യന്നാമ ശ്രുതമനുകീര്‍ത്തയേദകസ്മാദാര്‍ത്തോ വാ യദി പതിതഃ പ്രലംഭനാദ്വാ
ഹന്ത്യംഹഃ സപദി നൃണാമശേഷമന്യം കം ശേഷാദ്ഭഗവത ആശ്രയന്മ‍ുമുക്ഷുഃ (5-25-11)

ശുകമുനി തുടര്‍ന്നുഃ

പാതാളത്തിനും മുപ്പതിനായിരം യോജന താഴെയാണ്‌ അനന്തഭഗവാന്‍ നിലകൊളളുന്നത്‌. സംകര്‍ഷണന്‍ എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു. അഹംബോധത്തിന്റെ അധിദേവതയത്രേ സംകര്‍ഷണന്‍. അവന്റെ ആയിരം തലകളിനൊന്നില്‍ കടുകുമണിപോലെ ഭൂഗോളമിരിക്കുന്നു. ഭഗവാന്‍ അതിസുന്ദരനും പ്രഭാപൂരിതനുമായി കാണപ്പെടുന്നു. മറ്റേ അധോലോകങ്ങളില്‍ നിന്നുളള അനേകം രക്ഷസസര്‍പ്പങ്ങള്‍ അനന്തനെ പൂജിക്കുന്നു. ഇവരെല്ലാം ഭഗവാന്റെ കാല്‍നഖങ്ങളില്‍ പ്രതിഫലിക്കുന്നു. നീല ഉടയാടയും സ്വര്‍ണ്ണഅരഞ്ഞാണവും ഒരു കയ്യില്‍ കലപ്പയും ഒരു ചെവിയില്‍ കമ്മലുമണിഞ്ഞ് ഭഗവാനിരുന്നരുളുന്നു. സകല ജീവജാലങ്ങളോടുമുളള കരുണയും കൃപയും കാരണം തന്റെ കോപഭാവങ്ങളൊന്നും പുറത്തു വരുത്താതെ അവിടിരിക്കുന്നു.

മേല്‍പ്പറഞ്ഞ വിശേഷണം ശ്രവിച്ച്‌ ധ്യാനിക്കുന്ന മാത്രയില്‍ ശ്രോതാവിന്റെ സകല അജ്ഞതയും നിശ്ശേഷം ഇല്ലാതാവുന്നു.

ബ്രഹ്മസഭയില്‍ നാരദമുനി ഭഗവാനെ വാഴ്ത്തുന്നതിപ്രകാരമാ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ണ്: സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്ക്‌ കാരണമായ ആ ഭഗവാനെ വാഴ്ത്താനോ ആ മഹിമയെ സങ്കല്‍പ്പിക്കാനോ ആരാലും സാദ്ധ്യമല്ല തന്നെ. അനാദ്യന്തവും, കാരണമില്ലാതെതന്നെ എല്ലാത്തിന്‍റേയും കാരണവും സൃഷ്ടികളുടെയെല്ലാം നാനാത്വം പേറുന്നവനും, വിശ്വത്തിന്റെ മുഴുവന്‍ നാഥനും അവിടുന്നത്രേ. അതേ പരമസത്വം, നമ്മോടുളള കരുണനിമിത്തം നിര്‍മലസാത്വികതയുടെ രൂപത്തില്‍ നമുക്ക്‌ മോചനമേകാന്‍, അങ്ങോട്ടേക്കാകര്‍ഷിക്കാന്‍ അവതരിച്ചിരിക്കുന്നു. ഏതൊരുവന്‍ ആ നാമം ശ്രവിക്കുന്നുവോ. കഷ്ടതയിലോ ദുരിതത്തിലോ ആണെങ്കിലും ഉച്ചരിക്കുന്നുവോ, തെറ്റിലേക്ക്‌ വീണു പിടയുമ്പോഴാണെങ്കിലും പ്രാര്‍ത്ഥിക്കുന്നുവോ, അവന്റെ പാപങ്ങളെല്ലാം നിശ്ശേഷം ഇല്ലാതാവുന്നു. മുക്തിക്കു ശേഷം ശേഷഭഗവാന്റെയല്ലാതെ മറ്റാരുടെയടുത്ത്‌ ഒരു സത്യാന്വേഷി അഭയം തേടും? ആയിരം നാവുണ്ടെങ്കില്‍ പോലും ഒരുവന്‌ വേണ്ട രീതിയില്‍ അനന്തനായ ഭഗവാന്‍ ശേഷനെ വിവരിച്ച്‌ മഹത്വവര്‍ണ്ണന നടത്തുവാന്‍ സാദ്ധ്യമല്ല തന്നെ. അനന്തഭഗവാന്‍ തന്റെയൊരു ലീലയായി എല്ലാത്തിനും അവലംബമായി നിലകൊളളുന്നു. എങ്കിലും സ്വയം ഒന്നിനേയും അവലംബിക്കുന്നുമില്ല.

പരീക്ഷിത്ത്‌ രാജന്‍, ഒരോരോ കര്‍മ്മപഥങ്ങളിലുമുളള മനുഷ്യര്‍ എത്തിച്ചേരുന്ന തലങ്ങളെപ്പറ്റി ഞാന്‍ വിവരിച്ചു കഴിഞ്ഞു. പലേവിധ അനുഗ്രഹങ്ങളുമാഗ്രഹിക്കുന്നവരെത്തുന്ന ലോകങ്ങളെപ്പറ്റിയും പറഞ്ഞു. ഇനി എന്താണറിയേണ്ടത്‌? അജ്ഞതാബന്ധനമെന്നത്‌ ഭൂമിയുമായി വിഢിത്തം നിറഞ്ഞ ഈ മമത തന്നെയാണ്‌. ഇവിടെ മാത്രമേ ജീവജാലങ്ങളുളളൂ എന്ന ധാരണ. ഇതില്‍നിന്നു്‌ ആഗ്രഹം, ശത്രുത, അക്രമങ്ങള്‍ എന്നിവയുണ്ടാവുന്നു. ഇതില്‍ വിവരിച്ച വിവിധ പാതാളങ്ങളും തലങ്ങളും മറ്റു ഗ്രഹങ്ങളാവാം. ആത്മാവിനു ഗുരുത്വാകര്‍ഷണശക്തിയാല്‍ നിയന്ത്രണമേതുമില്ലാത്തതിനാല്‍ അതിന്‌ എവിടെ വേണമെന്നിലും സഞ്ചരിക്കാം. അനന്തന്റെ മറ്റൊരു പേരാണ്‌ ശേഷന്‍. എല്ലാവിധ ആവിര്‍ഭാവങ്ങളും ഇല്ലാതായാലും അവശേഷിക്കുന്നതെന്തോ അതത്രേ ശേഷന്‍.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF