യദ് യന്നിരുക്തം വചസാ നിരൂപിതം ധീയാക്ഷഭിര്‍വ്വാ മനസാ വോത യസ്യ
മാ ഭൂത് സ്വരൂപം ഗുണരൂപം ഹി തത്തത് സ വൈഗുണാപായവിസര്‍ഗ്ഗലക്ഷണഃ (6-4-29)
യസ്മിന്‍ യതോ യേന ചയസ്യ യസ്മൈ യദ്യോ യഥാ കുരുതേ കാര്യതേ ച
പരാവരേഷാം പരമം പ്രാക്പ്രസിദ്ധം തദ് ബ്രഹ്മ തദ്ധേതുരനന്യദേകം (6-4-30)
ശുകമുനി തുടര്‍ന്നുഃ
ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ പ്രചേതരുടെ കാര്യം. അവര്‍ പൊയ്കയില്‍നിന്നും പുറത്തു വന്നപാടെ ചുറ്റുമുളള വൃക്ഷങ്ങളെയെല്ലാം വെട്ടി നശിപ്പിക്കുവാന്‍ തുടങ്ങി. സോമന്‍ ഇടപെട്ട് അവരെ അനുനയനരൂപത്തില്‍ ഗുണദോഷിച്ചു. “പാവപ്പെട്ട മരങ്ങളെ ദ്രോഹിക്കുന്നുത് ശരിയല്ല. പ്രത്യേകിച്ചും അവരുടെ ധര്‍മ്മം ജീവികള്‍ക്ക് രക്ഷണനല്‍കുക എന്നതാവുമ്പോള്‍. അവയേയും ജീവികളുടെ പോഷകത്തിനായി ഭഗവാന്‍ സൃഷ്ടിച്ചതത്രേ. അചരങ്ങളായ സൃഷ്ടികള്‍ ചരങ്ങളായവക്ക് ഭക്ഷണമത്രേ. കാലുകളുളളവര്‍ക്ക് കാലുകളില്ലാത്ത ജീവികള്‍ ഭക്ഷണം. കൈയ്യുളള ജീവികള്‍ക്ക് കയ്യില്ലാത്തവ ഭക്ഷണം. ഇരുകാലികള്‍ക്ക് നാല്‍ക്കാലികള്‍ ഭക്ഷണം. ഈ നശീകരണ വൃത്തിയില്‍ നിന്നും പിന്തിരിഞ്ഞ് അച്ഛന്‍ ജീവിച്ച പോലെ ജീവിച്ചാലും. കാരണം മാതാപിതാക്കള്‍, കുട്ടികളുടെ ശരിയായ സുഹൃത്തുക്കളത്രെ. കണ്‍പീലികള്‍ കണ്ണിനും, രാജാവ് പ്രജകള്‍ക്കും, ഗൃഹസ്ഥന്‍ ഭിക്ഷക്കാരനും, ഭര്‍ത്താവ് സ്ത്രീക്കും, ജ്ഞാനി അജ്ഞാനിക്കും, ഉത്തമ സുഹൃത്തുക്കളത്രെ. നിങ്ങളുടെ കോപമടക്കിയാലും. പ്രകൃത്യാലുളള ഗുണങ്ങള്‍ക്കതീതരായി നിങ്ങള്‍ ഭഗവല്‍കൃപയ്ക്ക് പാത്രമായിത്തീരും. ഭഗവല്‍ശരീരം, ചരാചരസൃഷ്ടികളുടെ സഞ്ചയമത്രെ.” ഇത്രയും പറഞ്ഞ് മാരി എന്ന പെണ്‍കുട്ടിയെ സോമന്‍ അവര്‍ക്ക് നല്‍കി. കാലക്രമത്തില്‍ ദക്ഷപ്രാചേതസന്‍ എന്ന പുത്രന്‍ അവള്‍ക്കുണ്ടായി.
ആദ്യം ദക്ഷപ്രാചേതസന്‍ സ്വന്തം ഇഛയാല്‍ പലേ വിധ ജീവജാലങ്ങളെയും സൃഷ്ടിച്ചു. പക്ഷെ ഇവ പെറ്റുപെരുകിയില്ല. അപ്പോള്‍ അദ്ദേഹം ഭഗവാനെ ധ്യാനിച്ച് തപസ്സു ചെയ്തു. “ജീവന് തുലോം അജ്ഞാതമായ ഗുണങ്ങളോടുകൂടിയ ആ പരമദിവ്യസ്വരൂപത്തിന് നമസ്കാരം. ഒരു വസ്തു സ്വയം അതിന്റെ ബോധശക്തിയെ അറിയാത്തതുപോലെയാണ് ജീവന്റെ അജ്ഞത. പരിശുദ്ധമായ മനസില്‍ ചിന്താവ്യതിയാനങ്ങള്‍ അകന്ന് ശാന്തതയുണ്ടാവുമ്പോള്‍ ജീവന്റെ ഈ അജ്ഞതയും അകലുന്നു. പറയപ്പെടുന്ന വാക്കുകള്‍ കൊണ്ടോ കാഴ്ചശക്തി കൊണ്ടോ, മനസുകൊണ്ടോ അവിടത്തെ അറിയുക സാദ്ധ്യമല്ല. ഇവയെല്ലാം ഗുണങ്ങളുമായി ബന്ധപെട്ടിരിക്കുന്നു. എന്നാല്‍ ഉണ്മയുടെ പ്രകൃതിധര്‍മ്മം അറിയാന്‍ വിശ്വസൃഷ്ടിയില്‍നിന്നും വിശ്വപ്രളയത്തില്‍ നിന്നും അനുമാനിച്ചെടുക്കേണ്ടിയിരിക്കുന്നു. ആരാല്‍ എന്ത് ആരോട് ചെയ്യുന്നുവോ അവയെല്ലാം ആ പരബ്രഹ്മം തന്നെയാണ്. വൈരുദ്ധ്യങ്ങളായ തത്വസംഹിതകള്‍ ക്കടിസ്ഥാനമായുളളതും അതേ ബ്രഹ്മം തന്നെ. ആ പരമസത്ത എന്റെ പ്രാര്‍ത്ഥനയെ സ്വീകരിക്കട്ടെ.”
അങ്ങനെ പ്രാര്‍ത്ഥിക്കവേ ഭഗവാന്‍ സ്വയം ദക്ഷന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അത്ഭുതസ്തബ്ദനായി ദക്ഷന്‍ ഭഗവാന്റെ കാല്‍ക്കല്‍ നിശബ്ദനായി വീണുകിടന്നു. ഭഗവാന്‍ പറഞ്ഞു. “എല്ലാ സൃഷ്ടികളും പ്രത്യുല്‍പ്പാദനം നടത്തി പെരുകണമെന്നത് എന്റെ ഇഛയാണ്. സൃഷ്ടിക്ക് മുന്‍പ് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുളളു. എന്റെ മായാശക്തിയാല്‍ ഉറങ്ങികിടന്നിരുന്ന അനന്തമായ പ്രാബല്യങ്ങള്‍ പ്രകടിതമായി. ബ്രഹ്മാവും നീയും മറ്റെല്ലാവരും എന്‍റേതന്നെ പ്രകടിതരൂപങ്ങളത്രെ. നിങ്ങളെല്ലാം യോനീജന്മങ്ങളല്ല. പുരുഷസ്ത്രീ സംയോഗത്താല്‍ സൃഷ്ടിജാലങ്ങള്‍ പെറ്റുപെരുകാനുളള സമയമായിരിക്കുന്നു. അതുകൊണ്ട് പഞ്ചജനന്റെ പുത്രിയായ അസികനിയെ പാണിഗ്രഹണം ചെയ്താലും. അവളിലൂടെ മറ്റെല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചാലും.” ഇത്രയും പറഞ്ഞ് ഭഗവാന്‍ അപ്രത്യക്ഷനായി.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF