മുനിമണ്ഡലസമാഗമം – ആരണ്യകാണ്ഡം MP3 (38)

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.


MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

മുനിമണ്ഡലസമാഗമം

ഭണ്ഡകാരണ്യതലവാസികളായ മുനി-
മണ്ഡലം ദാശരഥി വന്നതു കേട്ടുകേട്ടു
ചണ്ഡദീധിതികുലജാതന‍ാം ജഗന്നാഥന്‍
പുണ്ഡരീകാക്ഷന്‍തന്നെക്കാണ്മാനായ്‌ വന്നീടിനാര്‍.
രാമലക്ഷ്മണന്മാരും ജാനകീദേവിതാനും
മാമുനിമാരെ വീണു നമസ്‌കാരവുംചെയ്താര്‍.
താപസന്മാരുമാശീര്‍വാദംചെയ്തവര്‍കളോ-
ടാഭോഗാനന്ദവിവശന്മാരായരുള്‍ചെയ്താര്‍ഃ
“നിന്നുടെ തത്ത്വം ഞങ്ങളിങ്ങറിഞ്ഞിരിക്കുന്നു
പന്നഗോത്തമതല്‍പേ പളളികൊളളുന്ന ഭവാന്‍.
ധാതാവര്‍ത്ഥിക്കമൂലം ഭൂഭാരം കളവാനായ്‌
ജാതനായിതു ഭൂവി മാര്‍ത്താണ്ഡകുലത്തിങ്കല്‍
ലക്ഷ്‌മണനാകുന്നതു ശേഷനും, സീതാദേവി
ലക്ഷ്മിയാകുന്നതല്ലോ, ഭരതശത്രുഘ്നന്മാര്‍
ശംഖചക്രങ്ങ,ളഭിഷേകവിഘ്നാദികളും
സങ്കടം ഞങ്ങള്‍ക്കു തീര്‍ത്തീടുവാനെന്നു നൂനം.
നാനാതാപസകുലസേവിതാശ്രമസ്ഥലം
കാനനം കാണ്മാനാശു നീ കൂടെപ്പോന്നീടേണം
ജാനകിയോടും സുമിത്രാത്മജനോടുംകൂടി,
മാനസേ കാരുണ്യമുണ്ടായ്‌വരുമല്ലോ കണ്ടാല്‍.”
എന്നരുള്‍ചെയ്ത മുനിശ്രേഷ്‌ഠന്മാരോടുകൂടി
ചെന്നവരോരോ മുനിപര്‍ണ്ണശാലകള്‍ കണ്ടാര്‍.
അന്നേരം തലയോടുമെല്ലുകളെല്ലാമോരോ
കുന്നുകള്‍പോലെ കണ്ടു രാഘവന്‍ ചോദ്യംചെയ്താന്‍ഃ
“മര്‍ത്ത്യമസ്തകങ്ങളുമസ്ഥിക്കൂട്ടവുമെല്ലാ-
മത്രൈവ മൂലമെന്തോന്നിത്രയുണ്ടാവാനഹോ!”
തദ്വാക്യം കേട്ടു ചൊന്നാര്‍ താപസജനംഃ”രാമ-
ഭദ്ര! നീ കേള്‍ക്ക മുനിസത്തമന്മാരെക്കൊന്നു
നിര്‍ദ്ദയം രക്ഷോഗണം ഭക്ഷിക്കനിമിത്തമാ-
യിദ്ദേശമസ്ഥിവ്യാപ്തമായ്‌ ചമഞ്ഞിതു നാഥാ!”
ശ്രുത്വാ വൃത്താന്തമിത്ഥം കാരുണ്യപരവശ-
ചിത്തനായോരു പുരുഷോത്തമനരുള്‍ചെയ്തുഃ
“നിഷ്‌ഠൂരതരമായ ദുഷ്ടരാക്ഷസകുല-
മൊട്ടൊഴിയാതെ കൊന്നു നഷ്‌ടമാക്കീടുവന്‍ ഞാന്‍.
ഇഷ്ടാനുരൂപം തപോനിഷ്‌ഠയാ വസിക്ക സ-
ന്തുഷ്ട്യ‍ാ താപസകുലമിഷ്‌ടിയും ചെയ്തു നിത്യം.”

Close