യേന യാവാന്‍ യഥാഽധര്‍മ്മോ ധര്‍മ്മോ വേഹ സമീഹിതഃ
സ ഏവ തത്ഫലം ഭുങ്ക്തേ തഥാ താവദമുത്ര വൈ (6-1-45)
ഏഷ പ്രകൃതി സംഗേന പുരുഷസ്യ വിപര്യയഃ
ആസീത്‌ സ ഏവ നചിരാദീശസംഗാദ്വിലീയതേ (6-1-55)

ശുകമുനി തുടര്‍ന്നു:

യമഭടന്മ‍ാര്‍ വിഷ്ണുദൂതരെ ചോദ്യം ചെയ്തു. നിങ്ങളാരാണ്‌? യമധര്‍മ്മമനുഷ്ഠിക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ തടസ്സം നില്‍ക്കുന്നതെന്തുകൊണ്ട്‌? ഭഗവല്‍ദൂതന്മ‍ാര്‍ പുഞ്ചിരിച്ച്‌ മറുചോദ്യം ചോദിച്ചു. നിങ്ങള്‍ യമരാജഭടന്മ‍ാരെങ്കില്‍ മരണശേഷം ആര്‍ എങ്ങനെ ശിക്ഷിക്കപ്പെടുന്നു എന്നു പറഞ്ഞു തന്നാലും.

യമദൂതര്‍ പറഞ്ഞുഃ

ധര്‍മ്മശാസ്ത്രങ്ങള്‍ക്കനുസരിച്ച്‌ സദ്‌വൃത്തികളെയും പാപപ്രവൃത്തികളെയും തരം തിരിച്ചിട്ടുണ്ട്‌. ഇഹലോകത്തില്‍ പഞ്ചഭൂതങ്ങളും, സൂര്യചന്ദ്രന്മ‍ാരും, കാലവും എല്ലാം മനുഷ്യകര്‍മ്മങ്ങള്‍ക്കു സാക്ഷികളത്രെ. മനുഷ്യന്‌ ഇഷ്ടമുളള കര്‍മ്മം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്‌. ഇഹലോകത്തിലെ സദ്‌വൃത്തികളേയും ദുര്‍വൃത്തികളേയും അനുസരിച്ചാണ്‌ പരലോകത്തിലെ അവന്റെ ഗതി. അതുകൊണ്ട്‌ നന്മതിന്മകളാല്‍ ഒരുവന്‍ നയിച്ച ജീവിതത്തിന്റെ രീതിക്കനുസൃതമായി അവന്‌ പരലോകത്തില്‍ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ ഉണ്ടാവുന്നു. എങ്ങുംനിറഞ്ഞു വിളങ്ങുന്ന യമന്‍ എല്ലാത്തിനും സാക്ഷിയാണ്‌.

ഒരുവന്‌ സ്വപ്നസമയത്ത്‌ ജാഗ്രതാവസ്ഥയിലെ കാര്യങ്ങളെപ്പറ്റി തീരെ അറിവില്ലാത്തതുപോലെ ജീവന്‌ തന്റെ അവസ്ഥയെപ്പറ്റി ശരിയായ ധാരണ ഇല്ലാതാവുന്നു. ജീവന്‍ പത്തിന്ദ്രിയങ്ങളും, പഞ്ചപ്രാണനും മനസുമടങ്ങിയ സൂക്ഷ്മശരീരത്തോട്‌ താദാത്മ്യഭാവം പ്രാപിച്ച്‌ കര്‍മ്മങ്ങളോടും അനുഭവങ്ങളോടും മമതയിലാവുന്നു. അതിനാല്‍ ജീവന്‍ സൂക്ഷ്മശരീരത്തോടൊപ്പം ഒരോ ജന്മവും കടന്നുപോവുന്നു. അഹംബോധത്തോടെ സൂക്ഷ്മശരീരത്തോട്‌ ആസക്തിയുണ്ടാവുന്നതു മൂലമാണ്‌ ദുഃഖമുണ്ടാകുന്നുത്‌. എന്നാല്‍ അജ്ഞാനിയായ ജീവന്‍ ഇതു മനസിലാക്കുന്നില്ല. അങ്ങനെ കൂടുതല്‍ കര്‍മ്മങ്ങള്‍ കൊണ്ട്‌ ദുഃഖമകറ്റാന്‍ ശ്രമിക്കുന്നു. ഇങ്ങനെയത്‌ തുടര്‍ച്ചയായി പോകുന്നു. അജ്ഞതമൂലമുളള ഈ വൃഥാ താദാത്മ്യഭാവം എല്ലാവരേയും കര്‍മ്മം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അതുകൊണ്ട്‌ ആര്‍ക്കും ഒരു നിമിഷവും കര്‍മ്മരഹിതമായി കഴിയാന്‍ സാദ്ധ്യമല്ലതന്നെ. ഈ സൂക്ഷ്മശരീരം, ശുക്ലാണ്ഡങ്ങളുടെ സഹായത്താല്‍ ഭൗതീകശരീരമുണ്ടാക്കുന്നു. ജീവന്റെ നിസ്സഹായാവസ്ഥ, സ്വയം ദ്രവ്യങ്ങളുമായിട്ടുളള ഏകതാഭാവം കൊണ്ടു തോന്നുന്നതാണ്‌. എന്നാല്‍ ജീവന്‍ ഭഗവാനിലേക്ക്‌ തിരിഞ്ഞു ഭക്തിയുളവാവുമ്പോള്‍ ഇതിനവസാനമാവുന്നു. ഇതാണ്‌ കര്‍മ്മസിദ്ധാന്തം.

അജാമിളന്‍ സാത്വികനായ ബ്രാഹ്മണനായിരുന്നു. എന്നാല്‍ ഒരിക്കല്‍ ഒരഭിസാരിക സ്ത്രീയും ഒരു പുരുഷനും ആലിംഗനത്തിലേര്‍പ്പെട്ടതു കണ്ട്‌ കാമത്തിനടിമപ്പെട്ട്‌ സ്വയം ആ സ്ത്രീയുടെ കൂടെ കഴിയാന്‍ തീരുമാനിച്ചു. അന്നുമുതല്‍ നന്മയുടേയും ധര്‍മ്മസദാചാരങ്ങളുടേയും മാര്‍ഗ്ഗം അയാള്‍ തുടര്‍ന്നില്ല. പാപപങ്കിലമായ ഒരു ജീവിതമാണയാള്‍ നയിച്ചത്. അതുകൊണ്ട്‌ ഞങ്ങള്‍ അയാളെ യമരാജനു മുന്നില്‍ കൊണ്ടു പോവുന്നു. അവിടെ ഉചിതമായ ശിക്ഷയ്ക്കു വിധേയനായി അയാള്‍ ശുദ്ധീകരിക്കപ്പെടുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF