗുണ
സംഖ്യാനായാനന്തായാവ്യക്തായ നമ ഇതി (5-17-17)

ശുകമുനി തുടര്‍ന്നുഃ

ത്രിവിക്രമനായ ഭഗവാന്‍ വിഷ്ണു വലതുകാല്‍കൊണ്ട്‌ ഭൂമി മുഴുവന്‍ അളന്ന ശേഷം സ്വര്‍ഗ്ഗമളക്കാന്‍ തന്റെ ഇടതുകാല്‍ ഉയര്‍ത്തവേ തന്റെ തളളവിരല്‍ കൊണ്ട്‌ ദിവ്യാകാശത്തില്‍ ഒരു തുളയുണ്ടാക്കി. ഇതില്‍ നിന്നും നിര്‍ഗ്ഗമിക്കുന്ന അരുവി (വിശ്വപ്രകാശകിരണങ്ങള്‍) ഭഗവതപദീ എന്ന പേരിലറിയപ്പെടുന്നു. ഭഗവാന്റെ താമരപ്പാദങ്ങളുടെ സ്പര്‍ശനം കൊണ്ട്‌ ധന്യമാണല്ലോ അത്‌. ധ്രുവനക്ഷത്രം ഈ കിരണങ്ങളെ തന്റെ തലയിലേറ്റുന്നു. പിന്നീട്‌ ധ്രുവനെ ചുറ്റുന്ന സപ്തര്‍ഷികളും ഈ പുണ്യകിരണങ്ങളെ കൈകൊളളുന്നു. വീണ്ടും താഴേക്കിറങ്ങിവന്നു്, സൂര്യപഥത്തിനേയും ചന്ദ്രപഥത്തിനേയും തഴുകി, മേരുപര്‍വ്വത മുകളിലുളള ബ്രഹ്മനഗരത്തിലെത്തുന്നു. അവിടെനിന്നും നാലായി പിരിഞ്ഞ് നാലുദിക്കുകളിലേക്ക്‌ പ്രവഹിക്കുന്നു. സീത കിഴക്കോട്ടും, ചക്ഷു പടിഞ്ഞാറോട്ടും, ഭദ്ര വടക്കോട്ടും, അളകനന്ദ തെക്കോട്ടും ഒഴുകുന്നു. അളകനന്ദ ഹിമാലയസാനുക്കള്‍ വഴിയൊഴുകി തെക്ക്‌ കടലില്‍ ചെന്നു ചേരുന്നു. ഈ നദിയില്‍ മുങ്ങുന്നവര്‍ക്ക്‌ വൈദീക പൂജാദികള്‍ കൊണ്ടുളള ഫലം ലഭിക്കുന്നു.

ഈ ഭൂഖണ്ഡങ്ങളും, ഭാരതവര്‍ഷത്തില്‍ ജീവിക്കുന്നുതു കൊണ്ടു മാത്രമേ മനുഷ്യന്‌ അവന്റെ ഭാഗധേയം നിയന്ത്രിക്കാന്‍ സാധിക്കുകയുളളൂ. മറ്റ്‌ എട്ട്‌ ഭൂഖണ്ഢങ്ങളിലും ആത്മാക്കള്‍ പോയി പൂര്‍വ്വജന്മ‍ാര്‍ജ്ജിത പുണ്യങ്ങള്‍ അനുഭവിച്ചു തീര്‍ക്കുന്നു. അവിടങ്ങളില്‍ ജനങ്ങള്‍ക്ക്‌ ദീര്‍ഘായുസും, ആരോഗ്യവും, യുവത്വവും അസാധാരണമായ ലൈംഗീകശക്തിയും ഉണ്ട്‌. ഇതൊക്കെയാണെങ്കിലും സ്ത്രീകള്‍ ഒരുതവണ മാത്രമേ പ്രസവിക്കുന്നുളളൂ. അതും കുട്ടികളുണ്ടാവുന്ന പ്രായം തീരാറാവുമ്പോള്‍ മാത്രം. എന്നാല്‍ ഇവിടെയാണെങ്കില്‍ മഹര്‍ഷിമാരുടേയും പുണ്യപുരുഷന്മ‍ാരുടേയും പര്‍ണ്ണശാലകള്‍ പ്രശാന്തതയോടെ നിലകൊളളുന്നു. ഭഗവാന്‍ നാരായണന്‍, ഇപ്പോഴും ഈ ഒന്‍പതുഭൂഖണ്ഡങ്ങളിലും മനുഷ്യരെ രക്ഷിക്കാനായി അവതരിച്ചുകൊണ്ടേയിരിക്കുന്നു.

ഇലവ്രതയില്‍ ഭഗവാന്‍ പരമശിവന്‍ മാത്രമേ പുരുഷനായുളളൂ. ബാക്കി എല്ലാവരും ഒരു ശാപത്താല്‍ സ്ത്രീകളായി തീര്‍ന്നിരിക്കുന്നു. പരമശിവന്‍, പരംപൊരുളായി ഭഗവാനെ സംകര്‍ഷണന്‍ എന്നറിയപ്പെടുന്ന അവിടുത്തെ ഇങ്ങനെ സ്തുതിച്ചു വാഴ്ത്തുന്നു. ഭഗവന്‍, “അങ്ങ്‌ വാഴ്ത്തപ്പെടേണ്ട എല്ലാ സദ്ഗുണങ്ങളുടേയും ഇരിപ്പിടമത്രേ. അങ്ങയുടെ ഭക്തരില്‍ അവിടുത്തെ ദര്‍ശനമുണ്ടാകുന്നതോടെ പുനര്‍ജന്മചക്രത്തില്‍ നിന്നവര്‍ക്ക്‌ മോചനമുണ്ടാവുന്നു. മനസിന്റെ പ്രവര്‍ത്തനങ്ങളാലോ ലൗകീകവസ്തുക്കളാലോ അവിടുത്തെ ദൃശ്യം കളങ്കപ്പെടുന്നില്ല. എങ്കിലും ഇതിന്റെയെല്ലാം നിയന്താവെന്ന നിലയില്‍ അവിടുന്നെല്ലാമറിയുന്നു. അതുകൊണ്ട്‌ ആത്മനിയന്ത്രണം ആഗ്രഹിക്കുന്നുവരേവരും അവിടുത്തെ ആരാധിക്കുന്നു. അവിടുന്ന് ലോക പരിപാലനം നടത്തുക വഴി മറ്റുളളവരും അവിടുത്തെ ഭക്തരായിത്തീരുന്നു. എങ്കിലും അവിടുന്ന് സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്കതീതനാണെന്നറിയുന്നു. അങ്ങയുടെ ആദ്യസന്തതി മഹത്തത്വമാണല്ലോ. അത്‌ ബ്രഹ്മാവെന്നറിയപ്പെടുന്നു. ആ ബ്രഹ്മാവിന്റെ പുത്രനാണ്‌ ഞാന്‍. ഞങ്ങള്‍ ദേവതകള്‍ അവിടത്തെ ഇച്ഛക്കൊത്ത്‌ അങ്ങയുടെ നിയന്ത്രണത്തിലാണ്‌ കാര്യങ്ങള്‍ നടത്തുന്നത്‌. അങ്ങാണ്‌ ഞങ്ങളെ ഒന്നിപ്പിക്കുന്നുതും. അങ്ങേക്കു നമോവാകം, നമസ്കാരം.”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF