സാംങ്കേത്യം പാരിഹാസ്യം വാ സ്തോഭം ഹേളനമേവ വാ
വൈകുണ്ഡനാമഗ്രഹണമശേഷാഘഹരം വിദുഃ (6-2-14)
പതിതഃ സ്ഖലിതോ ഭഗ്ന: സന്ദഷ്ടസ്തപ്ത ആഹതഃ
ഹരിരത്യവശേനാഹ പുമാന്നാര്‍ഹതി യാതനാം (6-2-15)
യഥാഗദം വീര്യതമമുപയുക്തം യദൃച്ഛയാ
അജാനതോഽതപ്യാത്മഗുണം കുര്യാന്മന്ത്രോഽപ്യുദാഹൃതഃ (6-2-19)
മൃയമാണോ ഹരേര്ന്നാമ ഗൃണന്‍ പുത്രോപചാരിതം
അജാമിളോഽപ്യഗാദ്ധാമ കിം പുനഃ ശ്രദ്ധയാ ഗൃണന്‍ (6-2-49)
വിഷ്ണുദൂതര്‍ പറഞ്ഞുഃ
ധര്‍മ്മരാജാവിന്റെ ദൂതര്‍ തന്നെ നിരപരാധിയായ ഒരുവനെ ശിക്ഷിക്കുന്നുവെന്നോ?. അപ്പോള്‍ നിരപരാധികള്‍ ആരെ ശരണം പ്രാപിക്കും? ധര്‍മ്മപരിപാലനത്തിനായി നിയോഗിക്കപ്പെട്ടിട്ടുളളവര്‍ തന്നെ സ്വന്തം കടമകളില്‍ നിന്നും വ്യതിചലിക്കുകയാണെങ്കില്‍ ജനകോടികള്‍ എന്തു ചെയ്യും? സാധാരണജനങ്ങളും മൃഗങ്ങളും യമധര്‍മ്മരാജന്റെ മടിത്തട്ടില്‍ അദ്ദേഹത്തിന്റെ വിധിയും കാത്തിരിക്കുകയാണ്. അപ്പോള്‍ അദ്ദേഹത്തിന് തെറ്റായ ഒരു കാര്യം ചെയ്യാന്‍ കഴിയുന്നതെങ്ങനെ? അങ്ങനെയെങ്കില്‍ അദ്ദേഹം തന്റെ വിശ്വാസികള്‍ക്ക് അത്യാപത്തു വിളിച്ചു വരുത്തുകയല്ലേ ചെയ്യുന്നുത്? യമദൂതരെ, ഈ മനുഷ്യന്‍ തന്റെ മകനെ വിളിച്ചപ്പോഴാണെങ്കിലും ഹരിനാമമാണുച്ചരിച്ചതു. അതുകൊണ്ടുതന്നെ അയാളുടെ സകല പാപങ്ങള്‍ക്കും പ്രായശ്ചിത്തമായിക്കഴിഞ്ഞു. ഭഗവല്‍നാമത്തിലുപരിയായി മനുഷ്യപാപങ്ങളെ നിശ്ശേഷമില്ലാതാക്കുന്ന മറ്റൊരു ശുദ്ധീകരണോപായവുമില്ല. എത്രതന്നെ നികൃഷ്ടമായ പാപങ്ങളായാല്‍ പോലും, ഭക്തിയുണ്ടാവുമ്പോള്‍ അവ വേരോടെ നശിക്കുന്നു.
ഹരിനാമം എല്ലാ പാപങ്ങളേയും നശിപ്പിക്കുന്നു. ആരേയെങ്കിലും വിളിക്കുമ്പോള്‍ യാദൃശ്ചികമായോ, തുലോം നിന്ദാത്മകമായോ ആണെങ്കില്‍ പോലും അത് പ്രയോജനം ചെയ്യും. ഒരുവന്‍ വീഴുമ്പോഴോ, വഴുതുമ്പോഴോ, കൈകാലുകളൊടിയുമ്പോഴോ, മൃഗങ്ങളുടെ കടികൊളളുമ്പോഴോ ഒക്കെ അറിയാതെയെങ്കിലും ഹരിനാമം ഉച്ചരിക്കുന്ന പക്ഷം, അവന് പാപങ്ങളുടെ ശിക്ഷ ബാധകമല്ല തന്നെ. മറ്റു പാപപരിഹാരമാര്‍ഗ്ഗങ്ങള്‍, ചെറുതും വലുതുമായ പാപങ്ങള്‍ക്കുളള പ്രതിവിധികള്‍, ധര്‍മ്മശാസ്ത്രങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. അവ പാപത്തിന്റെ ഫലത്തിനെതിരായി വര്‍ത്തിക്കുമെങ്കിലും അതിന്റെ വേരറുക്കുന്നില്ല. പാപവാസന നശിക്കുന്നുമില്ല. എന്നാല്‍ ഭഗവാന്റെ നാമം അതിന്റെ മഹിമയോ അര്‍ത്ഥമോ അറിയാതെയാണെങ്കിലും ഉച്ചരിക്കുന്നതുമൂലം ഒരുവന്റെ ബോധതലത്തില്‍ സൂക്ഷ്മമായ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നു. ഭഗവല്‍നാമമുച്ചരിക്കുമ്പോള്‍ ഭഗവാന്‍ ഭക്തനിലേക്ക് തിരിയുന്നു. ശക്തിയേറിയ ഒരൗഷധം, രോഗിയുടെ അറിവുകൂടാതെ തന്നെ ശരീരത്തെ സുഖപ്പെടുത്തുന്നതുപോലെ ഹരിനാമോച്ചാരണം അവന്റെ സ്വഭാവത്തെത്തന്നെ മാറ്റിയെടുക്കുന്നു. അതുകൊണ്ട് അജാമിളനെ വെറുതെ വിടൂ. അവന് യമരാജസവിധത്തിലെത്തേണ്ടതില്ല.
ശുകമുനി തുടര്‍ന്നുഃ യമദൂതരില്‍നിന്നും മോചിതനായ അജാമിളന് ഭഗവല്‍ദൂതരായ ആ നാല്‍വരോട് സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അവര്‍ മറഞ്ഞു കളഞ്ഞു. വിചിത്രമായ ഈ അനുഭവമോര്‍ത്ത് പശ്ചാത്തപിച്ച് അജാമിളന്‍ ഹരിദ്വാറിലോ ഗംഗാതീരത്തിലോ പോയി തീവ്രതപസ്സാധനകളനുഷ്ഠിച്ച് ശിഷ്ടകാലം ജീവിച്ചു. ശരീരമുപേക്ഷിക്കാറായപ്പോള്‍ ഭഗവല്‍ദൂതര്‍ തന്നെ വന്നു് അദ്ദേഹത്തെ ആ സവിധത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. അദ്ദേഹത്തിനും ഒരു ഭഗവല്‍ദൂതന്റെ ശരീരവും പദവിയും ലഭിച്ചു. അങ്ങനെ അറിയാതെ ഭഗവല്‍നാമമുച്ചരിച്ച് മകനെ വിളിച്ച അജാമിളനു ഭഗവദ് സവിധത്തിലിടം കിട്ടിയെന്നതില്‍ ശ്രദ്ധാഭക്തിപൂര്‍വ്വം ഭഗവാനെ സ്തുതിക്കുന്നവന് അനുഗ്രഹസിദ്ധി ഉണ്ടാവും എന്നതിനു സംശയമെന്തുളളൂ? ഈ കഥാകഥനം ശ്രവിക്കുകയോ പറയുകയോ ചെയ്യുന്ന ഒരുവനും നരകത്തില്‍ പോവേണ്ടതായി വരികയില്ല. യമഭടന്മാര്‍ അവനിലേക്ക് നോക്കുകപോലുമില്ല.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF