ലോകാഃ സപാലാ യസ്യേമേ ശ്വസന്തി വിവശാ വശേ
ദ്വിജാ ഇവ ശിചാ ബദ്ധാഃ സ കാല ഇഹ കാരണം (6-12-19)
ഓജഃ സഹോ ബലം പ്രാണമമൃതം മൃത്യു മേവച
തമജ്ഞായ ജനോ ഹേതുമാത്മാനം മന്യതേ ജഡം (6-12-19)
തസ്മാദകീര്‍ത്തിയശസോര്‍ജ്ജയാപജയയോരപി
സമഃ സ്യാത് സുഖദുഃഖാഭ്യാം മൃത്യുജീവിതയോസ്തഥാ (6-12-19)
ശുകമുനി തുടര്‍ന്നു:
വാസ്തവത്തില്‍ വൃത്രന് വിജയത്തേക്കാള്‍ മരണമായിരുന്നു അഭികാമ്യം. എങ്കിലും ഒരു യോദ്ധാവിന്റെ പടക്കളത്തിലെ ധര്‍മ്മവും ഭഗവേച്ഛയും കണക്കിലെടുത്ത് അയാള്‍ തന്റെ ത്രിശൂലവുമായി ഇന്ദ്രന്റെ അടുത്തേക്ക് കുതിച്ചു. ഇന്ദ്രന്‍ ത്രിശൂലത്തെ തടുത്തു നിര്‍ത്തി, വൃത്രന്റെ കൈകളിലൊന്നു് തന്റെ വജ്രായുധത്താല്‍ വെട്ടിമാറ്റി. മറ്റേകൈകൊണ്ട് വൃത്രന്‍ ഗദയെറിഞ്ഞതിന്റെ ഊക്കില്‍ ഇന്ദ്രന്റെ കൈയില്‍നിന്നും വജ്രായുധം താഴെ വീണു. ഇന്ദ്രന് സ്വയം നാണക്കേടു തോന്നി. വൃത്രനാകട്ടെ, ഇന്ദ്രനോട് താഴെ വീണുകിടക്കുന്ന ആയുധമെടുത്ത് യുദ്ധം തുടരാന്‍ ശാന്തനായി പറഞ്ഞു.
അല്ലയോ ഇന്ദ്രാ, നിന്റെ ശത്രുവിനെ വജ്രായുധം കൊണ്ട് കൊന്നാലും. ഇപ്പോള്‍ വിഷണ്ണനാവരുത്. വിജയവും പരാജയവും സേനാബലത്തെ ആശ്രയിച്ചല്ല, മറിച്ച് ഭഗവേച്ഛ അനുസരിച്ചാണുണ്ടാവുന്നത്. എല്ലാ ലോകങ്ങളും അവയുടെ അധിദേവതകളും അവിടുത്തെ നിയന്ത്രണത്തിലാണ്. കാലമായി വര്‍ത്തിച്ചുകൊണ്ട് കൂട്ടിലിട്ട കിളികളെപ്പോലെ അവര്‍ ഭഗവേച്ഛ നിറവേറ്റുക മാത്രമാണ് ചെയ്യുന്നുത്. ഊര്‍ജ്ജം, ശക്തി, ജീവഃശക്തി, മരണം, അമരത്വം എന്നിവയിലൂടെയെല്ലാം വര്‍ത്തിച്ചുകൊണ്ട് അവിടുന്നു വാണരുളുന്നു. ഇതിനെക്കുറിച്ച് മനസിലാക്കാത്തവര്‍ കര്‍മ്മങ്ങളേയും കര്‍മ്മഫലങ്ങളേയും സ്വന്തമെന്നു നിനയ്ക്കുന്നു. അവിടുത്തെ ഇച്ഛയില്ലാതെ ജീവാത്മാവും പ്രകൃതിയും എല്ലാം തികച്ചും ശക്തിരഹിതമാണ്. സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ അവയ്ക്ക് സ്വയം സാദ്ധ്യവുമല്ല.
ഭഗവാന്‍ സ്വയം ജീവികളെ ലോകത്തില്‍ ജനിപ്പിക്കുന്നു. അച്ഛനമ്മമാര്‍ വെറുമൊരു നിമിത്തം മാത്രം. ജീവനെടുക്കുന്നുതും അവിടുന്നു തന്നെ. മറ്റുളളവര്‍ വെറും നിമിത്തം മാത്രം. ജിവിതം, ഐശ്വര്യം, പ്രശസ്തി തുടങ്ങിയ അനുഗ്രഹങ്ങള്‍ തുടങ്ങി ഒരുവന്‍ ആസ്വദിക്കുന്ന കാര്യങ്ങള്‍ അതാതിന്റെ സമയങ്ങളില്‍ അവനെ ബാധിക്കുന്നു. മറ്റുസമയങ്ങളില്‍ അവന് ദുഃഖമുണ്ടാക്കുന്ന കാര്യങ്ങളാവും ഉണ്ടാവുക. അതുകൊണ്ട് ഒരുവന്‍ പ്രശസ്തിയിലും കുപ്രശസ്തിയിലും തുല്യമനസ്കനായിരിക്കണം. ജയം, പരാജയം, സുഖദുഃഖങ്ങള്‍, ജനനമരണങ്ങള്‍ എന്നിവയെ ഒരുപോലെ കാണണം.
ഇന്ദ്രാ, എന്നെ നോക്കൂ. പരാജയം എന്നെ വന്നുമുട്ടുമ്പോഴും ഞാന്‍ കഷ്ടപ്പെട്ടു പോരാടുന്നു. യുദ്ധം വെറുമൊരു ചൂതാട്ടമാണ്. ആരാണ് ജയിക്കുക എന്ന് ആര്‍ക്കുമറിയില്ല. അത് നമ്മുടെ കയ്യിലല്ല താനും.
വൃത്രന്റെ വിജ്ഞാനത്തില്‍ ഇന്ദ്രന് ആദരവു തോന്നി. തീര്‍ച്ചയായും നിന്റെ രാക്ഷസീയതയില്‍നിന്നും നീ മോചിതനായിരിക്കുന്നു. വൃത്രാ, നിന്റെ വിജ്ഞാനത്താല്‍ നീ ഒരു ശ്രേഷ്ഠപദവിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഇത് വലിയൊരത്ഭുതം തന്നെ.
ഇങ്ങനെ ധര്‍മ്മത്തിന്റെ മഹോന്നതകാര്യങ്ങളെപ്പറ്റി പറഞ്ഞുകൊണ്ടവര്‍ യുദ്ധം തുടര്‍ന്നു. ഇന്ദ്രന്‍ വൃത്രന്റെ കൈ തന്റെ വജ്രായുധത്താല്‍ മുറിച്ചു വീഴ്ത്തി. പിടിച്ചിരുന്ന ഗദയോടെ അത് നിലം പതിച്ചു. പടക്കളത്തില്‍ വീണുകിടക്കുന്ന വൃത്രന്‍ വായ തുറന്ന് ഇന്ദ്രനെ അപ്പാടെ വിഴുങ്ങിക്കളഞ്ഞു. എങ്കിലും ഇന്ദ്രന്‍ മരിച്ചില്ല. രാക്ഷസന്റെ ദിവ്യായുധംകൊണ്ട് വയറു പിളര്‍ന്നുകീറി ഇന്ദ്രന്‍ പുറത്തു വന്നു. അവസാനം ഇന്ദ്രന്‍ വജ്രായുധംകൊണ്ട് വൃത്രന്റെ തലയും അറുത്തു മാറ്റി. വൃത്രന്റെ ശരീരത്തില്‍ നിന്നും ഒരു തേജഃപുഞ്ജം പുറത്തുവന്ന് ഭഗവാനില്‍ വിലയം പ്രാപിച്ചു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF