ഓം നമോ നാരായണായ പുരുഷായ മഹാത്മനേ
വിശുദ്ധസത്ത്വധിഷ്ണ്യായ മഹാഹംസായ ധീമഹി (6-5-28)
നാനുഭൂയ ന ജാനാതി പുമാന്‍ വിഷയതീക്ഷ്ണതാം
നിര്‍വ്വിദ്യേത സ്വയം തസ്മാന്ന തഥാ ഭിന്നധീഃ പരൈഃ (6-5-41)

ശുകമുനി തുടര്‍ന്നുഃ

അസീകിനിയില്‍ ദക്ഷന്‌ പതിനായിരം പുത്രന്മ‍ാരുണ്ടായി. ഹര്യാസ്വന്മ‍ാര്‍ എന്നു് അവര്‍ അറിയപ്പെട്ടു. അഛന്റെ നിര്‍ദ്ദേശപ്രകാരം പുനരുല്‍പ്പാദനം നടത്തി പെരുകാനുളള ഉദ്ദേശത്തോടെ നാരായണസാരം എന്ന തടാകത്തിനടുത്ത്‌ തപശ്ചര്യകള്‍ക്കായി അവര്‍ എത്തിച്ചേര്‍ന്നു.

ഒരു ദിവസം നാരദമുനി അവിടെ ചെന്നു പറഞ്ഞുഃ “ലോകത്തിന്റെ വിപുലതയെപ്പറ്റി മനസിലാക്കാതെ സന്തതി പരമ്പരകള്‍ എങ്ങനെയുണ്ടാവാനാണ്‌? നിങ്ങള്‍, ഒരാള്‍ മാത്രം വാഴുന്നയിടം അറിയണം. പുറത്തേക്കുളള വഴികളില്ലാത്ത ഒരു കുഴി. പലേ രൂപഭാവങ്ങളുളള ഒരു സ്ത്രീ. വേശ്യയുടെ ഭര്‍ത്താവ്‌. ഒരേ സമയം എതിര്‍ദിശകളിലൊഴുകുന്ന ഒരു നദി. ഇരുപത്തിയഞ്ച്‌ വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വീട്‌. അരയന്നം എന്നിവയും എന്താണെന്നറിയണം”

ഹര്യാസ്വന്മ‍ാര്‍ ഈ കടങ്കഥക്ക്‌ ഉത്തരം കണ്ടെത്താന്‍ ധ്യാനത്തിലേര്‍പ്പെട്ടു. ആത്മാവിനെപ്പറ്റിയാണിതെന്ന് അവര്‍ മനസിലാക്കി. ലോകമാണ്‌ സൂക്ഷ്മശരീരം. ഭഗവാനാണ്‌ അതിന്റെ ഏകാധിപതി. പലേ രൂപഭാവങ്ങളുളള സ്ത്രീ, ബുദ്ധിയാണ്‌. ബുദ്ധിയോടുളള താദാത്മ്യഭാവമാണ്‌ വേശ്യയുടെ ഭര്‍ത്താവ്‌. എതിര്‍ദിശകളിലൂടെ ഒരേസമയം ഒഴുകുന്ന നദിയാണ്‌ മായ. ആത്മസാക്ഷാത്ക്കാരത്തിലായിക്കഴിഞ്ഞാല്‍ തിരിച്ചു പോക്കില്ല എന്നതാണ്‌ പുറത്തേക്കു വഴികളില്ലാത്ത കുഴി. മനുഷ്യ വ്യക്തിത്വമാണ്‌ ഇരുപത്തിയഞ്ചു വസ്തുക്കള്‍കൊണ്ട്‌ നിര്‍മ്മിച്ച വീട്‌. വിജ്ഞാനമാണ്‌ അരയന്നം.

ഹര്യാസ്വര്‍ നാരദന്‍ പറഞ്ഞുകൊടുത്ത കാര്യത്തെപ്പറ്റി വിചിന്തനം ചെയ്തു. ഈ പറഞ്ഞ കാര്യങ്ങളെല്ലാം സ്വയം അനുഭവിച്ചറിയാതെ ലൗകീകകര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടിട്ട്‌ എന്തുകാര്യം എന്നവര്‍ ചിന്തിച്ചു. എല്ലാവരും സന്യസിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. ദക്ഷന്‍ ഇതുകേട്ട്‌ ദുഃഖിതനായെങ്കിലും അസീകിനിയില്‍ ഒരായിരം പുത്രന്മ‍ാരെ കൂടി സൃഷ്ടിച്ചു. അവരെ ശബലാശ്വന്മ‍ാര്‍ എന്ന്‌ വിളിക്കുന്നു. അവരും അഛന്റെ നിര്‍ദ്ദേശപ്രകാരം നാരായണസാരത്ത്‌ തപസ്സിനായി ചെന്നു. മനസാ അവരിങ്ങനെ പ്രാര്‍ത്ഥിച്ചു. “പരമപുരുഷനും പരമസത്വവുമായ ഭഗവാന്‍ നാരായണന്‌ നമോവാകം.” അധികം താമസിയാതെ നാരദമുനി അവരെ സമീപിച്ചു. എന്നിട്ട്‌ അവരെ ജ്യേഷ്ഠന്മ‍ാരുടെ പാത പിന്തുടരാന്‍ പ്രേരിപ്പിച്ചു. നാരദമുനിയുടെ വാക്കുകളുടെ പ്രചോദനത്താല്‍ ശബലാശ്വന്മ‍ാരും സന്യാസമാര്‍ഗം സ്വീകരിച്ചു.

ദക്ഷന്‌ ഇതേറ്റവും അസഹ്യമായിത്തോന്നി. നാരദനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. “സന്യാസവേഷത്തില്‍ നടന്ന് നിങ്ങള്‍ ചെയ്തത്‌ വളരെ ഉപദ്രവമായിപ്പോയി. എന്റെ പുത്രന്മ‍ാരെ അവരുടെ കടമകളില്‍ നിന്നു്‌ നിങ്ങള്‍ പിന്തിരിപ്പിച്ചു. മാമുനിമാര്‍ക്കും പിതൃക്കള്‍ക്കും ദേവതകള്‍ക്കും വേണ്ടി അവര്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍ പോലും നടക്കുന്നില്ല. അവര്‍ക്ക്‌ ലൗകീകകര്‍മ്മങ്ങളുടെ അയോഗ്യതയെപ്പറ്റി ചിന്തിക്കാന്‍ അവസരം കൂടി ലഭിക്കുകയുണ്ടായില്ല. ലോകത്തോടുളള നിര്‍മ്മമത മറ്റുളളവര്‍ പറഞ്ഞുകേട്ടതുകൊണ്ട്‌ ലഭിക്കുകയില്ല. ഒരു മനുഷ്യന്‍ ഇന്ദ്രിയവസ്തുതകളുടെ നിരര്‍ത്ഥത അവയുടെ സ്വാനുഭവങ്ങള്‍കൊണ്ടു മാത്രമേ മനസിലാക്കുകയുളളു. അനുഭവങ്ങളിലൂടെ മാത്രമേ ഇന്ദ്രിയാനുഭവങ്ങളോട്‌ അസ്വാരസ്യം ഉണ്ടാവൂ . മറ്റാരുടേയും സാക്ഷ്യാനുഭവം കൊണ്ടല്ല അതുണ്ടാവുന്നത്‌. അതുകൊണ്ട്‌ നിങ്ങള്‍ അനാവശ്യമായി അകാലത്ത്‌ ഈ ചെറുപ്പക്കാരുടെ മനസിളക്കി സൃഷ്ടിപ്രക്രിയക്ക്‌ തടസ്സം വരുത്തി. അതുകൊണ്ട്‌ ‍‍‍‍‍‍‍നിങ്ങള്‍ക്ക് സ്ഥിരതയോടുകൂടിയ ഒരു അസ്തിത്വം ഉണ്ടാവുകയില്ല. നിങ്ങള്‍ എന്നും അലഞ്ഞുതിരിയാനിടവരട്ടെ.”

മുനി പുഞ്ചിരിയോടെ ശാപമേറ്റുവാങ്ങി. അതാണ്‌ മഹാത്മാക്കളുടെ രീതി. അവര്‍ക്ക്‌ പ്രതികാരശക്തിയുണ്ടെങ്കില്‍പോലും അവരതില്‍നിന്നും പിന്‍തിരിയുന്നു. കാരണം അവര്‍ ക്ഷമാശീലരും സഹനശീലരുമാണ്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF