സ ഏഷ ഭഗവാനാദിപുരുഷ ഏവ സാക്ഷാന്നാരായണോ ലോകാനാം സ്വസ്തയ ആത്മാനം
ത്രയീമയം കര്‍മ്മവിശുദ്ധിനിമിത്തം കവിഭിരപി ച വേദേന വിജിജ്ഞാസ്യമാനോ ദ്വാദശധാ
വിഭജ്യ ഷട്സു വസന്താദിഷ്വൃതുഷു യഥോപജോഷമൃതുഗുണാന്‍ വിദധാതി (5-22-2)

ശുകമുനി തുടര്‍ന്നു:

സൂര്യചന്ദ്രാദികള്‍ കാലചക്രത്തിന്റെ ഭാഗങ്ങളാണെന്നു വിശ്വസിക്കപ്പെടുന്നുവെങ്കിലും അവ തികച്ചും വിഭിന്നങ്ങളും സ്വതന്ത്രങ്ങളുമാണ്‌. കുശവന്റെ ചക്രത്തില്‍ ഇഴയുന്ന എറുമ്പിനെപ്പോലെയത്രേ അത്‌. വാസ്തവത്തില്‍ ഭഗവാന്‍ നാരായണന്‍ സ്വയം സകലലോകങ്ങളുടേയും നന്മയ്ക്കായി, അവയിലെ ജീവജാലങ്ങളുടേയും കര്‍മ്മശുദ്ധീകരണത്തിനായി സ്വയം വിഭജിച്ചു എന്നു പറയാം. മൂന്ന് വേദങ്ങള്‍ (ഋഗ്, യജുസ് ,സാമം), മൂന്ന് കാലങ്ങള്‍ (ഭൂതം, ഭാവി, വര്‍ത്തമാനം), മൂന്ന് യോഗമാര്‍ഗങ്ങള്‍ (ഭക്തി, കര്‍മ്മം, ജ്ഞാനം), പന്ത്രണ്ടു മാസങ്ങള്‍, ആറ് ഋതുക്കള്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ട്‌ ജീവികള്‍ക്ക്‌ കര്‍മ്മഫലങ്ങള്‍ ലഭിക്കുവാനിടവരുത്തുന്നു. അങ്ങനെ ഏതൊരാള്‍ ശ്രദ്ധാഭക്തിവിശ്വാസങ്ങളോടെ ത്രിവിദ്യാ(വേദ) മാര്‍ഗം സ്വീകരിക്കുന്നുവോ യാതൊരുവര്‍ വര്‍ണ്ണാശ്രമധര്‍മ്മങ്ങളനുസരിച്ച്‌ ജീവിക്കുന്നുവോ, അവര്‍ യാഗകര്‍മ്മാദികളില് ‍ഏര്‍പ്പെട്ടാലും ഇല്ലെങ്കിലും അനുഗൃഹീതരായിത്തീരുന്നു.

അതേ ഭഗവാന്‍, എല്ലാ ജീവജാലങ്ങളുടേയും ആത്മസത്തയായ അവിടുന്ന് സൂര്യനിലൂടെ പന്ത്രണ്ടു രാശികളിലായി സംക്രമിക്കുന്നു. രണ്ടു പക്ഷങ്ങള്‍ (പതിന്നാലു ദിവസം) ചേര്‍ന്നാല്‍ ഒരു മാസമായി. ഈ സമയത്ത്‌ സൂര്യന്‍ രണ്ടേകാല്‍ നക്ഷത്രസമൂഹങ്ങളെ താണ്ടുന്നു. ഒരു വര്‍ഷത്തിന്റെ ആറിലൊന്നു് ഒരു ഋതു. വര്‍ഷത്തിന്റെ പകുതി ഒരു അയനം. ഒരു ലക്ഷം യോജന ദൂരെയുളള ചന്ദ്രന്‍ സൂര്യനേക്കാള്‍ വേഗത്തില്‍ നീങ്ങുന്നതിനാല്‍ പന്ത്രണ്ടുരാശികളെയും ഒരു പക്ഷം കൊണ്ട്‌ സംക്രമിക്കുന്നു. മനസിന്‍റേയും ഭക്ഷണത്തിന്‍റേയും അധിദേവതയായ ചന്ദ്രന്‍ എല്ലാ ജീവജാലങ്ങള്‍ക്കും പരിപോഷണം നല്‍കുന്നു. മൂന്നുലക്ഷം യോജന അപ്പുറത്താണ്‌ അഭിജിത്കൂടി അടങ്ങുന്ന ഇരുപത്തിയെട്ട്‌ സ്ഥിര നക്ഷത്രസമൂഹങ്ങള്‍. അതിനും രണ്ടുലക്ഷം യോജന അപ്പുറത്ത്‌ ശുക്രന്‍. ഈ ഗ്രഹം വളരെ മംഗളകരവും ചൊവ്വാഗ്രഹത്തിന്റെ സ്വാധീനതയില്‍ നിന്നും രക്ഷയേകുന്നതും, മഴയുണ്ടാക്കുന്നുതുമത്രേ.

ശുക്രനില്‍നിന്നും രണ്ടുലക്ഷം യോജന അകലത്തിലാണ്‌ ബുധന്‍. ചന്ദ്രസന്തതിയായ ബുധന്‍ സാധാരണ രീതിയില്‍ ഉപകാരിയാണ്‌. എങ്കിലും അത്‌ സൂര്യനെ മറികടക്കുമ്പോള്‍ അപശകുനങ്ങളുണ്ടാകുന്നു. അസുഖങ്ങളും, കൊടുങ്കാറ്റും, വരള്‍ച്ചയും ഫലം. ബുധനില്‍ നിന്നും രണ്ടുലക്ഷം യോജന ദൂരത്തിലാണ്‌ ചൊവ്വാഗ്രഹം. ദുര്‍നിമിത്തസൂചകമത്രേ ഈ ഗ്രഹം. അതിനും രണ്ടുലക്ഷം യോജന അകലെ വ്യാഴം. അതിനും രണ്ടുലക്ഷം യോജന അപ്പുറത്താണ്‌ ശനി. മന്ദവും ദ്രോഹപരവുമാണ്‌ ഈ ഗ്രഹത്തിന്റെ ഗതി. പതിനൊന്നുലക്ഷം യോജന അകലത്താണ്‌ ധ്രുവനക്ഷത്രത്തെ ചുറ്റുന്ന സപ്തര്‍ഷികള്‍. അവ എല്ലാ ലോകങ്ങളുടേയും ക്ഷേമത്തിനായി നിലകൊളളുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF