ഏതദു ഹ്വൈ ഭഗവതോ വിഷ്ണോഃ സര്‍വദേവതാമയം രൂപമഹരഹഃ സന്ധ്യായാം
പ്രയതോ വാഗ്യതോ നിരീക്ഷമാണ ഉപതിഷ്ഠേത നമോ ജ്യോതിര്‍ലോകായ
കാലായനായാ നിമിഷാം പതയേ മഹാപുരുഷായാഭിധീമഹീതി (5-23-8)
ഗ്യഹര്‍ക്ഷതാരാമയമാധി ദൈവികം പാപാപഹം മന്ത്രകൃതാം ത്രികാലം
നമസ്യതഃ സ്മരതോ വാ ത്രികാലം നശ്യേത തത്കാലജമാശു പാപം (5-23-9)

ശുകമുനി തുടര്‍ന്നുഃ

സപ്തര്‍ഷികള്‍ക്ക്‌ പതിമൂന്നുലക്ഷം യോജന അപ്പുറത്താണ്‌ ധ്രുവനക്ഷത്രം. അവിടമാണ്‌ ഭഗവാന്‍ വിഷ്ണുവിന്റെ ഇരിപ്പിടം. ധ്രുവന്‍ അവിടെയാണ്‌ നിരന്തരം വസിക്കുന്നുത്‌. ദേവതകളും സ്വര്‍ഗ്ഗവാസികളും ധ്രുവനെ ആരാധിക്കുന്നുണ്ടല്ലോ. എല്ലാ ജ്യോതിര്‍ഗോളങ്ങളും ഭഗവാനാല്‍ സ്വയം കാലചക്രത്തില്‍ ഉറപ്പിച്ചു വെച്ചതുപോലെ ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കുന്നു. അങ്ങനെ ദ്രവ്യോര്‍ജ്ജനിര്‍മ്മിതികളായ അസംഖ്യം ജീവജാലങ്ങള്‍ക്ക്‌ കര്‍മ്മഫലമനുഭവിക്കുവാനും സ്വന്തം വിധിവിഹിതം നടപ്പിലാക്കുവാനും സാദ്ധ്യമാവുന്നു.

നക്ഷത്രങ്ങളും ജ്യോതിര്‍ഗോളങ്ങളുമെല്ലാം നിറഞ്ഞ ആകാശഗോളത്തെ തല താഴോട്ടാക്കി ചുരുണ്ടു കിടക്കുന്ന ഒരു കടല്‍പ്പന്നിയുടെ രൂപത്തില്‍ ഭഗവാനായി സങ്കല്‍പ്പിച്ച്‌ ധ്യാനിക്കാവുന്നതാണെന്ന് അറിവുളളവര്‍ പറയുന്നു. വാലറ്റത്ത്‌ ധ്രുവനക്ഷത്രം. വാലില്‍തന്നെയാണ്‌ കശ്യപന്‍, അഗ്നി, ഇന്ദ്രന്‍, ധര്‍മ്മദേവന്‍ ഇവരെ പ്രതിനിധാനം ചെയ്യുന്ന നക്ഷത്രങ്ങള്‍. വാലിന്റെ കടക്കല്‍ ധാതാവും വിധാതാവും. ഇടുപ്പുഭാഗത്ത്‌ സപ്തര്‍ഷികള്‍. കടല്‍പ്പന്നിയുടെ വലതുഭാഗത്ത്‌ ഉത്തരാര്‍ദ്ധഗോളത്തിലെ പതിനാലു നക്ഷത്രങ്ങള്‍. ദക്ഷിണാര്‍ദ്ധഗോളത്തില്‍ മറ്റേ പതിനാലു നക്ഷത്രങ്ങളുടെ സമൂഹം. മുകളിലത്തെ താടിയെല്ല്‌ ആഗസ്തി. താഴത്തേത്‌ യമന്‍. വായില്‍ ചൊവ്വാഗ്രഹം. ജനനേന്ദ്രിയങ്ങളില്‍ ശനിഗ്രഹം. പുറത്ത്‌ വ്യാഴം. മാറിടത്തില്‍ സൂര്യന്‍. ഹൃദയത്തില്‍ ഭഗവാന്‍ നാരായണന്‍. മനസില്‍ ചന്ദ്രന്‍. നാഭിപ്രദേശത്ത്‌ ശുക്രന്‍. മുലകളില്‍അശ്വിനീദേവതകള്‍. ശ്വാസോഛ്വാസത്തില്‍ ബുധന്‍. കഴുത്തില്‍ രാഹു. ശരീരം മുഴുവന്‍ കേതു. മറ്റെല്ലാ നക്ഷത്രങ്ങളും ഈ ദിവ്യനായ കടല്‍പ്പന്നിയുടെ മുടിയില്‍ ഉറപ്പിച്ചിരിക്കുന്നു.

എല്ലാ സൂര്യോദയത്തിലും അസ്തമയത്തിലും ഭഗവാന്‍ വിഷ്ണുവിന്റെ ദിവ്യതാനിര്‍ഭരമായ ഈ രൂപത്തെ ധ്യാനിച്ച്‌ ഇങ്ങനെ പ്രാര്‍ത്ഥിക്കണ. “ദേവന്മ‍ാരുടെ ദൈവവും, കാലചക്രത്തിന്റെ വിധാതാവും പരമസത്വവും ആയ അങ്ങയെ ഞങ്ങള്‍ ധ്യാനിക്കുന്നു.” ഈ പ്രാര്‍ത്ഥന ദിവസവും മൂന്നു തവണയെങ്കിലും ആവര്‍ത്തിക്കുന്നവര്‍ക്ക്‌ സര്‍വ്വപാപങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നു. ഭഗവാന്റെ ഈ ദിവ്യരൂപം മനസില്‍വെച്ച്‌ ധ്യാനം ചെയ്യുന്നുവരുടെ പാപങ്ങളെല്ലാം ക്ഷണനേരം കൊണ്ട്‌ തുടച്ചു മാറ്റപ്പെടുന്നു. (സമയത്തിന്റെ സങ്കല്‍പ്പം ഭൂമിയുടെ ചുറ്റലിനേയും സൗരയൂഥത്തിന്റെ സംക്രമണത്തിനേയും ആശ്രയിച്ചാണല്ലോ ഉളളത്‌. ഈ ക്രമങ്ങളെല്ലാം ഭഗവല്‍നിയന്ത്രിതവും അവിടത്തെ പരമബോധത്തില്‍ നിന്നുളവായതുമാണ്‌)

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF