ആറാം സ്കന്ദം ആരംഭം

സകൃ‍ന്മനഃ കൃഷ്ണപദാരവിന്ദയോര്‍ന്നിവേശിതം തദ്ഗുണരാഗി യൈരിഹ
നതേ യമം പാശഭൃതശ്ച തദ്ഭടാന്‍ സ്വപ്നേഽപി പശ്യന്തി ഹിചീര്‍ണ്ണനിഷ്കൃതാഃ (6-1-19)

പരീക്ഷിത്ത്‌ ചോദിച്ചുഃ

“അല്ലയോ മഹാത്മാവേ, നരകത്തിലേക്കു പോകുന്നതില്‍ നിന്നും ഒരുവനെങ്ങനെ രക്ഷനേടാനാവും എന്നു പറഞ്ഞു തന്നാലും.” സദ്ഗുണങ്ങളായ ദയ, സത്യം, ബ്രഹ്മചര്യം എന്നിവയിലൂടെയും ധാര്‍മ്മീകാചാരങ്ങള്‍ പാലിക്കുന്നുത്തിലൂടെയും ഒരുവന്‌ പാപവാസനയില്‍നിന്നും മോചനമുണ്ടാവുന്നു.

ശുകമുനി പറഞ്ഞുഃ

മരണത്തിനുമുന്‍പ്‌ ഒരുവന്‍ സ്വയം പാപങ്ങള്‍ ചെയ്തവനെന്നു തിരിച്ചറിഞ്ഞ് പ്രായശ്ചിത്തം ചെയ്യുകയാണെങ്കില്‍ അവന്‌ നരകത്തില്‍ പോകേണ്ടി വരികയില്ല. അല്ലെങ്കില്‍ അതനിവാര്യമത്രെ.

പരീക്ഷിത്ത്‌ വീണ്ടും ചോദിച്ചുഃ

“ഭഗവന്‍, ഒരുവന്‍ ആത്മനിയന്ത്രണം നഷ്ടപ്പെട്ടതുകൊണ്ടാണല്ലോ പാപം ചെയ്യുന്നത്‌. ആത്മനിയന്ത്രണമില്ലാത്തവര്‍ വീണ്ടുംവീണ്ടും പാപകര്‍മ്മങ്ങള്‍ ആവര്‍ത്തിക്കുന്നു. എങ്ങനെയാണ്‌ ഒരുവന്‍ തന്റെ പാപകര്‍മ്മങ്ങള്‍ നിര്‍ത്തിവെച്ച്‌ മുന്‍പാപങ്ങള്‍ക്ക്‌ പ്രായശ്ചിത്തം ചെയ്യുന്നത്? അവന്‍ തന്റെ പാപങ്ങള്‍ക്ക്‌ പ്രായശ്ചിത്തം ചെയ്താലും, സ്വയം നിയന്ത്രണം ഇല്ലാത്തതിനാല്‍ അവന്‍ വീണ്ടും പാപം ചെയ്യുകയും പ്രായശ്ചിത്തം വെറുമൊരു അപഹാസവുമാവുകയും ചെയ്യും.”

ശുകമുനി പറഞ്ഞുഃ

നിങ്ങള്‍ പറഞ്ഞത്‌ തികച്ചും ശരിയാണ്‌. പ്രായശ്ചിത്തം മാത്രം കൊണ്ട്‌ പാപത്തിന്‌ പരിഹാരം മുഴുവനുമായില്ല. ഒരു രോഗം മാറുവാന്‍ മരുന്നു കഴിച്ചാല്‍ മതിയാവും, എന്നാല്‍ അത്‌ നിശ്ശേഷമായി മാറ്റാന്‍ അതിന്റെ മൂലകാരണത്തെ ഇല്ലായ്മ ചെയ്യണം. ഉദാഹരണത്തിന്‌ അനുയോജ്യമല്ലാത്ത ഭക്ഷണം അയാള്‍ ഉപേക്ഷിക്കണം. സദ്ഗുണങ്ങളായ ദയ, സത്യം, ബ്രഹ്മചര്യം എന്നിവയിലൂടെയും ധാര്‍മ്മീകാചാരങ്ങള്‍ പാലിക്കുന്നുത്തിലൂടെയും ഒരുവന്‌ പാപവാസനയില്‍നിന്നും മോചനമുണ്ടാവുന്നു. എന്നാല്‍ ഭഗവാന്‍ വാസുദേവനോട്‌ ഭക്തിയുളളവന്റെ മുന്‍പാപങ്ങളടക്കം എല്ലാം ക്ഷണേന വേരോടെ അറ്റു പോവുന്നു. ഒരു പാപിക്ക്‌ ഭഗവല്‍ഭക്തസേവനത്തിലുപരി മറ്റൊരു ശുദ്ധീകരണോപായവുമില്ല തന്നെ. മറ്റേതു മാര്‍ഗ്ഗവും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അപൂര്‍ണ്ണമാണ്‌. ഭക്തിമാര്‍ഗ്ഗം തികച്ചും ഫലപ്രദവും ഒരിക്കലും തെറ്റുപറ്റാത്തതുമാണ്‌. വാസ്തവത്തില്‍ ഭഗവാന്‍ നാരായണനോട്‌ ഭക്തിയില്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നുത്‌ വൃഥാവ്യായാമമത്രെ. ഭഗവാന്‍ ശ്രീകൃഷ്ണന്റെ താമരപ്പാദങ്ങളില്‍ ജീവിതത്തിലൊരിക്കലെങ്കിലും മനസ്സര്‍പ്പിച്ച ഒരുവന്‌ സ്വപ്നത്തില്‍ പോലും യമഭടന്മ‍ാരെ കാണേണ്ടതായി വരുന്നില്ല. കാരണം അവരുടെ പാപങ്ങള്‍ക്ക്‌ പരിഹാരമായി കഴിഞ്ഞുവല്ലോ. ഇതിനുപോല്‍ബലകമായി ജ്ഞാനികള്‍ ഒരു കഥ പറയുന്നു.

കന്യാകുബ്ജം എന്ന സ്ഥലത്ത്‌ അജാമിളന്‍ എന്നു പേരായ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. ബ്രാഹ്മണര്‍ക്ക്‌ വിധിച്ചിട്ടുളള ആചാരമര്യാദകളോ ധര്‍മ്മമാര്‍ഗ്ഗങ്ങളോ അനുസരിക്കാതെ, സദാചാര വിരുദ്ധയായ ഒരു സ്ത്രീയുടെ കൂടെയാണയാള്‍ താമസിച്ചിരുന്നത്‌. അവര്‍ക്ക്‌ പത്തു മക്കളുമുണ്ടായിരുന്നു. അവരെ പോറ്റാനായി ബ്രാഹ്മണന്‍ കൊളളയും കൊലയും ചെയ്ത്‌ മറ്റു പലേ പാപകര്‍മ്മങ്ങളും ചെയ്ത്‌ എണ്‍പത്തിയെട്ടു വയസ്സുവരെ അയാള്‍ ജീവിച്ചു. മരണം തന്നെ തീണ്ടുമെന്ന് അയാള്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്നാല്‍ സമയമടുത്തപ്പോള്‍ യമഭടന്മ‍ാര്‍ അവരുടെ ഭീകരരൂപത്തില്‍ അജാമിളനെ കൊണ്ടുപോവാന്‍വന്നു. അപ്പോള്‍ അയാള്‍ തനിക്കു പ്രിയപ്പെട്ട ഇളയമകന്‍ നാരായണനെ പേരു പറഞ്ഞു വിളിച്ചു. ഭഗവല്‍നാമശ്രവണമാത്രയില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഭഗവല്‍ദൂതര്‍ വന്നു്‌ യമഭടന്മ‍ാരെ തുരത്തി അജാമിളനു രക്ഷയേകി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF