രജോഭിഃ സമസംഖ്യാതാഃ പാര്‍ത്ഥി വൈരിഹ ജന്തവഃ
തേഷാം യേ കേചനേഹന്തേ ശ്രേയോ വൈ മനുജാദയ (6-14-3)
പ്രായോ മുമുക്ഷവസ്തേഷാം കേചനൈവ ദ്വിജോത്തമ
മുമുക്ഷൂണാം സഹസ്രേഷു് കശ്ചിന്മുച്യേത സിധ്യതി (6-14-4)
മുക്താനാമപി സിദ്ധനാം നാരായണപരായണഃ
സുദുര്‍ല്ലഭഃ പ്രശാന്താത്മാ കോടിഷ്വപി മഹാമുനേ (6-14-5)

പരീക്ഷിത്ത്‌ ചോദിച്ചു:

“ജീവികള്‍ അസംഖ്യമുണ്ടെങ്കിലും അവരില്‍ ചുരുക്കം ചിലര്‍ മാത്രമേ സ്വന്തം പരമോന്നതിയെ അന്വേഷിക്കാന്‍ മെനക്കെടുന്നുളളൂ. അവരില്‍ത്തന്നെ കുറച്ചുപേര്‍ മാത്രമേ സംസാരവിമോചനം കാംക്ഷിക്കുന്നുളളൂ. അവരില്‍ ആയിരത്തിലൊരാള്‍ മാത്രമേ പരിപൂര്‍ണ്ണതയെ പ്രാപിക്കുന്നുളളൂ. ഇങ്ങനെ പരമോല്‍കൃഷ്ടപദം പൂകിയവരില്‍പ്പോലും, ഭഗവാന്‍ നാരായണനോടുളള പരിപൂര്‍ണ്ണഭക്തിപ്രഹര്‍ഷത്തിലൊരാള്‍ കഴിയുക എന്നത്‌ തികച്ചും ശ്ലാഘനീയം തന്നെ. പക്ഷേ വൃത്രനെപ്പോലെ പാപിയായ ഒരാളുടെ കാര്യത്തില്‍ അതെങ്ങനെ സംഭവിച്ചു? ഇങ്ങനെ അത്യഗാധമായ ഭഗവല്‍ഭക്തി അയാളിലെങ്ങനെയുണ്ടായി?”

ശുകമുനി മറുപടിയായി പറഞ്ഞു: ഈ ചോദിച്ചതിനുത്തരമായി, വേദവ്യാസനും നാരദനും ദേവലനും എനിക്കു പറഞ്ഞുതന്നിട്ടുളള ഒരു കഥ ഞാന്‍ പറയാം.

ഒരിക്കല്‍ ഒരിടത്ത്‌ ചിത്രകേതു എന്ന പേരായ ഒരു രാജാവ്‌ ശൂരസേനരാജ്യം ഭരിച്ചിരുന്നു. അദ്ദേഹത്തിന്‌ പലേ ഭാര്യമാരുണ്ടായിരുന്നുവെങ്കിലും കുട്ടികളുണ്ടായിരുന്നില്ല. കണക്കിലേറെ ധനവും സുഖസമൃദ്ധിയും ഉണ്ടായിരുന്നുവെങ്കിലും രാജാവിന്‌ മനഃസമാധാനവും സന്തോഷവും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ അംഗിരമഹര്‍ഷി കൊട്ടാരത്തില്‍ വന്നു. രാജാവിന്റെ ക്ഷേമം അന്വേഷിച്ചതിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു. “മാമുനേ, അവിടേക്ക്‌ എല്ലാം അറിയാമല്ലോ. തപഃശക്തികൊണ്ട്‌ മനഃശുദ്ധി വരുത്തിയതുകൊണ്ട്‌ അങ്ങയുടെ ഉള്‍ക്കാഴ്ച തികച്ചും സുവിദിതവുമാണ്‌. ഈ സമ്പത്തും രാജപദവിയും എല്ലാം എനിക്കു സ്വന്തമാണെങ്കിലും അവയെനിക്ക്‌ സന്തോഷം തരുന്നില്ല. എനിക്കൊരു പുത്രഭാഗ്യം ഉണ്ടായിട്ടില്ലിതുവരെ. എന്നെ രക്ഷിച്ചാലും.”

മുനി വേണ്ട യാഗകര്‍മ്മങ്ങള്‍ നടത്തി. യാഗോച്ചിഷ്ടം രാജാവിന്റെ കയ്യില്‍ കൊടുത്തിട്ട്‌ അദ്ദേഹം പറഞ്ഞു. “ഇതു തിന്നുന്നതുകൊണ്ടു മാത്രം അങ്ങയുടെ രാജ്ഞിയില്‍ ഒരു പുത്രനുണ്ടാവും. അവന്‍ നിങ്ങളുടെ അമിതാഹ്ലാദത്തിനും അതീവദുഃഖത്തിനും ഹേതുവായിത്തീരും.” ഈ അനുഗ്രഹത്തിനുശേഷം അധികം താമസിയാതെ രാജ്ഞി പ്രസവിച്ചു. മകന്‍ ഏവരുടേയും കണ്ണിലുണ്ണിയായി വളര്‍ന്നു വന്നു. സകലര്‍ക്കും പ്രിയങ്കരനും, പ്രത്യേകിച്ച്‌ മാതാപിതാക്കളുടെ സന്തോഷവുമായി അവന്‍ വളര്‍ന്നു. പുത്രമാതാവായ രാജ്ഞിയോട്‌ രാജാവിന്‌ പ്രത്യേകിച്ചൊരു മമത ഉടലെടുത്തു. അദ്ദേഹം മറ്റു ഭാര്യമാരെ അവഗണിക്കാനും തുടങ്ങി. അവരാരും പ്രസവിക്കുകയുണ്ടായില്ലല്ലോ.

മറ്റു രാജ്ഞിമാര്‍ക്ക്‌ അസൂയ മൂത്തു. അവസാനം രാജകുമാരന്‌ വിഷം കൊടുക്കുന്നതിലെത്തി കാര്യങ്ങള്‍. കുമാരന്‍ ഏറെസമയം ഉറങ്ങിക്കിടക്കുന്നതറിഞ്ഞ് രാജ്ഞി അവനെ എഴുന്നേല്‍പ്പിച്ചു കൊണ്ടുവരാന്‍ ആയയെ അയച്ചു. രാജകുമാരന്‍ മരിച്ചു കിടക്കുന്നതാണവള്‍ കണ്ടത്‌. അന്തഃപുരത്തിലെ സ്ത്രീകളും രാജാവും മോഹാലസ്യപ്പെട്ടു വീണു. അമ്മയായ രാജ്ഞി മാറത്തടിച്ചു നിലവിളിച്ചു. “അല്ലയോ സൃഷ്ടാവേ, അങ്ങയുടെ സ്വന്തം സൃഷ്ടിയെത്തന്നെ ഇത്രവേഗം നശിപ്പിക്കുവാന്‍ തക്ക വിഡ്ഢിത്തം കാട്ടിയതെന്തു കൊണ്ട്‌? നീ ഞങ്ങളുടെ ശത്രു തന്നെ. ഈ ലോകത്ത്‌ യാതൊരുവിധ വ്യവസ്ഥയുമില്ല. വയസ്സന്‍മാരിരിക്കുമ്പോള്‍ ശിശുക്കള്‍ മരിക്കുന്നു. നിന്റെ ജോലി പൂര്‍ത്തിയാക്കാന്‍ ഞങ്ങളില്‍ മമതയും സ്നേഹവും ഉണ്ടാക്കുന്നു. എന്നിട്ട്‌ യാതൊരു ദയയുമില്ലാതെ ആ സ്നേഹത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.”

കുമാരന്റെ മരണത്തില്‍ ദുഃഖിക്കുന്ന രാജാവിന്റെയടുത്ത്‌ അംഗിരമുനി ആഗതനായി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF